Trending Books

Monday, 29 November 2021

CHURULI: AN LJP MOVIE - END SCENE EXPLANATION

 



https://www.youtube.com/watch?v=TMzAMiBQs2o

വിനോയ് തോമസിന്റെ കളിഗമിനാറിലെ കുറ്റവാളികൾ എന്ന കഥയെ ആസ്പദമാക്കി, എസ്. ഹരീഷിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന സിനിമ ഒറ്റിറ്റി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത് മിക്കവരും ഇതിനോടകം കണ്ടുകാണുമല്ലോ. കഥയെപ്പറ്റി ട്രെയിലർ ഇറങ്ങിയ സമയത്ത് ഒരു വീഡിയോ ചെയ്തിരുന്നതുകൊണ്ട് ഇപ്പോൾ ഒന്നും പറയുന്നില്ല. ഇതിന്റെ മേക്കിങ്ങിനെപ്പറ്റിയും യാതൊന്നും പറയേണ്ടതില്ല. അത്രയ്ക്കും മനോഹരമായ നിർമ്മിതി.

വിനോയ് തോമസിന്റെ കഥ ഹരീഷിന്റെ തിരക്കഥയിലൂടെ ലിജോയുടെ സിനിമയാകുമ്പോൾ അധികമായി കയറിക്കൂടിയിരിക്കുന്നത് നല്ല പച്ചത്തെറിയും, സയൻസ് ഫിക്ഷനുമാണ്. മലയാളികളുടെ ഹിപോക്രസിയാണ് ആ പാലത്തിനപ്പുറം. സിനിമയിലെ തെറിയെ തെറികൊണ്ട് തന്നെ മലയാളികൾ സോഷ്യൽ മീഡിയയിൽ നിറക്കുന്നു. അതവിടെത്തന്നെ നിൽക്കട്ടെ,

 ഇതിലെ ടൈം ലൂപ്പിനെ കുറിച്ച് പറയാം. ഫിസിക്സിലെ എല്ലാ കുരുത്തക്കേടിനും കുറ്റം പറയാവുന്ന് ഐസക് ന്യൂട്ടൻ തന്നെയാണ് ഇതിന്റെ പുറകിലും. ഐൻസ്റ്റീനിന്റെ തിയറി ഓഫ് ജനറൽ റിലേറ്റിവിറ്റി തന്നെ സംഭവം, സ്പേസിന്റെ മൂന്ന് ഡയമൻഷനുകളുടെ കൂടെ സമയത്തിന്റെ ഒരു ഡയമൻഷനും ചേർന്ന് ഒരു സ്പേസ് ടൈമിന്റെ തുടർച്ചയുണ്ടാക്കുന്നു, ഗുരുത്വാകർഷണത്തിന് ഈ സ്പേസ് ടൈമിനെ ബെന്ഡ് ചെയ്യാൻ സാധിക്കുന്നു. ഇതിനെ വികർഷിച്ച് കടക്കുമ്പോൾ ടിപ്ലർ സിലിണ്ടർ പോലൊരു ടൈം മഷീനിൽ കൂടി പോയാൽ ഒരു കണികക്ക് അതിന്റെ തുടക്കത്തിലേക്ക് എത്തിച്ചേരാൻ സാധിക്കും. അപ്പോ പറഞ്ഞുവരുന്നത് ഇതിലെ ടൈം മഷീനാണ് നമ്മുടെ ജീപ്പ്. അതിങ്ങനെ തുടങ്ങിയേടത്ത് തന്നെ എത്താൻ വേണ്ടി ചുമ്മാ ഒരു പോക്ക്, മയിലാടും പാറ ജോയി തളർച്ചയൊക്കെ മാറി ശറെപറേന്ന് ചാടിയെണീക്കുന്നതൊക്കെ നമ്മൾ കാണുന്നുണ്ടല്ലോ. അങ്ങനെ പിന്നേം വരും ആന്റണി സാറും ഷാജീവനും മറ്റും മറ്റും...

