Trending Books

Friday, 20 April 2012

വീടുമാറൽ








ഓരോരോ വീടുമാറലും 
ഓരോ ഉപേക്ഷിക്കലാണ്;  
ആത്മാവ് പകുത്ത് നൽകിയ
എന്റെ മേശ, കസേര  
എന്റെ മുറി 
പുകയും ചിന്തയും നിറഞ്ഞ കക്കൂസ്  
മസാല പുരണ്ടയടുക്കള ...

കാണാതെ പോയ   പലതും 
കണ്ടെടുക്കലാണു വീടുമാറൽ ;
പഴയ കാൽക്കുലേറ്റർ, 
കുഞ്ഞിന്റെ ഷൂസിലൊന്ന്,
പുട്ടുകുറ്റിയുടെ ചില്ല്...
കട്ടിലിനടിയിൽ നിന്നും  
അടുക്കളയലമാരിയിൽ നിന്നുമൊക്കെ 
ഞാനിവിടുണ്ടേ ഞാനിവിടുണ്ടേയെന്നു 
തല പുറത്തുകാട്ടും
ഓരോരോ വീടുമാറലും
ഓരോ ഒഴിവാക്കലാണ് ,
അനിവാര്യമായ മറക്കലാണ് ;
വലുതായ കുഞ്ഞിന്റെ 
ചെറുതായ കളിപ്പാട്ടങ്ങൾ,
വലുതാകാത്ത   ഉടുപ്പുകൾ, 
പഴയ പത്രമാസികകൾ,
പൊട്ടിയ കുപ്പികൾ,
കുപ്പിവളപ്പൊട്ടുകൾ,
വീട്ടുമുറ്റത്തെ കിളിക്കുഞ്ഞുങ്ങൾ..
അയല്പക്കത്തെ സുന്ദരി പൂച്ച..

ദുർമ്മേദസ്സൊഴിഞ്ഞു സുന്ദരിയായ്  
പുതിയയാത്മാക്കളെ കാത്തിരിക്കുന്നുണ്ട്
പിന്നെയുമാ പഴയ വീടുകൾ....


16 comments:

Robin Jose K said...

വീടോന്നു മാറിയാലെന്നാ കവിത പുതിയതൊന്നു പിറന്നു... എനിക്കിഷപെട്ടു

"പുതിയ വീട് " അടുത്ത ഗവിത എന്ന് പ്രതീഷിക്കാം ???

Nassar Ambazhekel said...

അതെ,
ഓരോ വീടുമാറലും
ആഴത്തിലോടിയ ചില വേരുകളുടെ
മുറിച്ചുമാറ്റലാണ്.

Pony Boy said...

എവിടെയും രണ്ട് ദിവസം കൊണ്ട് അഡാപ്റ്റ് ചെയ്യപ്പെടും മനുഷ്യൻ....വീട് മാറുമ്പോൾ നടക്കുന്ന കണ്ടെത്തലുകളും അത് പോലെ തന്നെ വിലപെട്ടതാകും..ഒരുപക്ഷേ വർഷങ്ങൾക്ക് മുൻപുള്ള പൊടിയണിഞ്ഞ അലമാരകൾ ആദ്യമായി നീങ്ങുന്നത് തന്നെ അന്നാകാം.

omar khayam said...

പുകയും ചിന്തയും എഴുതപ്പെടാത്ത വരികളും ഇപ്പോഴും ചുറ്റി തിരിയുന്ന

ആ പഴയ വീട്ടില്‍ നിന്നും...ആഹ ..പലരും പറയാന്‍ ആഗ്രഹിച്ചത്

Muralee Mukundan , ബിലാത്തിപട്ടണം said...

ദുർമ്മേദസ്സൊഴിഞ്ഞു സുന്ദരിയായ്
പുതിയയാത്മാക്കളെ കാത്തിരിക്കുന്നുണ്ട്
പിന്നെയുമാ പഴയ വീടുകൾ....

എന്റെ അഭിപ്രയത്തിൽ ഇടക്കിടക്ക് വീടിനേയും , വീടരേയും മറിക്കൊണ്ടിരിക്കണമെന്നാണ് കേട്ടൊ ഭായ്

Junaiths said...

