Trending Books

Thursday, 13 February 2014

അദൃശ്യപ്രണയം










നമ്മൾതമ്മിൽ ഒരിക്കലും 
കാണാതിരിക്കട്ടെ 

കാണാൻ അല്പമെങ്കിലും 
സാധ്യതയുള്ളയിടത്ത് 
നമ്മുക്ക് പോകാതിരിക്കാം 
അല്ലെങ്കിൽ 
ഞാൻ പോയിവന്നിട്ട് നീയോ 
നീ വന്നുപോയിട്ട് മാത്രം ഞാനോ
അവിടെയെത്തുക

നീ അവിടെയുണ്ടായിരുന്നു-
വെന്നോർത്ത് ഞാനും, 
ഞാനവിടെ ഉണ്ടായിരുന്നു-
വെന്നോർത്ത് നീയും 
അതുവഴി ഒറ്റയ്ക്ക് നടക്കുക 

അതൊരു കടൽത്തീരമെങ്കിൽ 
കടലിനെ കാണുന്ന 
ചാരുബഞ്ചിലിരുന്നു 
ഞാനെന്നോ നീയെന്നോ 
കരുതി കടലിനോട് 
വർത്തമാനം പറയുക 

നമ്മൾ തമ്മിൽ ഒരിക്കലും 
കാണാതിരിക്കട്ടെ 
നമ്മുടെ പ്രണയം അത്രയും 
അദൃശ്യമായിത്തന്നെയിരിക്കട്ടെ

Sunday, 9 February 2014

ഞാനാരാ മോൻ









‘ഞാനാരാ മോൻ‘ 
എന്നൊരഹങ്കാര-
ചിഹ്നത്തിൽ നിന്നും 
‘ഞാനാരാ‘  
എന്നൊരു ചോദ്യ-
ചിഹ്നത്തിന്റെ 
ആഴത്തിലേക്ക് 
വീഴുന്നൊരു ഞാൻ