 

2666: Roberto Bolano

 



https://www.youtube.com/watch?v=URjvJ17DZVA

2666

റോബർട്ടോ ബൊലാനോയുടെ അവസാന നോവലാണ് 2666. അദ്ദേഹത്തിന്റെ മരണാനന്തരം 2004ൽ സ്പാനിഷ് ഭാഷയിലാണ് ഈ ബൃഹത് നോവൽ പ്രസിദ്ധീകരിച്ചത്. 2008ൽ നടാഷാ വിൽമർ ഇത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തു.

സ്വപ്നവും യാഥാർത്ഥ്യവും ഇടകലർത്തി എഴുതിയിരിക്കുന്ന ഈ നോവലിന് 2666 എന്ന തലക്കെട്ട് എന്തുകൊണ്ട് നൽകിയെന്ന് ബൊലാനോയ്ക്ക് മാത്രമേ പറയാൻ സാധിക്കൂ. അൺഫോർചുനേറ്റ്ലി അദ്ദേഹം കരളിനെ ബാധിച്ച ക്യാൻസർ മൂലം 2003ൽ മരണപ്പെട്ടു. ലോകാവസാനത്തിനോട് ബന്ധപ്പെട്ട രഹസ്യാത്മകമായ അർത്ഥമാണ് ഈ ടൈറ്റിൽ നൽകുന്നതെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ സൌത്ത് അമേരിക്കൻ ബ്യൂറോ ചീഫ് ആയിരുന്ന ലാറി റോത്തറിന്റെ അഭിപ്രായം.

അമേരിക്കൻ മെക്സിക്കൻ അതിർത്തിയിലുള്ള ഫാക്ടറികളിൽ ചെറിയ കൂലിക്ക് പണിചെയ്യുന്ന സ്ത്രീകളുടെ ഭീകരവും നിഗൂഢവുമായ കൊലപാതങ്ങളെ ചുറ്റിപ്പറ്റിയാണ് അഞ്ച് ഭാഗങ്ങളുള്ള നോവൽ വികസിക്കുന്നത്.

ഭാഗം 1: നിരൂപകർ

വർഷങ്ങൾക്കുമുൻപ് അപ്രത്യക്ഷനായത് എന്നു സംശയിക്കുന്ന എഴുത്തുകാരൻ ബെന്നൊ വോൻ ആർകിംബോൾഡിയെ തിരക്കി മെക്സിക്കോയിലേക്ക് വരുന്ന നാല് യുവ നിരൂപകരെക്കുറിച്ചാണ് ഒന്നാം ഭാഗത്തിൽ. ഫ്രഞ്ചുകാരനും പാരീസിലെ ഒരു സർവ്വകലാശാലയിൽ  ജർമ്മൻ പ്രൊഫസറുമായ ജീൻ ക്ലോഡ് പെല്ലിറ്റർ, ഇറ്റാലിക്കാരനും വിവർത്തകനും ടൂറിൻ സർവ്വകലാശാലയിലെ ജർമ്മൻ സാഹിത്യ അദ്ധ്യാപകനും വികലാംഗനുമായ പിയറോ മോറിനി, ജർമ്മൻ സാഹിത്യത്തിൽ ഡോക്ടറെറ്റ് നേടിയിട്ടുള്ളതും സർവ്വകലാശാല അദ്ധ്യാപകനുമായ സ്പാനിഷുകാരൻ മനുവേൽ എസ്പിനോസയും ഇംഗ്ലീഷുകാരിയും ജർമ്മൻ സാഹിത്യത്തിൽ തല്പരയുമായ ലിസ് നോർട്ടനും. ഇവർ നാലുപേരും കണ്ടമ്പററി ജർമ്മൻ സാഹിത്യത്തെക്കുറിച്ചുള്ള ഒരു കോൺഫറൻസിൽ പങ്കെടുത്തപ്പോൾ പരസ്പരം കാണുകയും സുഹൃത്തുക്കളാകുകയുമായിരുന്നു. ഇവരെ ഒരുമിപ്പിച്ചതും ആർകിംബോൾഡി സാഹിത്യം തന്നെയായിരുന്നു. ഈ താൽപര്യമാണ്, വായനക്കാർക്ക് കാര്യമായി പിടികൊടുക്കാത്ത, ആർകിംബോൾഡിയെത്തിരക്കി അവരെ മെക്സിക്കോയിൽ എത്തിച്ചത്. അവിടെയവർ ആർക്കിംബോൾഡിയുടെ പബ്ലീഷർ മിസ്സിസ് ബൂബിസിനെക്കുറിച്ച് അറിയുന്നു.