ഹഹഹ് മുരളിയേട്ടാ.................

Unknown said...

ONV yude famous kavitha "vanajothlasna....." athine ormippichu ee kavitha ......:)

പട്ടേപ്പാടം റാംജി said...

ഉപേക്ഷിക്കലും, കണ്ടെടുക്കലും, ഒഴിവാക്കലും...
പുതിയ വീട്ടില്‍ നമുക്കെല്ലാം അടുക്കാം.

മുകിൽ said...

വീടൊഴിയുമ്പോള്‍ വീടിനു തോന്നുന്നതും. ദുര്‍മ്മേദസ്സൊഴിഞ്ഞു..

രശ്മി മേനോന്‍ said...

നല്ല കവിത :))
ഒരു തരത്തിൽ ചിന്തിച്ചാൽ ചില മനുഷ്യർ ഒറ്റപ്പെട്ട ചില വാടക വീടുകളാണെന്ന് തോന്നും... വാടക കൊടുക്കാതെ വാങ്ങാതെ സ്നേഹം മാത്രം പ്രതീക്ഷിച്ച് .... അവസാനം,വീട്ടുകാരാൽ തഴയപ്പെടുന്ന ചിലർ :))

സന്തോഷ്‌ പല്ലശ്ശന said...

വീടുമാറ്റത്തെക്കുറിച്ചുള്ള കവിതകള്‍ ഏറെയും വിടപറയലിന്റെ വൈകാരികത നിറച്ചുവച്ച വരികളുമായാണ് കാണപ്പെടുക.
പക്ഷെ ഈ കവിത വളരെ വ്യത്യസ്തമാണ്.

"ഓരോരോ വീടുമാറലും
ഓരോ ഒഴിവാക്കലാണ് ,
അനിവാര്യമായ മറക്കലാണ് ;"

റിയ Raihana said...

right:)

Kalavallabhan said...

അനിവാര്യമായ മറക്കലാണ്

Anil cheleri kumaran said...

oru change nallathalle :)

റിനി ശബരി said...

വാടകവീടൊഴിഞ്ഞ് പൊകുമ്പൊള്‍
മനസ്സിന്റെ കുഞ്ഞു കുഞ്ഞു പ്രതലങ്ങള്‍
ബാക്കി കിടക്കും ഒരൊ മുറികളിലും ..
നാം ചേര്‍ത്തു പൊയ ചിലത് , ചേര്‍ന്നു പൊയത്
പുതിയ പ്രതലങ്ങള്‍ ചിലപ്പൊള്‍ ഉന്മേഷം നല്‍കും
ചിലപ്പൊള്‍ ആകുലതയോടെ സമീപിക്കും ..
കാലത്തിന്റെ കോപ്പു കൂട്ടലില്‍ ഒരിടം ഉപേക്ഷിച്ച്
നാം യാത്രയാകുന്നു , സ്വന്തമെന്നത് പൊലും അന്യമായി പടി ഇറങ്ങുമ്പൊള്‍ ഇതിനേക്കാള്‍ വേവു കൂടുമോ ..ശരിയാണ് ,പഴയതു പലതും കണ്ടെടുക്കല്‍ തന്നെ..ഒരൊ കൂടു മാറലും ..
നല്ല വരികളാല്‍ ,ഒരു നോവിനെ മുത്തു പൊല്‍
കോര്‍ത്തിണക്കി പകര്‍ത്തിയിരിക്കുന്നു ..
ഇഷ്ടമായി ശൈലി സഖേ ..

MUHAMMED SHAFI said...

ഓരോരോ വീടുമാറലും

ഓരോ ഉപേക്ഷിക്കലാണു;
ആത്മാവ് പകുത്ത് നൽകിയ
എന്റെ മേശ, കസേര
എന്റെ മുറി
പുകയും ചിന്തയും നിറഞ്ഞ കക്കൂസ്
മസാല പുരണ്ടയടുക്കള ...

ഒന്നും ഉപേക്ഷിക്കാൻ കഴിയാത്തിടത്ത് ഈ കവിതയും ഉപേക്ഷിക്കാൻ തോന്നുന്നില്ല..