Trending Books

Sunday, 15 November 2015

മഞ്ഞുകാലം

















ചതുര ജനാലയിൽക്കൂടി
നോക്കിനോക്കിയിരിക്കെ
മഞ്ഞുകാലം കടന്നുവരുന്നു
മരങ്ങൾ തണുത്തുവിറയ്ക്കുന്നു,
അവയെയാരും പുതപ്പിക്കുന്നില്ല;
കുതിരകളും, കഴുതകളും, പശുക്കളും
പുതപ്പിനടിയിലും തണുത്തുതണുത്ത്
മഞ്ഞുമേഞ്ഞു നടക്കുന്നു

രൂപമില്ലാത്ത മനസ്സിൽക്കൂടി നോക്കുമ്പോൾ
ദൂരെദൂരെ കണ്ണെത്താത്തിടത്ത്
നീ കരയുകയാണ്,
ഞാനെങ്ങനെയറിഞ്ഞെന്നാവും?
ആ കണ്ണുനീരൊഴുകുന്നത്
എന്റെ കണ്ണുകളിലൂടെയാണ്
ഉപ്പുചുവയുള്ളതുകൊണ്ടാണ്
കട്ടിയാകാൻ താമസിക്കുന്നത്
അല്പം വൈകിയാലും
അതും തണുത്തുറയുകയും
നീ മറക്കുകയും ചെയ്യും
ഇത് മഞ്ഞുകാലമാണ്...മഞ്ഞുകാലമാണ്...

മൌനഭേരി














വരച്ചുതീരും മുന്നേ
പറന്നുപോയ കിളിയേപ്പോലെ
വർത്തമാനങ്ങൾക്കിടയിൽ
മൌനം കുടിയേറുന്നു

ഇടയിൽ കൊഴിഞ്ഞുവീണ തൂവലുകൾ
ബാക്കിയാവുന്ന വാക്കുകൾ,
ഓർമ്മകളെന്ന് പേരിട്ടെടുത്തുവച്ചത്

പറന്നുപോകാതിരിക്കാൻ
മാനം കാട്ടാതെ
ഇടയ്ക്കിടെ പുറത്തെടുത്തോമനിക്കുന്നു

അപ്പോൾ, അപ്പോൾ മാത്രം
കേൾക്കുന്നൊരു ചിറകടിയൊച്ചയിൽ
മൌനം ഒച്ചവച്ച് പറന്നുപോകുന്നു

വാക്കുകൾ, ജീവിതങ്ങൾ












കുഞ്ഞുങ്ങളെന്നും, നായ്ക്കളെന്നും 
മനുഷ്യരെന്നും, ദളിതരെന്നും 
പശുക്കളെന്നും, ദൈവമെന്നും 
ഒരേസമയം പലയർത്ഥങ്ങളിൽ 
മുങ്ങിനിവരുന്ന, നിഘണ്ടുക്കളിൽ 
നിന്ന്  അപ്രത്യക്ഷമായ വാക്കുകൾ 

പാർശ്വ, സാമാന്യവൽക്കരിക്കപ്പെട്ട,
ചിലരെങ്കിലും ജീവിതമെന്ന് 
വിളിക്കുന്ന വെറും വാക്കുകൾ 
നിങ്ങളിൽനിന്ന്  നിങ്ങളിലേക്ക് 
കൊണ്ടുകയറി കുത്തിനോവിക്കും