  അവരുടെ ഒരു സുഹൃത്തിന്റെ സുഹൃത്തിന് എഴുത്തുകാരനെ പരിചയമുണ്ടെന്നും അതിർത്തി ഗ്രാമമായ സാന്റാ തെരേസയിലേക്ക് ആ ജർമ്മൻ എഴുത്തുകാരൻ വരുന്നുണ്ടെന്നും അറിഞ്ഞ് അവർ അങ്ങോട്ടേക്ക് പോയെങ്കിലും ആർക്കിംബോൾഡിയെ കാണാൻ സാധിക്കുന്നില്ല.

ഇതിന്നിടയിൽ ലിസ് നോർട്ടനോട് ബാക്കിയുള്ളവർക്ക് തോന്നുന്ന പ്രണയവും താല്പര്യവും ഒന്നാം ഭാഗത്ത് കടന്നുവരുന്നുണ്ട്.

ഭാഗം 2: അമാൽഫിറ്റാനോ

രണ്ടാം ഭാഗത്തിലേക്കെത്തുമ്പോൾ സാന്റാ തെരേസ യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പ്രൊഫസറായി എത്തുന്ന ചിലിയൻ വംശജനായ ഓസ്കാർ അമാൽഫിറ്റാനോയുടേയും മകൾ റോസയുടെയും കഥയാണ്. റോസക്ക് രണ്ട് വയസ്സുതികയും മുൻപ് അവരെ ഉപേക്ഷിച്ച്, മോൻഡ്രാഗോൺ മനോരോഗാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു കവിയെ കാണാൻ വീടുവിട്ടുപോയ ഭാര്യ ലോലയുടെ ഓർമകളിലൂടെ പ്രൊഫസർ കടന്നുപോകുന്നു. സാന്റാ തെരേസയിൽ നടക്കുന്ന ക്രൂരമായ ബലാത്സംഗ കൊലപാതകങ്ങളിൽ മകൾ റോസയും ഇരയാകുമോയെന്ന ഭയം അമാൽഫിറ്റാനോയെ അലട്ടുന്നുണ്ട്.

 

ഭാഗം 3: വിധിയും ഒസ്കാർ ഫേറ്റും

 പത്ര സ്ഥാപനത്തിൽ ഓസ്കാർ ഫേറ്റ് എന്ന് വിളിക്കപ്പെടുന്ന കറുത്ത വംശജൻ ക്വിൻസി വില്യംസ്, സാന്റാ തെരേസയിൽ ഒരു ബോക്സിങ്ങ് മത്സരം റിപ്പോർട്ട് ചെയ്യാൻ വരുന്നതാണ് മൂന്നാം ഭാഗത്തിൽ.

ഡീട്രോയിറ്റിൽ ബോബ് സീമാൻ എന്നയാളുമായുള്ള അഭിമുഖം പൂർത്തിയാക്കിയതിനുശേഷം ഒരു മോട്ടലിൽ വിശ്രമിക്കുന്ന ഓസ്കാർ ഫേറ്റ് സാന്റാ തെരേസയിൽ നടക്കുന്ന കൊലപാതകങ്ങളുടെ വാർത്ത ടിവിയിൽ കേൾക്കുന്നുണ്ട്. അവിടെവച്ചാണ് മാസികയുടെ സ്പോർട്ട്സ് എഡിറ്റർ ഫേറ്റിനെ വിളിക്കുന്നതും ഈ മൽസരം റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും. സ്പോർട്ട്സ് വിഭാഗം, മാസികയിലെ മറ്റ് റിപ്പോർട്ടിങ്ങ് വിഭാഗങ്ങളേക്കാൾ കൂടുതൽ യാത്രാബത്ത നൽകുമെന്നുള്ള എഡിറ്ററുടെ പ്രലോഭനവും ഫേറ്റിനെ മത്സരം റിപ്പോർട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നു.

