Trending Books

Saturday, 2 February 2019

അലിംഗം - എസ്. ഗിരീഷ് കുമാർ




നടന്മാർ പെൺ‌വേഷം കെട്ടിയതിൽ ആദ്യം ഓർമ്മ വരുന്നത് അവ്വൈ ഷണ്മുഖിയാണ്. ചിലപ്പോൾ, അരോചകമായിത്തോന്നിയ മായാമോഹിനിയും. എന്നാൽ നായികാവേഷങ്ങൾ ചെയ്യാൻ സ്ത്രീകൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ സ്ത്രീകളെപ്പോലും അൽഭുതപ്പെടുത്തുന്ന രീതിയിൽ നായികാനടനായി അരങ്ങുവാണ ഓച്ചിറ വേലുക്കുട്ടിയുടെ ദന്ദ്വ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് ഗിരീഷ് കുമാർ എഴുതിയ, ഡിസി നോവൽ മത്സരത്തിൽ അവസാന അഞ്ചിൽ സ്ഥാനം നേടിയ, അലിംഗം.
അരങ്ങിലും, അണിയറയിലുമായുള്ള ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം മാത്രമല്ല അലിംഗം, കേരളത്തിലെ നാടകത്തിന്റെ വളർച്ച കൂടിയാണിതിലുള്ളത്. വീട്ടുമുറ്റത്തുനിന്നും, അമ്പലമുറ്റത്തുനിന്നും, താൽക്കാലിക സ്റ്റേജുകളിൽ നിന്നും, സ്ഥിരമായ വേദികളിലേക്കുള്ള നാടകത്തിന്റെ വളർച്ച. സംഗീത നാടകക്കാലത്തുള്ള പുരാണ തമിഴ് നാടകങ്ങളിൽ നിന്നും നാടകം മലയാളത്തിലേക്ക് വളർന്നത് ഓച്ചിറ വേലുക്കുട്ടിയിലൂടേയും, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരിലൂടെയുമൊക്കെയാണ്. വേലുക്കുട്ടിയുടേയും കൂടി പ്രയത്നത്തിൽ ആരംഭിച്ച ഓച്ചിറ പരബ്രഹ്മോദയം സംഗീത നടനസഭയുടേ നേതൃത്വത്തിൽ, കുമാരനാശാന്റെ കരുണയെന്ന ഖണ്ഡകാവ്യത്തിനെ ആസ്പദമാക്കി സ്വാമി ബ്രഹ്മവ്രതൻ രചിച്ച നാടകം മലയാള നാടകത്തിനു പുതുമാറ്റം കൊണ്ടുവന്നപ്പോൾ, കരുണയിലെ വാസവദത്ത ഓച്ചിറ വേലുക്കുട്ടിയേയും തിരുത്തി. അദ്ദേഹം പൂർണ്ണമായും വാസവദത്തയായി.
അലിംഗം നാടകവും, വേലുക്കുട്ടിയും കൂടാതെ അക്കാലത്തെ സാമൂഹിക മാറ്റങ്ങളും, പരിഷ്ക്കാരങ്ങളും കൂടി പ്രതിപാദിക്കുന്നുണ്ട്. പണ്ടാരങ്ങൾ, പറയർ, ചോവർ, നായർ, പിള്ള, പോറ്റി ജാതിവ്യവസ്ഥകളും, വൈജാത്യങ്ങളും ബാഹ്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നു.
ആത്യന്തികമായി നാടകം മാത്രം ആഗ്രഹിച്ച മികച്ച അഭിനേതാവായിരുന്നു ഓച്ചിറ വേലുക്കുട്ടി.
ദമയന്തിയായും, ശകുന്തളയായും, നല്ലതങ്കയായും, ലെക്പെഷ്വാൾ ദാസിയായും അഭിനയിച്ചെങ്കിലും, കരുണയിലെ വാസവദത്തയായിരുന്നു നായികാനടന്റെ മാസ്റ്റർപീസ്. അരങ്ങിലെത്തുമ്പോൾ വാസവദത്തയായി ജീവിച്ചപ്പോൾ അരങ്ങിനു പുറത്ത് അദ്ദേഹം വാസവദത്തയുമായി ഏറ്റുമുട്ടി. വാസവദത്തയും വേലുക്കുട്ടിയുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട നായകനായിരുന്നു വേലുക്കുട്ടി. രാജാപ്പാർട്ട് ആയി വേഷം കെട്ടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിലെ സ്ത്രീത്വവും ശ്രീത്വവും അതിൽ വില്ലനായി മാറുകയായിരുന്നു.
ബബ്ബലഭട്ടർ, കുട്ടീശ്വരൻ സെറ്റിലെ രാജാപാർട്ട് ചെയ്യുന്ന ബബ്ബലഭട്ടരാണ് വേലുക്കുട്ടിയിലെ നടിയെ കണ്ടെത്തുന്നത്. പിന്നീട് അമ്മാവൻ കുട്ടീശ്വരൻ ബാലനടനസഭയിൽ ചേർത്തതുമുതൽ വേലുക്കുട്ടിയുടെ നടനജീവിതം ആരംഭിക്കുന്നു. വാസ്തവത്തിൽ അവിടം മുതൽ തന്നെ സ്ത്രീജീവിതവും തുടങ്ങുന്നു. സ്ത്രീപാർട്ടിലൂടെ സ്ത്രീയായി ജീവിക്കുമ്പോൾ പുരുഷനാണെന്ന ഓർമ്മ വരികയും ജീവിതത്തിൽ പുരുഷനായി ജീവിക്കാൻ ശ്രമിക്കുകയും, അതിനായി മദ്യപിക്കുകയും, സ്ത്രീകളെപ്രാപിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴും, അതിലൊന്നും സമരസപ്പെടാനാകാതെ വാസവദത്തയിലേക്ക് തിരികെപ്പോവുകയും ചെയ്യുന്ന വേലുക്കുട്ടിയുടെ ജീവിത പ്രതിസന്ധികളെ, ട്രാൻസ്ജെൻഡർ വ്യക്തിത്വത്തെ വ്യക്തമായി വരച്ചിടുന്നുണ്ട് അലിംഗം.
സന്തോഷ് കീഴാറ്റൂരിന്റെ പെൺ‌നടൻ എന്ന ഏകാങ്ക നാടകവും ഓച്ചിറ വേലുക്കുട്ടിയെക്കുറിച്ചാണ്. കാണാൻ സാധിക്കാഞ്ഞതിനാൽ അലിംഗവും നാടകവും ചേർത്തുനോക്കുന്നില്ല, രണ്ടായിത്തന്നെയിരിക്കട്ടെ.
ഡിസി ബൂക്സ്
Girish Kumar
​₹ 270

