Trending Books
Wednesday, 28 May 2014
Friday, 16 May 2014
ദൈവത്തിന്റെ കൺഫൂഷ്യൻ ........
വാർഷിക സ്റ്റോക്കെടുപ്പ് കഴിഞ്ഞ് ദൈവം ക്ഷീണിതനും പരീക്ഷണനും ചിന്താമഗ്നനുമായി കാണപ്പെട്ടു...
“ദൈവമേ “...ദൈവം അറിയാതെ വിളിച്ചു..
“അല്ല, ഞാനിനി ഏതു ദൈവത്തെ വിളിക്കാൻ ?” ജാള്യത മറച്ച് ദൈവം തന്നോട് തന്നെ ചോദിച്ചു..
പുണ്യത്തിന്റെ സ്റ്റോക്കിന് വല്യ കുറവൊന്നുമില്ല... മൂവ്മെന്റും പഴയപോലില്ല...
ജനങ്ങളാരും നന്മകൾ ചെയ്യുന്നില്ലേ..?
ഇതിങ്ങനെ കെട്ടിക്കിടന്നാൽ... ഒരു പോം വഴി കണ്ടേ പറ്റൂ..
വൈകുന്നേരമായപ്പോൾ ആവശ്യത്തിന് പുണ്യം പൊതിഞ്ഞെടുത്ത് ദൈവം പുറത്തേക്കിറങ്ങി.. പുണ്യമിനി നേരിട്ടു തന്നെ കൊടുക്കാം..ഇടനിലക്കാരെ തീരെ ഒഴിവാക്കണം..
ദൈവം നേരെ സ്വന്തം നാട്ടിലേക്ക് തിരിച്ചു..
തലസ്ഥാനത്ത് ഇപ്പോൾ അല്പം പുണ്യം കൊടുക്കാൻ കൊള്ളാവുന്ന ആരെങ്കിലും...ആരെങ്കിലും തന്നെ കടന്നു പോകുമെന്ന ശുഭപ്രതീക്ഷ ദൈവത്തിനുണ്ടായിരുന്നു...
കാഴ്ചയിൽ വിരുദ്ധരെന്നു തോന്നിച്ച രണ്ടു പേർ ദൈവത്തിന്റെ കണ്ണിൽപ്പെട്ടു..... ദൈവത്തിനു ചിരി പൊട്ടി... ഇംഗ്ലീഷിലെ Q എന്നയക്ഷരം പോലെ... വലിയൊരു വൃത്തത്തിനു വാലിട്ട പോലെ 6 അടിയിലധികം പൊക്കമുള്ള ഒരു തടിയന്റെ കൂടെ ഒരു കുള്ളൻ....
ഒരു നിമിഷം തന്നെ ചിരിപ്പിച്ചവരല്ലെ.. ഇന്നത്തെ പുണ്യം ഇവർക്കു തന്നെ കൊടുത്തേക്കാം...ദൈവം തീരുമാനിച്ചു..
എന്നാലും തന്റെ സഹജ വാസനയെ ഉപേക്ഷിക്കാൻ ദൈവം തയാറായില്ല..
അങ്ങനെ വെറുതെയെങ്ങനാ അങ്ങു കൊടുക്കുന്നത്..? തന്റെ സ്കാനറെടുക്കാഞ്ഞതിൽ ദൈവം കുണ്ഠിതപ്പെട്ടു, അല്ലെങ്കിൽ ഒന്നു സ്കാൻ ചെയ്തിരുന്നെങ്കിൽ ഇവന്മാരുടെ ഉള്ളിലിരുപ്പ് മുഴുവനറിയാമായിരുന്നു.
അല്ലെങ്കിലെന്തിനാ സ്കാനർ, ഇവന്മാരുടെ സംസാരം ശ്രദ്ധിച്ചാൽ മതിയല്ലോ..
അടുത്തൂടെ പോയൊരു മേഘശകലത്തെപ്പിടിച്ച് ചാരുകസേരയാക്കി ദൈവം ഇരിപ്പുറപ്പിച്ചു..
കാതു കൂർപ്പിച്ചു...
Q നടന്നുനടന്ന് ദൈവത്തിന്റെ പരിധിക്കുള്ളിലായി...
