Trending Books

Monday 30 August 2010

ആഴങ്ങള്‍ തേടുന്നവര്‍..


എങ്ങു പോകുന്നൂ നിങ്ങള്‍ പ്രിയരേ?
പുഴക്കടിയിലെ കൊടും തണുപ്പില്‍
സ്വപ്ന ലോകത്തിന്‍ ആഴം അളക്കുവാന്‍?
ചില്ലു കൊട്ടാരങ്ങള്‍,കുപ്പി വിളക്കുകള്‍
ഒഴുകും കിനാവുകള്‍,കാവല്‍ നിലാവുകള്‍
സുന്ദര,മന്ദാര മത്സ്യവിരാഗികള്‍
എല്ലാം കഥയിലെ അസത്യസത്യങ്ങള്‍

സ്ഫടിക മേല്‍നീരിന്നടിയിലാണ് വാസ്തവം
മുത്തുകളില്ലാത്തൊരൂഷര ചിപ്പികള്‍
തന്നിലേക്കാഴ്ത്തി  സ്നേഹിക്കും കരിഞ്ചെളിക്കയങ്ങള്‍
ചുറ്റി വരിഞ്ഞു കരകാട്ടാതെ പുല്‍കും
കാട്ടുവള്ളി കിഴവന്റെ കയ്യുകള്‍

ഞങ്ങളെ വിട്ടെങ്ങു പോകുന്നു പ്രിയരേ
തണുത്തുറഞ്ഞ ആഴങ്ങളില്‍ എന്തുകാണുവാന്‍?
ചെറുവലക്കണ്ണിയില്‍ കുരുങ്ങി മരിയ്ക്കും 
മത്സ്യ സ്വപ്നത്തിന്‍ നിറങ്ങള്‍ പകുക്കുവാന്‍
എന്നും മരിക്കുന്ന പുഴയെ കാണുവാന്‍
ഇതിലേതാണ് നിങ്ങളെ കൊണ്ടുപോകുന്നത്
ഇതിലെന്താണ് നിങ്ങള്‍ക്ക്  കാണുവാനുള്ളത്
എന്റെ മക്കളെ...
ഞങ്ങളെ ഉപേക്ഷിച്ചു എങ്ങു പോകുന്നു
ആഴങ്ങളിലേക്ക് നിങ്ങള്‍ എന്തിനു പോകുന്നു?

14 comments:

Junaiths said...

കുണ്ടള ഡാമില്‍ മുങ്ങി മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍....

nirbhagyavathy said...

സമയ രഥങ്ങളില്‍ മരണം.
ആഴങ്ങളില്‍ എന്തെല്ലാമാണെന്ന്
ആര് കണ്ടു?
കവിതയ്ക്ക് സാമകാലിക
കാഴ്ചകള്‍.
നാന്നായിരിക്കുന്നു

പട്ടേപ്പാടം റാംജി said...

ആഴങ്ങളിലേക്ക്‌....
ആദരാഞ്ജലികള്‍.

Anil cheleri kumaran said...

എങ്ങു പോകുന്നുആഴങ്ങളിലേക്ക് നിങ്ങള്‍ എന്തിനു പോകുന്നു?
:(

Manoraj said...

അകലെയാഴങ്ങളില്‍ , പവിഴവും മുത്തും മരതകവുമായി , ഞങ്ങളെ നോക്കി കണ്ണുച്ചിമ്മുന്നവരെ നിങ്ങള്‍ക്ക് എന്റെയും പ്രണാമം.

ജുനൈദ് കവിത മനോഹരമായി. നാട്ടില്‍ നിന്നും തിരികെയെത്തി വീണ്ടും ബൂലോകത്ത് സജീവമായല്ലോ.. സന്തോഷം..

Kalam said...

ആഴങ്ങളുള്ള കവിത..
ആശംസകള്‍ !

K@nn(())raan*خلي ولي said...

മരണത്തിന്റെ ആഴം മണപ്പിക്കുന്ന വരികള്‍..!

(ഡാമില്‍ മുങ്ങി മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍)

Kalavallabhan said...

രണ്ട് പോസ്റ്റുകൾക്കിടയിലുള്ള ഗ്യാപ് വളരെക്കൂടുതൽ.
കവിത കൊള്ളാം.

ശില്പാ മേനോന്‍ said...

മത്സ്യ സ്വപ്നത്തിൻ ഇഴകൾ പകുക്കുവാൻ
എന്നും മരിക്കുന്ന പുഴയെക്കാണുവാൻ..

ആശൻസകൾ..

മുകിൽ said...

നന്നായിരിക്കുന്നു.

പ്രയാണ്‍ said...

ഇതിലെന്താണ് നിങ്ങള്‍ക്ക് കാണുവാനുള്ളത്............
ആവില്ല........... കണ്ടുമടുത്ത കാഴ്ച്ചകളില്‍നിന്നും രക്ഷതേടിയാവും അവര്‍ പോയത്...........നന്നായി.

Akbar said...

ചില്ലു കൊട്ടാരങ്ങള്‍,കുപ്പി വിളക്കുകള്‍
ഒഴുകും കിനാവുകള്‍,കാവല്‍ നിലാവുകള്‍
സുന്ദര,മന്ദാര മത്സ്യവിരാഗികള്‍
എല്ലാം കഥയിലെ അസത്യസത്യങ്ങള്‍

ഒടുവില്‍ മരണമെന്ന നിത്യ സത്ത്യത്തിലേക്ക്. മനസ്സിനെ നൊമ്പരപ്പെടുത്തിയ പ്രമേയം. നല്ല വരികളിലൂടെ.

സന്തോഷ്‌ പല്ലശ്ശന said...

ഈ വഴിക്കൊക്കെ ഇറങ്ങിയിട്ട് കാലം കൊറേ ആയി... കണ്ണെത്തുന്നിടത്തൊന്നും കാലെത്ത്ണില്ല്യാ... ന്നായി.. വയസ്സായില്ലേഷ്ടാ......

ഇബ്‌ടെ വന്നപ്പോ പുഴേടെ ആഴത്തില് എന്തെടക്കാന്‍ പോയതാ ചെറുക്കാ...

സന്തോഷ്‌ പല്ലശ്ശന said...

mic testing...