നാട്ടുനടപ്പനുസരിച്ചാണ്
ജീവിതം ഇപ്പോഴും പോകുന്നത്
ഓട്ടോറിക്ഷയിൽ, ലൈൻ ബസ്സിൽ,
ട്രാൻസ്പോർട്ട് ബസ്സിൽ,
തീവണ്ടിയിലെ തിരക്കുള്ള
ജനറൽ കമ്പാർട്ട്മെന്റിൽ
ഞാൻ തന്നെ രാവിലെയെണീക്കുന്നതും
പ്രഭാതകൃത്യങ്ങൾ ചെയ്യുന്നതും, കഴിക്കുന്നതും
തീവണ്ടിയിൽ കയറാൻ ഓടുന്നതും
എല്ലാം പതിവു പോലെ തന്നെ
ഇരിക്കാൻ തരപ്പെട്ടാൽ
ചുറ്റും വേറൊന്നുമില്ലയെന്ന പോൽ
ചുമ്മാതെയുറങ്ങും
തരപ്പെട്ടില്ലെങ്കിൽ
തൂങ്ങി നിന്നുകൊണ്ട്
അപരിചിതരുടെ ഒഴുക്കു നോക്കും
അവരിൽ പരിചയക്കാരുടെ
മുഖം കണ്ടെത്താൻ ശ്രമിക്കും
ജൂബയിട്ടൊരാൾ
വി.എസ്സിനെ പോലെ
മുഖം കനപ്പിച്ചിരിക്കും
എതിരെയൊരാൾ
ഈ മരത്തൂണൊന്ന് ദ്രവിച്ചിരുന്നുവെങ്കിൽ
നല്ല കോൺക്രീറ്റ് തൂണിൽത്തന്നെ
പാർട്ടിയെ താങ്ങി നിർത്തിയേനെയെന്ന്
ഉറക്കെ ചിന്തിക്കുന്നത് കേൾക്കാം
ഇടയിലെ സ്റ്റേഷനിൽ
പ്ളാറ്റ്ഫോം വൃത്തിയാക്കുന്നൊരുവൻ
ആം ആദ്മിക്കാരനെന്ന് കരുതും
അവനിലൂടെ ഒരു കെജ്രിവാൾ
തൂത്തുതൂത്ത് പോകുന്നത് നോക്കി നിൽക്കും
എങ്കിലും ഖദറിട്ടവരൊരിക്കലും
അവളോട് ഇത്ര ക്രൂരത ചെയ്യ-
രുതായിരുന്നു എന്നൊരു ഖദർധാരി
എന്നാലും എന്തെല്ലാം ചെയ്തുകാണുമെന്ന്
അവന്റെയുള്ളിലൊരു ഗോവിന്ദച്ചാമി
ഒറ്റക്കൈ പൊക്കിനിൽക്കുന്നു
ഇതിന്നിടയിൽ
ട്രെയിനിൽ നിന്നാരെങ്കിലും വീഴും
അര ട്രൌസറിൽ പൊതിഞ്ഞ
വെളുത്തകാല് കാണാൻ ആളുകൾ കൂടും
മദാമ്മയെന്ന് വിളിച്ചവളെ
ഏഷ്യൻ ഭൂഖണ്ഡം കടത്തിവിടും
എല്ലായിടത്തും
ചോരയ്ക്ക് ഒരേനിറമെന്ന് ചിന്തിച്ച് നിൽക്കുമ്പോൾ
മൊബൈലെടുത്ത് ആരെങ്കിലും പടം പിടിക്കും
നാട്ടുനടപ്പനുസരിച്ച് ഞാനുമെടുക്കുമൊന്ന്
ട്രൌസറിനിടയിലൂടെ എന്തെങ്കിലും
കാണാം പറ്റുമോയെന്നും നോക്കും
ഇറങ്ങാനുള്ള സ്റ്റേഷനിൽ
മറ്റാരും കയറും മുന്നേ തിരക്ക് പിടിച്ചിറങ്ങും
പതിവ് പോലെ അല്പം താമസിച്ച് ഓഫീസിലെത്തും
പണിചെയ്യുമ്പോലെ പണിചെയ്യും
ഉണ്ണും ഉറങ്ങും
അല്പം നേരത്തെയിറങ്ങും
ട്രെയിൽ ലെയ്റ്റല്ലെങ്കിൽ
സമയത്തിന് വീട്ടിലെത്തും
പവർക്കട്ടിന്റെ സമയമെങ്കിൽ
എമർജൻസി വെളിച്ചത്തിൽ
മീൻകറി കൂട്ടി ചോറുണ്ണൂം
ഏമ്പക്കം വിടും
ഉറങ്ങും മുൻപേ
മൊബൈലെടുത്ത് ആ പെണ്ണിന്റെ
പടം ഒന്നുകൂടെ കാണും
ശ്ശേ! കാര്യമായ് ഒന്നും
കാണാനില്ലെന്ന് ദേഷ്യപ്പെട്ട്
അടുത്ത തവണ എല്ലാം കാണുന്ന
ആംഗിളിൽ തന്നെ പടം എടുക്കണമെന്നുറപ്പിച്ച്
അലാറം വെച്ച് കിടന്നുറങ്ങും
6 comments:
മാധ്യമം ചെപ്പിൽ പ്രസിദ്ധീകരിച്ചത്
ഉറങ്ങും മുൻപേ
മൊബൈലെടുത്ത് ആ പെണ്ണിന്റെ
പടം ഒന്നുകൂടെ കാണും
ശ്ശേ! കാര്യമായ് ഒന്നും
കാണാനില്ലെന്ന് ദേഷ്യപ്പെട്ട്
അടുത്ത തവണ എല്ലാം കാണുന്ന
ആംഗിളിൽ തന്നെ പടം എടുക്കണമെന്നുറപ്പിച്ച്
അലാറം വെച്ച് കിടന്നുറങ്ങും
ഇതാണിതിന്റെ സുലാൻ...!
Good.
നാട്ടുനടപ്പ് ശീലങ്ങലാകുമ്പോള് അതിനെ മാറ്റാന്‍ കഴിയാതെ ന്യയികരിക്കുകയാണ്പിന്നിട് നടക്കുന്നത്.
നന്നായിരിക്കുന്നു.
കവിത അസ്സലായിരിയ്ക്കുന്നു കേട്ടോ
(നാട്ടുനടപ്പ് അനുസരിച്ച് പറഞ്ഞതല്ല)
നാട്ടുനടപ്പനുസരിച്ചങ്ങനെ ജീവിതം മുന്നോട്ടുപോകട്ടേ!
നന്നായിരിക്കുന്നു കവിത
ആശംസകള്‍
Post a Comment