“ഡാ ജുനൂ, ഇതാണ് പ്രശസ്ഥമായ ഇന്ദ്രപുരി ബാർ, തലസ്ഥാനത്തെ മുത്ത് “ തടിയൻ മൊഴിയുന്നു ...
ദൈവത്തിന് അസ്വസ്തഥ തോന്നി, ഇവന്മാർ രണ്ടും കൂടെ മദ്യപിക്കാനാണല്ലോ പോകുന്നത്..എന്ത് പുണ്യം കൊടുക്കാനാണീ തെമ്മാടികൾക്ക്..?
ഇന്ദ്ര പുരിയാണോ ഇന്ദിരാപുരിയാണോ?
ഇന്ദ്രപുരി തന്നെ, എന്താടാ..
അല്ല ഇന്ദിരാപുരി ആയിരുന്നുവെങ്കിൽ..
ആയിരുന്നുവെങ്കിൽ..?
അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാപുരി എന്നതിനു പകരം വേറെ വല്ലതും പറഞ്ഞേനെ നാട്ടാര്..ഹിഹി..
ദൈവം- ‘’ക്ലാസ്സിക് ഭാഷ പോലും, ക്ലാസിക്ക്... ഏതു വാക്കു കിട്ടിയാലും തെറിയാക്കിക്കളയും.. ഇഡിയറ്റ്സ്..
“വേണ്ടടാ ഹരീ, പടം കാണാൻ കേറുന്നതിനു മുൻപല്ലേ നീ ചെലുത്തിയത്... ഇന്നിനി വേണ്ടടാ..“
ദൈവത്തിന് ആശ്വാസമായി.. ഒരുത്തനെങ്കിലും വകതിരുവുണ്ടല്ലോ...അവനു കൊടുക്കാം..
“വേണ്ടടാ ഹരീ, പടം കാണാൻ കേറുന്നതിനു മുൻപല്ലേ നീ ചെലുത്തിയത്... ഇന്നിനി വേണ്ടടാ..“
ദൈവത്തിന് ആശ്വാസമായി.. ഒരുത്തനെങ്കിലും വകതിരുവുണ്ടല്ലോ...അവനു കൊടുക്കാം..
ജുനൂ ക്വാട്ടാ തികച്ചില്ലെങ്കിൽ ദൈവം കോപിക്കും, എന്തിനാടാ നമ്മളദ്ദേഹത്തിനെ വെറുതെ വിഷമിപ്പിക്കുന്നത്.. നീ ഒരമ്പതിങ്ങു താ... ദി ലാസ്റ്റ് ഡ്രിങ്ക്... ഒരു നിപ്പൻ..ഇപ്പോ വരാം... നീഅപ്പോഴേക്കും രണ്ടു പുകയെടുത്ത് നിൽക്ക്..
ദൈവം മനസ്സു മാറ്റി.. ഇല്ല രണ്ടാൾക്കുമില്ല... കുടിച്ചില്ലെങ്കിൽ ഞാൻ കോപിക്കും പോലും, ഹൊ ഇവനൊക്കെ എന്നാത്തിനാ പുണ്യം.. ഇവിടെ തന്നെയാണല്ലോ ഞാൻ പുണ്യം നൽകാൻ വന്നിറങ്ങിയത്.. ദൈവം കണ്ണു തുടച്ചു...
എന്നാ നീ കേറിക്കോടാ വല്ല ൿളാരയും ഈ വഴി വരുന്നുണ്ടോയെന്ന് ഞാൻ നോക്കട്ടെ,
ശരി ൿളാര കടിക്കാതെ നോക്കണം
ഉവ്വ, നീ ചെലുത്തിയിട്ട് വാ
ദൈവത്തിനാകെ അരിശമായി,
മഴ, ൿളാര, മഴ, ൿളാര, ഒരു പണിയുമില്ലെങ്കിലും ഇതിനൊന്നും യാതൊരു കുറവുമില്ല
നടത്തറ ശാന്ത, കോട്ടമ്പള്ളി ലീല, ആർത്തുങ്കൽ സൈനബ ഇങ്ങനുള്ള പേരുകൾക്കിടയിൽ അലങ്കാരങ്ങളൊന്നുമില്ലാത്ത ഒരു വെറും ൿളാര ആ പത്മരാജൻ കാരണം നല്ലൊരു പേര് ഇവരുടെ പര്യായമായിട്ടുണ്ട്, തിരിച്ചെത്തുമ്പോൾ അയാളോട് നേരിട്ട് തന്നെ ചോദിക്കണം, എന്തിനാ അവൾക്ക് ൿളാരയെന്ന് പേരു കൊടുത്തതെന്ന്?
