മരിയോ വർഗാസ് യോസയും ഇടികൊണ്ട ഗാബോയും
മലയാളി വായനക്കാരോട് ലാറ്റിനമേരിക്കൻ
എഴുത്തുകാരെക്കുറിച്ച് പറഞ്ഞു പരിചയപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല.
പ്രത്യേകിച്ചും മാർക്വേസിനേയോ മരിയോ വർഗാസ് യോസയേയോ പോലുള്ള സാഹിത്യ ഭീമന്മാരെക്കുറിച്ച്.
ഇസബെൽ അലൻഡെ, കാർലോസ്
ഫുവന്റി, ജുവാൻ കാർലോസ് ഒനെറ്റി, അലേഹോ
കാർപെന്റിയർ തുടങ്ങിയ ധാരാളം അതിപ്രശസ്തരായ എഴുത്തുകാരുണ്ടെങ്കിലും ഗാബോയെന്ന്
മലയാളികൾ പോലും സ്നേഹത്തോടെ വിളിക്കുന്ന ഗബ്രിയേൽ ഗാർസ്യ മാർക്വേസിനെക്കുറിച്ച്
അദ്ദേഹത്തിന്റെ ജന്മനാടായ കൊളമ്പിയയിൽ പോലും ഇത്രയധികം പുസ്തകങ്ങളും പഠനങ്ങളും
ഇറങ്ങിയിരിക്കാൻ സാധ്യതയില്ല.
ഒരിക്കൽ അടുത്ത സുഹൃത്തുക്കളായിരുന്ന യോസയും
മാർക്വേസും തമ്മിലുള്ള ബന്ധം വഷളായതിനെക്കുറിച്ചും പിന്നീടൊരിക്കലും പരസ്പരം
മിണ്ടാതിരുന്നതിനെപറ്റിയുമുള്ള കാരണം നമ്മുക്കും തിരയാം. 1967ൽ ഏകാന്തയുടെ
നൂറുവർഷങ്ങൾ എന്ന നോവൽ ഇറങ്ങിയതിനു ശേഷമാണ് മരിയോ വർഗാസ് യോസയും, മാർക്വേസും ഉറ്റ
ചങ്ങാതിമാരാകുന്നത്. എന്നാൽ ഒൻപത് വർഷത്തിനുശേഷം, 1976ലെ
വാലന്റൈൻസ് ദിനത്തിന് രണ്ടുദിവസം മുൻപ് മെക്സിക്കോയിലെ ഒരു തിയറ്ററിൽ വച്ച്
മാർക്വേസിന്റെ മുഖത്ത് ഒന്നാന്തരമൊരു സക്കർ പഞ്ച് കൊടുത്തുകൊണ്ട് മരിയോ വർഗാസ് യോസ
ആ ബന്ധം ഇല്ലാതാക്കി. അതിനുശേഷം മാർക്വേസിന്റെ മരണം വരേക്കും അവർ തമ്മിൽ
സംസാരിച്ചിരുന്നില്ല.