ബ്ലാക് ഡോൺ മാസികയുടെ ബോക്സിങ്ങ് റിപ്പോർട്ടർ ജിമ്മി ലോവൽ കൊല്ലപ്പെട്ടതിനാൽ പകരക്കാരനായാണ്, ആഫ്രിക്കൻ-അമേരിക്കൻ സമൂഹത്തിൽ നടക്കുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് എഴുതുന്ന പൊളിറ്റിക്കൽ റിപ്പോർട്ടറായ ഫേറ്റ് അമേരിക്കക്കാരനായ കൌണ്ട് പിക്കറ്റും എൽ മെറോലിനോ ഫെർണാണ്ടസും തമ്മിലുള്ള ബോക്സിങ്ങ് മത്സരം റിപ്പോർട്ട് ചെയ്യാൻ സാന്റാ തെരേസയിൽ എത്തുന്നത്. അയാൾക്ക് തീരെ താല്പര്യമില്ലാത്ത മേഖലയായിരുന്നു സ്പോർട്ട്സ് റിപ്പോർട്ടിങ്ങ്. ബോക്സിങ്ങ് ഒട്ടും അറിഞ്ഞുകൂടാത്ത കായികവിനോദവും.

മത്സരത്തിനു മുൻപ് കൌണ്ട് പിക്കറ്റുമായുള്ള പത്രപ്രവർത്തകരുടെ സംഭാഷണത്തിൽ റാൽഫ് എന്ന അമേരിക്കൻ പത്രപ്രവർത്തകൻ, അമേരിക്കനായ കൌണ്ട് പിക്കറ്റ് മെക്സിക്കോയിൽ മത്സരിക്കാൻ വരുന്നതിനെപ്പറ്റിയുള്ള രാഷ്ട്രീയശരികേടിനെ കുറിച്ച് ചോദിക്കുന്നുണ്ടെങ്കിലും, ബോക്സിങ്ങ് ഒരു കായികവിനോദമാണ് അതിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല എന്ന് അയാളുടെ മാനേജർ സോൾ മറുപടി നൽകിയൊഴിയുന്നുണ്ട്. അവിടെവച്ചാണ് സ്ത്രീകളാരും അവരുടെ കൂടെയില്ലല്ലോ എന്ന് മറ്റൊരു പത്രപ്രവർത്തകൻ ചോദിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് ഫേറ്റ് ചോദിക്കുമ്പോളാണ് ചൂചോ ഫ്ലോറസ് എന്ന മെക്സിക്കൻ പത്രപ്രവർത്തകൻ സാന്റാ തെരേസയിൽ നടക്കുന്ന കൊലപാതക പരമ്പരകളെക്കുറിച്ച് ഫേറ്റിനോട് പറയുന്നത്. 200ലധികം സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നും, പലരും നീണ്ട മുടിയുള്ളവരും, അതിർത്തിയിലെ ചെറിയ ഫാക്ടറികളിൽ ചെറിയ വേതനത്തിനു പണിയെടുക്കുന്നവരാണെന്നും ചൂചോയിൽ നിന്നും ഫേറ്റ് അറിയുന്നു. അതെല്ലാം ഒരാൾ തന്നെയാണോ ചെയ്തതെന്ന് ഫേറ്റ് അൽഭുതപ്പെടുന്നു. തിരികെ ഹോട്ടലിൽ ചെല്ലുമ്പോൾ അവിടെ ഈ കൊലപാതക പരമ്പരയെപ്പറ്റി അന്വേഷിക്കുന്ന ഗ്വാഡാലൂപെ റോങ്കൽ എന്നൊരു പത്രപ്രവർത്തകയെ പരിചയപ്പെടുന്നതോഉകൂടി  ഈ കൊലപാതക പരമ്പരകളെപ്പറ്റി ഒരു ഫീച്ചർ ചെയ്യണമെന്ന ആഗ്രഹം ഫേറ്റ് തന്റെ എഡിറ്ററെ അറിയിക്കുന്നു. സ്പോർട്ട്സ് എഡിറ്റർ നൽകിയ പണിതീർത്തിട്ട് പെട്ടെന്ന് തിർച്ച് ചെല്ലാനായിരുന്നു എഡിറ്ററുടെ മറുപടി.