ഇവനൊക്കെ എന്തു പുണ്യം കൊടുക്കാനാണ്.
ൿളാരയ്ക്ക് പകരം ആകെ വന്ന പട്ടിയെ അവൻ കല്ലുവലിച്ചെറിഞ്ഞു, അതു മോങ്ങിക്കൊണ്ടോടി..കൂടെ മുട്ടനൊരു തെറിയും
എത്രയോ കോടി മൃഗങ്ങളെയാണ് താൻ സൃഷ്ടിച്ചത്, സംസാരിക്കുന്ന ഈ ഇരുകാലി മൃഗങ്ങളൊഴിച്ച് ആരും തന്നെ തനിക്ക് പര്യായങ്ങൾ തന്നിട്ടില്ല ബാക്കിയുള്ള മൃഗങ്ങളൊക്കെ ദൈവമേ എന്നല്ലാതെ വേറൊന്നും വിളിച്ച് പ്രാർത്ഥിച്ചിട്ടില്ല, തന്റെ പേരിൽ എങ്ങും കാണിക്കയിട്ടിട്ടില്ല, ട്രസ്റ്റുകളുണ്ടാക്കിയിട്ടില്ല, തന്നെ പുലഭ്യം പറഞ്ഞിട്ടില്ല, നാലു ചുവരുകൾക്കുള്ളിൽ സ്വർണ്ണം പൂശിയിരുത്തിയിട്ടില്ല..
ഇത്രയും നല്ല മൃഗങ്ങളുള്ളപ്പോൾ താൻ പുണ്യം നൽകാൻ മനുഷ്യനെ തപ്പിയിറങ്ങിയിരിക്കുന്നു, ദൈവത്തിന്റെ വായിൽ മുട്ടനൊരു തെറി കുരുത്തു വന്നു.
അതുവഴി പോയൊരു മൂങ്ങ ‘ദൈവത്തെയാര് നിയന്ത്രിക്കാൻ‘ എന്നൊരു ചോദ്യമെറിഞ്ഞിട്ട് പോയി. ദൈവം ആ തെറി കയ്പോടെ കടിച്ചിറക്കി.
ഹരി ഇന്ദ്രപുരിയിൽ നിന്നിറങ്ങി.കുറച്ചു നേരം കൂടി ക്ഷമിക്കാൻ ദൈവം തീരുമാനിച്ചു.
അതു വഴി ആ വൈകിയ സമയത്തും ഇന്നത്തെ കേരള, ഇന്നത്തെ കേരള എന്ന് ഭാഗ്യം വിൽക്കുന്ന ഒരുവന്റെ നേരെ മുന്നിലാണ് ഹരി വന്നിറങ്ങിയത്.
ഇന്നാ സാറെ ഇന്നത്തെ കേരളയാണ്
എനിക്ക് നാളത്തെ കേരള മതി അമ്മാവാ, ഇന്ന് തീർന്നില്ലേ? ഇല്ലേടാ ജുനൂ
വേണ്ട ചേട്ടാ-ജുനു
അമ്മാവാ, ഞങ്ങൾക്ക് ഭാഗ്യമുണ്ടായിട്ടൊന്നുമല്ല, പിന്നെ അമ്മാവനൊരു ടിക്കറ്റ് ചിലവായിക്കോട്ടെയെന്ന് കരുതി മാത്രം ഒരെണ്ണമെടുക്കാം’ -ഹരി
അല്ല, നിപ്പനടിക്കാൻ 50 ക കടം വാങ്ങിയവൻ എവിടുന്നെടുത്താണ് ലോട്ടറിക്കാരന് കൊടുക്കുന്നത്, അതോ അയാളോടും കടം പറയുമോ? എന്തൊക്കെയാണേലും കാര്യവിവരമുള്ളവനാണ് ഹരിയെന്ന് ദൈവം നിരൂപിച്ചു, ഭാഗ്യമില്ലെന്നവനറിയാം, എന്നാൽ കഠിനാധ്വാനം ഭാഗ്യത്തേക്കൾ മികച്ച അവസരം നൽകുമെന്ന് മാത്രമറിയാത്തവൻ.