ഈ സംഭവത്തിന്റെ യഥാർത്ഥ കാരണമന്വേഷിച്ച്
ലോകത്തുള്ള സകല പാപ്പരാസികളും ചുറ്റിക്കറങ്ങിയെങ്കിലും ആർക്കും ഒരു വിവരവും
ലഭിച്ചില്ല. മൊബൈൽ ഫോണിന്റേയും ഷൂട്ട് അറ്റ് സൈറ്റിന്റേയും കാലമല്ലായിരുന്നല്ലോ? രണ്ട് സാഹിത്യകാരന്മാരും ആ
സംഭവത്തെക്കുറിച്ച് മൌനം പാലിച്ചു. എന്നാൽ അടിപിടിയുടെ സ്മരണക്കായി ഇടികൊണ്ട്
കരിനീലിച്ച കണ്ണും പൊട്ടിയ മൂക്കിന്റെ പാലവും വെളിവാക്കുന്ന ഒരു ചിത്രം ഗാബോ
എടുപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫർ സുഹൃത്തായ റോഡ്രിഗോ മോയയാണ്
ചിത്രമെടുത്തത്. 1976 ഫെബ്രുവരി 14ന് എടുത്ത ആ ചിത്രം വളരെക്കാലം ആരും കാണാതെ
ഫോട്ടോഗ്രാഫറുടെ കയ്യിൽത്തന്നെയിരുന്നു. അയാളുടെ പത്രപ്രവർത്തകനായ ഒരു സുഹൃത്ത്
യാദൃശ്ചികമായി അതുകണ്ടപ്പോൾ ആവശ്യപ്പെട്ടു, പണം
കൊടുക്കാമെന്നു പറഞ്ഞിട്ടുപോലും മോയ അത്
നൽകാൻ തയാറായില്ല. എന്നാൽ അങ്ങനെയൊരു ചിത്രം നിലവിലുണ്ടെന്ന് വാർത്ത കാട്ടുതീപോലെ
പടർന്നു. ഒടുവിൽ മോയ ഫ്രീ ലാൻസറായി ജോലി ചെയ്തിരുന്ന ‘ല ഹൊർണാടാ’ എന്ന മെക്സിക്കൻ
ദിനപത്രം മാർക്വേസിന്റെ 80ആം ജന്മദിനത്തോടനുബന്ധിച്ച്, 2007 മാർച്ച്
ആറിന്, മോയ എടുത്ത, ഇടികൊണ്ട് കറുത്ത കണ്ണുമായി ചിരിക്കുന്ന മാർക്വേസിന്റെ മുഖചിത്രവുമായാണ്
ഇറങ്ങിയത്. യോസയുമായുള്ള അടിപിടിയുടെ ബാക്കിപ്പത്രമായ കരിനീലിച്ച മുഖമുള്ള മാർക്വേസിന്റെ
ചിത്രം അങ്ങനെ 31 വർഷത്തിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. എങ്കിലും മരിയോ വർഗാസ്
യോസ എന്തിനു മാർക്വേസിനെ ഇടിച്ചു എന്നത് അപ്പോഴും അവ്യക്തമായിത്തന്നെ തുടർന്നു.
2014 ഒക്ടോബർ വരെ. അന്നാണ് കൊളമ്പിയൻ പത്രപ്രവർത്തകയായ സിൽവാന പറ്റേർനോസ്ട്രോ എഴുതിയ സോളിറ്റ്യൂഡ് &
കമ്പനി എന്ന പുസ്തകം ഇറങ്ങുന്നത്. THE LIFE OF GABRIEL
GARCÍA MÁRQUEZ TOLD WITH HELP FROM HIS FRIENDS, FAMILY, FANS, ARGUERS, FELLOW
PRANKSTERS, DRUNKS, AND A FEW RESPECTABLE SOULS എന്നാണവർ
പുസ്തകത്തെക്കുറിച്ച് പറയുന്നത്. 2019ൽ എഡിത്ത് ഗ്രോസ്മാൻ ഇത് ഇംഗ്ലീഷിലേക്ക്
വിവർത്തനം ചെയ്തു. ഇതിലെ നോക്കൌട്ട് എന്ന അദ്ധ്യായം മരിയോ വർഗാസ് യോസയും ഗബ്രിയേൽ
ഗാർസ്യ മാർക്വേസും തമ്മിലെന്താണ് 1976 ഫെബ്രുവരി പന്ത്രണ്ടിന് സംഭവിച്ചത് എന്ന്
തിരയുന്നുണ്ട്.
