Trending Books

Monday, 30 August 2010

ആഴങ്ങള്‍ തേടുന്നവര്‍..


എങ്ങു പോകുന്നൂ നിങ്ങള്‍ പ്രിയരേ?
പുഴക്കടിയിലെ കൊടും തണുപ്പില്‍
സ്വപ്ന ലോകത്തിന്‍ ആഴം അളക്കുവാന്‍?
ചില്ലു കൊട്ടാരങ്ങള്‍,കുപ്പി വിളക്കുകള്‍
ഒഴുകും കിനാവുകള്‍,കാവല്‍ നിലാവുകള്‍
സുന്ദര,മന്ദാര മത്സ്യവിരാഗികള്‍
എല്ലാം കഥയിലെ അസത്യസത്യങ്ങള്‍

സ്ഫടിക മേല്‍നീരിന്നടിയിലാണ് വാസ്തവം
മുത്തുകളില്ലാത്തൊരൂഷര ചിപ്പികള്‍
തന്നിലേക്കാഴ്ത്തി  സ്നേഹിക്കും കരിഞ്ചെളിക്കയങ്ങള്‍
ചുറ്റി വരിഞ്ഞു കരകാട്ടാതെ പുല്‍കും
കാട്ടുവള്ളി കിഴവന്റെ കയ്യുകള്‍

ഞങ്ങളെ വിട്ടെങ്ങു പോകുന്നു പ്രിയരേ
തണുത്തുറഞ്ഞ ആഴങ്ങളില്‍ എന്തുകാണുവാന്‍?
ചെറുവലക്കണ്ണിയില്‍ കുരുങ്ങി മരിയ്ക്കും 
മത്സ്യ സ്വപ്നത്തിന്‍ നിറങ്ങള്‍ പകുക്കുവാന്‍
എന്നും മരിക്കുന്ന പുഴയെ കാണുവാന്‍
ഇതിലേതാണ് നിങ്ങളെ കൊണ്ടുപോകുന്നത്
ഇതിലെന്താണ് നിങ്ങള്‍ക്ക്  കാണുവാനുള്ളത്
എന്റെ മക്കളെ...
ഞങ്ങളെ ഉപേക്ഷിച്ചു എങ്ങു പോകുന്നു
ആഴങ്ങളിലേക്ക് നിങ്ങള്‍ എന്തിനു പോകുന്നു?