ചുരുളിയും കളിഗെമിനാറിലെ കുറ്റവാളികളും
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന
സിനിമയുടെ ട്രെയിലർ ഇറങ്ങിയത് എല്ലാവരും കണ്ടുകാണുമല്ലോ. വിനോയ് തോമസിന്റെ, 2019 മലയാള മനോരമ
ഓണപ്പതിപ്പിൽ വന്ന, പിന്നീട് മുള്ളരഞ്ഞാണം എന്ന
കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കളിഗെമിനാറിലെ കുറ്റവാളികൾ എന്ന കഥയെ
ആസ്പദമാക്കിയാണ് ലിജോയുടെ സിനിമ.
പോസ്കോ വകുപ്പുപ്രകാരവും, റിസർവ് ഫോറസ്റ്റിൽ മ്ലാവിനെ
വെടിവച്ചതുമായ രണ്ടു കേസുകളിലെ പ്രതിയായ മൈലാടും കുറ്റി ജോയി എന്ന
കുറ്റവാളിയെത്തേടി ആന്റണിയെന്നും, ഷാജീവനെന്നും കള്ളപ്പേരു
സ്വീകരിച്ച രണ്ടുപൊലീസുകാരുടെ കിളിഗെമിനാറിലേക്കുള്ള യാത്രയാണ് വിനോയിയുടെ കഥ.
പൊട്ടിപ്പൊളിഞ്ഞതെങ്കിലും എമണ്ടൻ കണ്ടീഷനിലുള്ളൊരു ജീപ്പിൽ കാട്ടിലൂടെ യാത്രചെയ്ത്
ഒരു പുഴയുടെ അതിരിൽ നിർത്തി, അരികിൽ വച്ച ഉരുളൻ തടികൾ കൊണ്ട്
പ്പാലമുണ്ടാക്കി അക്കരെകടന്ന് കളിഗെമിനാറെന്ന ഉട്ടോപ്യൻ ദേശത്തവർ എത്തുന്നു. തടികൾ
പഴയതുപോലെ പാലമല്ലാതെ തടികൾ മാത്രമായി പുയരികിൽ എടുത്തുവച്ചുകഴിയുമ്പോൾ
പൊലീസുകാരുടെ കൂടെയുള്ള കിളിഗെമിനാറിലെ നാട്ടുകാർ അവരുടെ യഥാർത്ഥ സ്വഭാവത്തിലേക്ക്
പരിണമിക്കുന്നു. പിന്നെയവർ പുറം ലോകത്തിന്റെ കെട്ടുപാടുകളില്ലാത്തവരാണ്. ഒരു
സ്വതന്ത്രരാജ്യം, സ്വതന്ത്ര ജീവികൾ! ആന്റണിയുടെ
അടക്കിപ്പിടിച്ച ആഗ്രഹങ്ങൾ അതോടെ പുറത്തുവരുന്നു. ഷാജീവനും വല്യവത്യാസമൊന്നുമില്ല.
ആരും പൂർണ്ണമായും നല്ലവരോ കെട്ടവരോ
അല്ലായെന്നതുപോലെ, എല്ലാവരിലും നൻമയോ തിന്മയോ ഏറിയും കുറഞ്ഞുമുണ്ടെന്നും കഥപറയുന്നു.
കുറ്റവാളിയെ പിടിക്കാൻ മറുവേഷത്തിലെത്തുന്ന പൊലീസുകാരും അതിൽ നിന്നും മുക്തരല്ല.
എന്നാൽ നിയമത്തിന്റെ മേലങ്കിയുള്ളതുകൊണ്ട് അവർ ചെയ്യുന്നത് കുറ്റമല്ലാതാവുകയും അതേ
കൃത്യങ്ങൾ കൊണ്ട് സാധാരണക്കാർ കുറ്റവാളിയാവുകയും ചെയ്യുന്ന പ്രതിഭാസത്തിന്റെ
ലിഖിതരൂപമാണ് വിനോയിയുടെ കളിഗെമിനാറിലെ കുറ്റവാളികൾ. എന്നാൽ ലിജോ ജോസ്
പെല്ലിശ്ശേരി അത് സിനിമയാക്കുമ്പോൾ ചുരുളി എന്നാകുന്നു. ട്രെയിലർ തുടങ്ങുന്നത്
ചുരുണ്ടുചുരുണ്ടു പോകുന്ന ഈനാമ്പേച്ചിയെ കാണിച്ചാണ്. അതോ പാമ്പാണോ? ശൽക്കങ്ങൾ കൂട്ടിമുട്ടുന്ന ഒച്ചയാണ് ഏതായാലും ബിജിയെം. ട്രെയിലറിൽ വോയിസ്
ഓവറായി ഒരു ഉപകഥകൂടിയുണ്ട് ഉറുമ്പുതീനിയുടെ രൂപം മാറി വരുന്ന മാടൻ ഒരു തിരുമേനിയെ
പറ്റിച്ച് കാട്ടിലൂടെ തേരാപ്പാരാ നടത്തുന്ന കഥ. “അങ്ങനെയങ്ങനെ തിരുമേനിയിപ്പോഴും
കണ്ടവഴിയേ പൊയ്ക്കോണ്ടിരിക്കുവാ” എന്ന് ട്രെയിലറിൽ പറഞ്ഞതുപോലായാണ് നമ്മൾ
കാഴ്ച്ചക്കാർ. ലിജോ അങ്ങോട്ട് നോക്കാൻ പറയുന്നു, നമ്മൾ
പോകുന്നു, ഇങ്ങോട്ട് നോക്കാൻ പറയുന്നു, നമ്മൾ നോക്കുന്നു. കഥവേറേ സിനിമ വേറേ എന്നാണ് ലിജോയുടെ ലൈൻ. എസ്.
ഹരീഷിന്റെ മാവോയിസ്റ്റ് ജെല്ലിക്കെട്ട് ആയപ്പോൾ നമ്മൾ കണ്ടതാണല്ലോ.
ഏതായാലും വിനോയിയുടെ കളിഗെമിനാറിലെ
കുറ്റവാളികളിൽ ഷാജീവൻ പറയുന്നുണ്ട്...
“ശരിയാ, ചുഴിഞ്ഞുചുഴിഞ്ഞു
നോക്കിയാൽ എല്ലാത്തിനും എന്തെങ്കിലും കുഴപ്പവൊക്കെക്കാണും. പിന്നെ
ഒരുകണക്കിനാലോചിച്ചാ അതൊക്കെ എന്തിനാന്നേ നമ്മൾ നോക്കാൻ നിക്കുന്നത്.”
ലിജോ ജോസ് പെല്ലിശ്ശേരിയെന്ന ഫിലിം മേക്കറുടെ
മാസ്റ്റർ ബ്രെയിനിൽ നിന്നും കിളിഗെമിനാറിലെ കുറ്റവാളികളെത്തപ്പി ആൻറ്റണി സാറും
ഷാജീവനും കാടുകയറുമ്പൊൾ എന്താണ് കാണികൾക്കായി കാത്തുവച്ചിരിക്കുന്നതെന്ന്
നമ്മുക്ക് കണ്ടുതന്നെയറിയാം.
View This
View This
1 comment:
കഥയും സിനിമയും പിന്നെ ട്രെയിലറും കൊള്ളാം
Post a Comment