Trending Books

Thursday, 23 February 2017

ഇലപ്രാണികൾ

ഇലപ്രാണികൾ

ഞരമ്പുകളിൽ
നമ്മുടെ പേരുകളെഴുതിയ രണ്ടിലകൾ
ഒരു ഇലപ്രാണിയുടെ
ചിറകുകളായി പുനർജ്ജനിക്കുന്നു
മരക്കൂട്ടത്തിലേക്ക്
ഇഴഞ്ഞുകയറുന്ന അതിനെ
മടിയാ, മടിയായെന്ന് കളിയാക്കരുതേ
ചിറകു വിടർത്തിപ്പറന്നാൽ
നമ്മളകന്നുപോകുമെന്ന് പേടിച്ച്
ചേർത്തുപിടിക്കുന്നതാണ്
നമ്മളെ ചേർത്തുവയ്ക്കുന്നതാണ്

Tuesday, 14 February 2017

ശലഭപ്പേടി

ശലഭപ്പേടി
എന്നെത്തന്നെ സൂക്ഷിച്ചുനോക്കുന്ന കടും ധൂമ്രവർണ്ണമുള്ള ചിത്രശലഭമേ, നിശാഗന്ധിപ്പൂക്കളുടെ വെളുത്തമതിലിൽ ചേർന്നിരിക്കുമ്പോൾ, പൂമ്പൊടിക്കസവിന്റെ സ്വർണ്ണത്തിളക്കത്തിൽ നിന്നെ ഞാൻ തിരിച്ചറിയുന്നു.. പറന്നുപോകരുതേയെന്ന് പറയാൻ പേടിച്ച്, പുറത്തിറങ്ങാൻ ഭയപ്പെട്ട് ഇരുട്ടിനെത്തന്നെ നോക്കിയിരിക്കുന്നു ഞാൻ.....

നിലാവ്, നക്ഷത്രം, ആകാശം എന്നിങ്ങനെ...

നിലാവ്, നക്ഷത്രം, ആകാശം എന്നിങ്ങനെ...

രാത്രിയെ വെട്ടിത്തുന്നിത്തയ്ച്ച
നിന്റെ ഉടുപുടവകളിലാകെ
പടർന്നുകിടക്കുന്നു, 
ആരും കാണാതെ നമ്മളൊളിപ്പിച്ച
നിലാവും, നക്ഷത്രങ്ങളും

നീയെപ്പോൾ തിരിച്ചെത്തുമെന്ന്
ഓർത്തോർത്തിരിക്കുമ്പോൾ
എന്റെ നിലാവേ,
എന്റെ നക്ഷത്രമേയെന്ന്
വെറുതേ ഗൃഹാതുരപ്പെടുന്നു
ഞാനെന്നയാകാശം

ഖനി തൊഴിലാളികൾ

ഖനി തൊഴിലാളികൾ
ത്ജാർഘണ്ടിലെ ഖനിയിൽ നിന്നും
കറുത്തുപോയ ധോത്തി ധരിച്ച
ജമുനാ ബായും
വയോമിങ്ങിലെ* ഖനിയിൽ നിന്ന്
നരച്ചു കീറിയ ജീൻസ് ധരിച്ച
ജിം ഫുള്ളറും
അവരുടെ ഭരണാധികരികളെക്കുറിച്ച്
ഒന്നും പറഞ്ഞു കേൾക്കുന്നില്ല
ഖനികളിൽ കൽക്കരിയല്ലാതെ
രാഷ്ട്രീയമില്ലത്രെ, മനുഷ്യരും!!
*വയോമിങ്ങ് - ഏറ്റവുമധികം കൽക്കരി ഉല്പാദിപ്പിക്കുന്ന അമേരിക്കൻ സംസ്ഥാനം.

കാണാതായവർ

കാണാതായവർ

നജീബേ, നിന്റെ പേരുള്ളൊരാളെ
കാണാതായിരിക്കുന്നു,
വർഗ്ഗീസേ, നിന്റെ പേരിലും,
രാജാ, നിന്റെ പേരിലുമുണ്ട്
കാണാതെ പോയവർ

അവർ മതസൌഹാർദ്ദ
സമ്മേളനത്തിനായി
ഗോവയിൽപ്പോയി
ഊരുചുറ്റുകയാണെന്ന് മന്ത്രി

ശരിയാണ്, ശരിയാണ്
അർദ്ധനഗ്നമായ വിദേശ
സൌന്ദര്യത്തോടൊപ്പം, ഫെനിയും മോന്തി
ഡോളർ ചുരുട്ടി, ചരസ്സ് വലിച്ചുകേറ്റി
കോൾവാ ബീച്ചിൽ ചാരിക്കിടക്കുന്നത്
കണ്ടെന്നൊരു റിപ്പോർട്ടർ..

നജീവിനെ ഇപ്പോഴാ സാറേ കാ....

പ്ഫാ പന്നപ്പരട്ടത്തള്ളേ ...
നിനക്കുമാത്രമേയുള്ളല്ലോ പരാതിയെന്നൊരു
പോലീസ് ബൂട്ട്സ് അടിവയറിന്റെ അളവെടുക്കുമ്പോൾ
എന്റെ കുഞ്ഞെവിടെ, എന്റെ കുഞ്ഞെവിടേ-
യെന്നാ ഗർഭപാത്രം കരയുന്നു

ദേ, ഇതിവിടം കൊണ്ടു തീർന്നു,
അവിടെയാ പ്രിൻസിപ്പൽ 
പൊരിച്ചെടുക്കുന്നെടാ ഉവ്വേ,
നമ്മുക്കങ്ങോട്ട് ചലിക്കാമെന്ന്
വാർത്താച്ചാനൽ കുടമടക്കുന്നു...