ആ മത്സരത്തിനിടയിൽ ഫേറ്റ് റോസ അമാൽഫിറ്റാനോയെ പരിചയപ്പെടുകയും സുഹൃത്താവുകയും ചെയ്യുന്നു. പിന്നീട് റോസയുടെ പിതാവ് അമാൽഫിറ്റാനോയുടെ ആവശ്യപ്രകാരം ഫേറ്റ് റോസയെ മെക്സിക്കൻ അതിർത്തി കടക്കാൻ സഹായിക്കുന്നു.

 

ഭാഗം 4: ക്രൈം

2666ലെ ഏറ്റവും ഇരുണ്ട ഭാഗമാണ് ഇത്. ഈ ഭാഗത്തിലാണ് കൊടും ഹത്യകളുടെ പച്ചയായ വിവരണം. ഫോറൻസിക് പ്രൊസീജ്യർ പോലെ ബലാത്സംഗങ്ങളുടേയും, കൊലപാതകങ്ങളുടേയും കൃത്യമായ രേഖപ്പെടുത്തലുകൾ ഈ ഭാഗത്ത് വായിക്കാം. മറ്റു ഭാഗങ്ങൾ ഇതുമായി ചേർക്കപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നും. 1993 മുതൽ പലവർഷങ്ങളായി സ്യൂഡാഡ് ഹുവാരിസ് എന്ന മെക്സിക്കൻ പട്ടണത്തിൽ നടന്ന നാനൂറോളം കൊലപാതകങ്ങളിൽ നിന്നാണ് ബൊലാനോ ഈ നോവലിന്റെ ഇതിവൃത്തം കണ്ടെത്തിയതെന്ന് പറയുന്നു. സ്യൂഡാഡ് ഹുവാരിസ് നോവലിൽ സാന്റാ തെരേസാ എന്ന ഫിക്ഷണൽ സ്ഥലമാകുന്നു. 2666ൽ 1993-1997 വരെ നടന്ന 112 കൊലപാതകങ്ങളെപ്പറ്റിയാണ് വിവരിക്കുന്നത്. അന്വേഷണം നടത്തുന്ന ഡിക്ടറ്റീവ് ഓഫീസർമാരേയും. കൊലപാതകത്തിന് അറസ്റ്റിലായ ഭീമാകാരനായ ജർമ്മൻകാരൻ ക്ലോസ് ഹാസ്സിനേയും അറിയുന്നു.

ആറ് പത്രപ്രവർത്തകർ മാത്രം പങ്കെടുത്ത ഒരു പത്ര സമ്മേളനത്തിൽ ഹാസ്സ് ഈ കൊല്പാതങ്ങൾ ചെയ്തത് താനല്ല എന്നും, അവിടുത്തെ പ്രമുഖരായ യുറീബെ ഫാമിലിയിലെ അന്റോണിയോ യുറീബെ ആണെന്നും, മൃതദേഹങ്ങൾ മരുഭൂമിയിലും മറ്റും ഉപേക്ഷിക്കാൻ സഹായിച്ച ഇളയ യുറീബെ ഡാനിയൽ പിന്നീട് ബലാത്സംഗത്തിലും കൊലപാതകങ്ങളിലും ചേട്ടന്റെ കൂടെക്കൂടാൻ തുടങ്ങിയെന്നും വെളിപ്പെടുത്തുന്നു. എന്നാൽ വെളിപ്പെടുത്തൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയില്ല.

