Trending Books

Friday, 20 April 2012

വീടുമാറൽ








ഓരോരോ വീടുമാറലും 
ഓരോ ഉപേക്ഷിക്കലാണ്;  
ആത്മാവ് പകുത്ത് നൽകിയ
എന്റെ മേശ, കസേര  
എന്റെ മുറി 
പുകയും ചിന്തയും നിറഞ്ഞ കക്കൂസ്  
മസാല പുരണ്ടയടുക്കള ...

കാണാതെ പോയ   പലതും 
കണ്ടെടുക്കലാണു വീടുമാറൽ ;
പഴയ കാൽക്കുലേറ്റർ, 
കുഞ്ഞിന്റെ ഷൂസിലൊന്ന്,
പുട്ടുകുറ്റിയുടെ ചില്ല്...
കട്ടിലിനടിയിൽ നിന്നും  
അടുക്കളയലമാരിയിൽ നിന്നുമൊക്കെ 
ഞാനിവിടുണ്ടേ ഞാനിവിടുണ്ടേയെന്നു 
തല പുറത്തുകാട്ടും
ഓരോരോ വീടുമാറലും
ഓരോ ഒഴിവാക്കലാണ് ,
അനിവാര്യമായ മറക്കലാണ് ;
വലുതായ കുഞ്ഞിന്റെ 
ചെറുതായ കളിപ്പാട്ടങ്ങൾ,
വലുതാകാത്ത   ഉടുപ്പുകൾ, 
പഴയ പത്രമാസികകൾ,
പൊട്ടിയ കുപ്പികൾ,
കുപ്പിവളപ്പൊട്ടുകൾ,
വീട്ടുമുറ്റത്തെ കിളിക്കുഞ്ഞുങ്ങൾ..
അയല്പക്കത്തെ സുന്ദരി പൂച്ച..

ദുർമ്മേദസ്സൊഴിഞ്ഞു സുന്ദരിയായ്  
പുതിയയാത്മാക്കളെ കാത്തിരിക്കുന്നുണ്ട്
പിന്നെയുമാ പഴയ വീടുകൾ....


Thursday, 19 April 2012

ഓർമ്മയിലെ ഒറ്റമരം











ഓർമ്മയിലെ ഒറ്റമരം നീ..
നീല നദിക്കരികെ 
ചുവന്ന പാറമേൽ ഒറ്റയ്ക്ക് ;
കാരമുള്ളാൽ നിന്നുടൽ ഭോഗിച്ച
കിഴവൻ വള്ളിയൊരു
കോടാലിക്കരുത്തിലറ്റനാൾമുതൽ
ചുറ്റിപ്പിണയുവാൻ,
കുത്തിനോവിക്കുവാൻ ഭയത്തിൻ 
കിനാവള്ളികളേതുമില്ലാതെയൊറ്റ നീ

സ്വാദ സ്വാതന്ത്ര്യം...

ഏകാന്തതയുടെ കൂർത്ത മൌനം 
പോറിച്ച തൊലിയുമായ് ,
കൊടും തണുപ്പിൽ 
ഇപ്പോഴും പച്ചയായ് ...
വെയിലുടുത്തു വളർന്ന നിന്നെ
പൊള്ളിക്കാനേതു തണുപ്പിനാവും ?
ഓർമ്മയിലെ ഒറ്റമരം നീ..
എന്നോർമ്മയിലെ പച്ചമരം നീ..

Friday, 6 April 2012

വിരലടയാളം











പേർത്തുപേർത്തു തിരഞ്ഞിട്ടും,
ഭൂതക്കാണ്ണാടിയിൽക്കൂടി നോക്കിയിട്ടും 
എത്ര പൊടി വിതറിയിട്ടും 
മുക്കിലും മൂലയിലും, 
ഒരു ഗ്ളാസിലും,
ഒരു കടലാസു തുണ്ടിലും 
എവിടെയും, ഒന്നിലും 
ഒരു തെളിവും കണ്ടില്ല...

ഹൃദയം കവർന്നവളുടെ വിരലടയാളം 
എതു പൊടിയിട്ടാലാണു തെളിയുക?