ആ സംഭവത്തിന് ദൃക്സാക്ഷി ആയിരുന്ന ഗില്ലെർമോ
അങ്കുലോ എന്ന ഫോട്ടോഗ്രാഫറുടെ വാക്കുകളിൽ പറ്റേർനോസ്ട്രോ ഇത് വിവരിക്കുന്നു. “സ്ത്രീകളുടെ ഇഷ്ടപാത്രമായിരുന്നു
സുമുഖനായ യോസ, അദ്ദേഹം ഒരിക്കൽ ബാർസിലോണയിൽ നിന്നും പെറുവിലെ
എൽ കല്ലാലോയിലേക്ക് നടത്തിയ കപ്പൽ യാത്രയിൽ വച്ച് അതിസുന്ദരിയായൊരു സ്ത്രീയെ
പരിചയപ്പെട്ടു. വളരെപ്പെട്ടെന്നുതന്നെ പരിചയം പ്രണയമാവുകയും,
ഭാര്യയെ ഉപേക്ഷിച്ച് മരിയോ വർഗാസ് യോസ അവരുടെ കൂടെ കൂടുകയും ചെയ്തു. എന്നാൽ
കുറച്ചുനാളുകൾക്കുശേഷം യോസയും ഭാര്യ പട്രീഷ്യയും വീണ്ടും അടുത്തു. ആ സമയത്ത് യോസയെ
പ്രകോപിപ്പിക്കുവാൻ വേണ്ടി പട്രീഷ്യ പറഞ്ഞൊരു കാര്യമാണ് ഗാബോയുടെ കണ്ണ്
കറുപ്പിച്ചത്. “ഞാനും കാണാൻ അത്ര മോശമൊന്നുമല്ല, നിങ്ങൾ
മറ്റുപെണ്ണുങ്ങളുടെ പുറകെ പോയിരുന്ന സമയത്ത് ഗാബോയെപ്പോലുള്ള നിങ്ങളുടെ
സുഹൃത്തുക്കൾ വരെ എന്റെ പുറകെ വന്നിരുന്നു.” ഇതൊന്നും അറിയാതെ മാർക്വേസ്
മെക്സിക്കൻ തിയറ്ററിൽ വച്ച് പ്രിയ സുഹൃത്ത് മരിയോ വർഗാസ് യോസയെ കണ്ട സന്തോഷത്താൽ
ആലിംഗനം ചെയ്യാൻ അടുത്തു. അപ്പോൾ യോസ തിരിഞ്ഞുനിന്നു, ഇത് എന്റെ
ഭാര്യയോട് ചെയ്യാൻ ശ്രമിച്ചതിന് എന്നുപറഞ്ഞിട്ട് മാർക്വേസിന്റെ
മുഖത്തിടിക്കുകയായിരുന്നു. ഇടികൊണ്ട് കണ്ണട തകർന്നു. മാർക്വേസിന്റെ കണ്ണുകലങ്ങി, മൂക്കിൽ കണ്ണടയുടെ പാലം ഇടിച്ചുകയറി ചോരവന്നു. ഇതായിരുന്നു സംഭവം.”
മാർക്വേസിന്റെ
മരണശേഷം, 2017ൽ
സ്പാനീഷ് പത്രമായ എൽ പയീസിന് നൽകിയ അഭിമുഖത്തിൽ ഹോസേ ഗാബോയെക്കുറിച്ച്
സംസാരിക്കുന്നുണ്ട്. അദ്ദേഹം മരിച്ചപ്പോൾ വല്ലാതെ സങ്കടമുണ്ടായിയെന്നും. വളർന്ന
ചുറ്റുപാടുകളുടെ സാമ്യം മാത്രമല്ല ഒരേ കാലഘട്ടത്തിലെ ലാറ്റിനമേരിക്കൻ എഴുത്തുകാരെന്നതിലുപരി 20ആം
നൂറ്റാണ്ടിലെ വിഖ്യാത എഴുത്തുകാരനായ വില്യം ഫോക്നറുടെ രചനകളോടുള്ള താല്പര്യവും അവരെത്തമ്മിൽ
അടുപ്പിച്ചുവെന്നും അദ്ദേഹം ആ അഭിമുഖത്തിൽ പറയുന്നുണ്ട്.
ജുനൈദ്
2 comments:
വമ്പൻ എഴുത്തുകാർ തമ്മിലുള്ള
'ഈഗോ വാർ' അല്ലെ .നന്നായി പറഞ്ഞു .
ഓഫ് പീക് -
പിൻ ബെഞ്ച് ചാനൽ വരിക്കാരനായിട്ടുണ്ട് കേട്ടോ ഭായ്
വളരെ നന്ദി മുരളിയേട്ടാ
Post a Comment