ഡാനിയൽ യൂറീബെയെ ഇന്റർവ്യൂ ചെയ്ത ലെ റാസ പത്രത്തിലെ ഹെർനാണ്ടെസ് മർകാടോ എന്നയാളെ കാണാതാകുന്നു, ആ തിരോധാനം അന്വെഷിക്കാൻ മേരി സ്യൂ ബ്രാവൊ എന്നൊരു പത്രപ്രവർത്തക ശ്രമിക്കുന്നുവെങ്കിലും പൊലീസിന്റേയോ സ്വന്തം സ്ഥാപനത്തിന്റെയോ പിന്തുണ ലഭിക്കുന്നില്ല.

 

ഭാഗം 5: ആർക്കിംബോൾഡി

ഒന്നാം ഭാഗത്ത് പറഞ്ഞുപോകുന്ന ആർക്കിംബോൾഡി എന്ന എഴുത്തുകാരനെക്കുറിച്ച് ഈ ഭാഗത്ത് കൂടുതൽ പറയുന്നു. ഒരു കണ്ണിൽ കാഴ്ച്ചയില്ലാത്ത അമ്മയുടേയും, ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത് ഒരു കാൽ നഷ്ടപ്പെട്ട പിതാവിന്റേയും മകനായി 1920ൽ ജനിച്ച ഹാൻസ് റെയ്റ്റർ ആണ് ആർക്കിംബോൾഡി എന്ന തൂലികാനാമത്തിൽ എഴുതുന്നത്.  

പ്രായത്തിലധികം ഉയരമുണ്ടായിരുന്ന ഹാൻസ് നാലാം വയസ്സിൽ തന്നെ നീന്താൻ പഠിക്കുകയും, സ്കൂളിൽ നിന്നും മോഷ്ടിച്ച കടൽപ്പായലുകളെക്കുറിച്ചുള്ള പുസ്തകം വായിച്ച് അതിനോടുള്ള ഇഷ്ടത്തിൽ പായലുകളെക്കുറിച്ച് പഠിക്കുകയും അവയെ കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്ന തരത്തിൽ ധാരണ കൈവരിക്കുകയും ചെയ്തു.

13ആം വയസ്സിൽ പഠനം നിർത്തുകയും, പിന്നീട് അമ്മയോടൊപ്പം വോൺ സൂമ്പെ ഇടപ്രഭുവിന്റെ കൊട്ടാരത്തിലെ പണിക്കാരനാവുകയും, അവിടെവച്ച് പ്രഭുവിന്റെ അനന്തരവൻ ഹ്യൂഗോ ഹാൽഡറുമായി ചങ്ങാത്തത്തിലാകുന്നു. ഹാൽഡർ പിന്നീട് ജർമ്മൻ സാഹിത്യത്തിലേക്ക് റെയ്റ്ററെ നയിക്കുകയും ചെയ്യുന്നു. അവിടെവച്ചാണ് പ്രഭുവിന്റെ മകളെ റെയ്റ്റർ പരിചയപ്പെടുന്നതും. ഇവർ പിന്നീട് വോൺ സൂമ്പെ പ്രഭ്വിയും, പ്രസാധകനായ ജേക്കബ് ബൂബിസിനെ വിവാഹം കഴിച്ചശേഷം മിസ്സിസ് ബൂബിസ് എന്ന പേരിൽ ആർക്കിംബോൾഡിയുടെ പ്രസാധകയുമാകുന്നു.

വോൺ സൂമ്പെ പ്രഭു ഗ്രാമത്തിലെ താമസം മതിയാക്കുമ്പോൾ ചെറുപ്പക്കാരനായ ഹാൻസ് റെയ്റ്റർ ജോലി അന്വേഷിച്ച് ബെർലിനിലേക്ക് പോകുന്നു. പിന്നീട് പട്ടാളത്തിൽ ചേരുകയും, രണ്ടാം ലോക മഹായുദ്ധകാലത്ത് കിഴക്കൻ പ്രവിശ്യയിൽ യുദ്ധത്തിൽ ഏർപ്പെടുകയും അവിടെ വച്ച് യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട് ഒരു ക്യാമ്പിൽ തടവുകാരനായി കഴിയുന്നു. ആ സമയത്ത് ഹാൻസ് റെയ്റ്റർ, നിരവധി ജൂതന്മാരെ കൊന്നൊടുക്കിയ സാമ്മർ എന്ന ജർമ്മൻ സൈനിക ഓഫീസറെ വധിക്കുകയും, ക്യാമ്പിൽ നിന്നും രക്ഷപെടുകയും ചെയ്യുന്നു.