പോട്ടെ, അവനതു വാങ്ങിയാൽ ഇന്നത്തെ പുണ്യം അവനു തന്നെ’ ദൈവം ഉറപ്പിച്ചു.
‘എടാ, ജുനൂ ഒരു 20 രൂപയിങ്ങു തന്നേ’
ഹരിയുടെ ആ പറച്ചിലിനു മുന്നിൽ ദൈവം ഞെട്ടി, കാശ് കൊടുത്ത ജുനുവിനു നൽകണോ പുണ്യം, അതോ ലോട്ടറി വാങ്ങി അയാളെ സഹായിക്കണമെന്ന് തീരുമാനിച്ച ഹരിക്ക് നൽകണോ? ആരാണിവിടെ നന്മ ചെയ്യുന്നത്?
ദൈവം വിയർത്തു, തീരുമാനമെടുക്കാനാവാതെ ബുദ്ധിമുട്ടി.
കസേരയായി മടങ്ങിയിരിക്കുന്ന മേഘത്തിന് ക്ഷമകെട്ടു
‘ദൈവമേ അങ്ങയുടെ ആസനത്തിന്റെ ചൂടടിച്ച് ഞാനുരുകാറായി, ഞാൻ പോയി എന്റെ പണിചെയ്യട്ടെ, എനിക്കുള്ള പുണ്യം ഞാനെന്തിന് കളഞ്ഞുകുളിക്കണം?’
പുണ്യം പൊതിഞ്ഞുകൊണ്ടു വന്ന ‘മാതൃസ്വർഗ്ഗ‘ കടലാസ് പുണ്യമുൾപ്പെടെ ദൈവം ഒരൊറ്റ ഏറുകൊടുത്തു. ‘ഇവിടെ മാലിന്യമിടരുത് ’ എന്ന ബോർഡിന്റെ താഴെ മറ്റ് ചപ്പുചവറുകളുടെ മുകളിലേക്ക് പുണ്യം ചെന്നുപതിച്ചു.
Thursday, 8 May 2014
എടിയേ....
എടിയേ,
വന്നിട്ട് നീയെന്താണെന്നെയൊന്ന് വിളിക്കാഞ്ഞത്?
പരസ്പരം പറയാത്ത പ്രണയം
പൂഴ്ത്തിവച്ച വീഞ്ഞുപോലെ
വീര്യം കൂടുമെന്ന് നിനക്കറിയില്ലേ?
മണമടിച്ചുതന്നെ ഞാനുന്മത്തനായിരിക്കുന്നു
പക്ഷെ, നീയറിയാതെ ഞാനിടയ്ക്കൊക്കെ
നിന്നെ വന്ന് കാണാറുണ്ട്..
നീയാവട്ടെ പല ഭാവത്തിൽ
ഞാനറിയാതെ നിൽക്കാറുമുണ്ട്
ഇങ്ങനൊക്കെയാണെങ്കിലും
പലപ്പോഴും ഉപരിതലമുറഞ്ഞു പോയ
തടാകമാകുന്നു ഞാൻ
മുകളിലെ ഐസ് പാളിയിലൂടെ നോക്കൂ
കാണാം ഉള്ളിലെ തിരയിളക്കങ്ങൾ
ഇടയ്ക്കെങ്കിലും നീയൊരു വെയിലായ് പെയ്യൂ
നമ്മുക്കിടയിലെ ഐസ് പാളികളുരുക്കി
എന്റെ തിരകളെ സ്വതന്ത്രരാക്കൂ..
നീ എന്നെയോ, ഞാൻ നിന്നെയോ
വിളിക്കാത്തതിന്റെ കണക്കെടുപ്പല്ലിത്
പ്രണയത്തിനായ്
ഉടലുകൊണ്ട് പടവെട്ടാനാകാത്തതിനാൽ
വാക്കുകൾ കൊണ്ട് യുദ്ധം ചെയ്യുകയാണ്
ങാ പിന്നെ,
ഇത് നീയെഴുതിയാൽ
യുദ്ധമിതിലും ഗംഭീരമാകും
Subscribe to:
Posts (Atom)