Trending Books

Thursday 12 May 2016

ചാറ്റ്











                



ചാറ്റ്
പേരുമായ്ച്ചുകളഞ്ഞ് അടച്ചുവച്ച
നിന്റെ ചാറ്റ്ബോക്സിൽ നിന്നൊരു
മയിൽപ്പീലി പുറത്തേക്ക്
ഒളികണ്ണിട്ട് നോക്കുന്നു
മേഘങ്ങളോ, ചന്ദ്രനോ
ഒഴുകുന്നതെന്ന ആശ്ചര്യത്തിൽ
നക്ഷത്രങ്ങളുടെ കണക്കെടുക്കുന്നു,
പൊടുന്നനെ കാലം മാറ്റുന്നു
വസന്തം, വേനൽ, ശിശിരം, മഞ്ഞ്
എന്നിങ്ങനെ പെട്ടികുമിയുന്നു;
തണുപ്പിന്റെ കനത്ത ഇടിയേറ്റ്
ശരീരം മുഴുവൻ നീരു വയ്ക്കുമ്പോഴും
ദേഹം മുഴുവൻ മുലകളുള്ള ,
ഗ്രീക്ക് പുരാണത്തിലെ
വിചിത്രജീവിയെയോർത്ത്
നീ സങ്കടപ്പെടുന്നു,
ബോറടിക്കുമ്പൊഴൊക്കെയും
തമ്മിൽത്തമ്മിൽ വഴക്കിട്ട്
ഭാഷയിലെ ചില വാക്കുകളെ
തെറ്റിത്തെറുപ്പിച്ച്, ചിലതിനെ ചേർത്തുവച്ച്
പുതിയ തെറികളുണ്ടക്കി
ബട്ടൻസ് പറിയാ, കുയിൽപ്പുള്ളി മോറാ
എന്നൊക്കെ പൊട്ടിച്ചിരിക്കുന്നു
ചില പഴഞ്ചൊല്ലുകളെ മറിച്ചു ചൊല്ലി
ആഭാസമാക്കുന്നു
നാളെ നേരം വെളുക്കുമ്പോൾ മുതൽ
അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ച,
അതുമല്ലെങ്കിൽ ക്രിസ്തുമസ് കഴിഞ്ഞ്,
പുതുവർഷാരംഭം മുതൽക്ക്
നന്നാകാമെന്ന് പറഞ്ഞ്
അതിലേക്കുള്ള കണക്കെടുക്കുന്നു
അല്ലേലിപ്പോൾ നന്നായിട്ടെന്തിന്
നമ്മുക്കിതുപോലെ അലമ്പാകാമെന്ന്
ബോധം തെളിയുമ്പോൾ,
ശുഭരാത്രി നേർന്ന്
ഒരുപുസ്തകം പോലെ
നീയെന്നെ അടച്ചു വയ്ക്കും
മയിൽപ്പീലികളും മൂങ്ങകളും കണ്ണടയ്ക്കും
ഞാനുറങ്ങിപ്പോകുന്ന പഴുതിൽ
നീ പിന്നെയും പേരുമായ്ച്ചിട്ട്
കുളത്തിൽ കല്ലിട്ടപോലെ മുങ്ങിക്കളയും

3 comments:

Cv Thankappan said...

രാവുംപകലും ഇനിയും വന്നുകൊണ്ടേയിരിക്കും....
ആശംസകള്‍

ajith said...

മുങ്ങാനെളുപ്പമാണ്

Muralee Mukundan , ബിലാത്തിപട്ടണം said...

ഒട്ടും ചുറ്റിക്കളിയില്ലാത്ത , ചീറ്റിങ്ങില്ലാത്ത
ചുറ്റുവട്ടത്തിലുള്ള ചറ്റുകളിൽ നിന്നും വിഭിന്നം