യുദ്ധാനന്തരം, സാമ്മറുടെ കൊലപാതകത്തിൽ പിടിക്കപ്പെടാതിരിക്കാൻ, ജർമ്മനിയിലെ കൊളോണിൽ ബെന്നോ വോൺ ആർക്കിംബോൾഡി എന്ന കള്ളപ്പേരിൽ താ‍മസമാരംഭിച്ച സമയത്താണ് റെയ്റ്ററുടെ സാഹിത്യജീവിതം ആരംഭിക്കുന്നത്. പിന്നീട് ആ പേരിൽതന്നെ ഹാൻസ് റെയ്റ്റർ എഴുത്ത് തുടർന്നു.

ഭാര്യ ഇയൻബോർഗുമായുള്ള ബന്ധവും ഈ ഭാഗത്ത് പ്രതിപാദിക്കുന്നുണ്ട്. അവർ അസുഖബാധിതയായി മരിക്കുന്നതും, അതിനുശേഷം എല്ലാവരോടുമുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് മെഡിറ്ററേനിയൻ പ്രദേശങ്ങളിലൂടെ അലഞ്ഞുതിരിയുകയും ചെയ്യുന്നു. അപ്പോഴും പുസ്തകങ്ങൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്.

ഇതിന്നിടയിൽ തന്റെ സഹോദരി ലോട്ടിയാൽ കണ്ടെത്തപ്പെടുകയും, ലോട്ടി, തന്റെ മകനും സാന്റാ തെരേസ ജയിലിൽ കൊലപാതകക്കുറ്റത്തിൽ കഴിയുന്ന ക്ലോസ് ഹാസിനെ രക്ഷിക്കാൻ സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നു. അങ്ങനെ മെക്സിക്കോയിലെ സാന്റാ തെരേസയിലേക്ക് പോകാൻ ഒരുങ്ങുന്ന ആർക്കിംബോൾഡിയിൽ നോവൽ ആക്സ്മികമായി/അപൂർണ്ണമായി അവസാനിക്കുന്നു.

ഹാസ്സിനെ സഹായിക്കാൻ ആർക്കിംബോൾഡിക്ക് സാധിക്കുമോ, ആദ്യ ഭാഗത്ത് ആർക്കിംബോൾഡിയെ കണ്ടെത്താൻ ശ്രമിക്കുന്ന ജർമ്മൻ സാഹിത്യകുതുകികൾക്ക്/നിരൂപകർക്ക് അദ്ദേഹവുമായി കണ്ടുമുട്ടാനുള്ള സാധ്യതയുണ്ടോ എന്നൊക്കെ പറയാൻ ബൊലാനോ നമ്മുടെ കൂടെയില്ല.

ഈ നോവൽ എന്തെല്ലാം പറയുന്നു എന്നതിനേക്കാളും എന്തെല്ലാം പറയുന്നില്ല എന്നാവും ശരി. പ്രണയത്തെ, രഹസ്യ ചരിത്രത്തെ, ഫാഷിസത്തെ, മരണത്തെ, ജീവിതത്തെ, ഭ്രാന്തിനെ, പൂക്കളെ, ചെടികളെ, കുറ്റകൃത്യങ്ങളെ, സാമൂഹിക അകലങ്ങളെ, സമൂഹത്തിലെ നന്മകളെ, തിന്മകളെ എന്നുവേണ്ട ഈ ലോകത്തെ സകലതിനേയും ബൊലാനോയുടെ തനതായ രീതിയിൽ അതിബൃഹത്തായി വിവരിക്കുന്നു 2666 എന്ന ഈ നോവലിൽ.