3 comments:

Cv Thankappan said...

പുസ്തക പരിചയം നന്നായി
ഞങ്ങളുടെ ചെറുപ്പത്തിൽ ഗ്രാമത്തിലെ ആർട്സ് ക്ലബ്ബുകളും ,വായനശാലകളും ,ക്ഷേത്രകമ്മിറ്റികളും അവതരിപ്പിച്ചിരുന്ന നാടകങ്ങളിലെ സ്ത്രീവേഷം മിക്കതും പുരുഷന്മാരെ വേഷം കെട്ടിച്ചുകൊണ്ടായിരുന്നു ചെയ്തിരുന്നത് .
ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...


അലിംഗം പുസ്തക പരിചയം..
നായികാവേഷങ്ങൾ ചെയ്യാൻ സ്ത്രീകൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ സ്ത്രീകളെപ്പോലും അൽഭുതപ്പെടുത്തുന്ന രീതിയിൽ നായികാനടനായി അരങ്ങുവാണ ഓച്ചിറ വേലുക്കുട്ടിയുടെ ദന്ദ്വ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് ഗിരീഷ് കുമാർ എഴുതിയ, ഡിസി നോവൽ മത്സരത്തിൽ അവസാന അഞ്ചിൽ സ്ഥാനം നേടിയ, അലിംഗം.

Areekkodan | അരീക്കോടന്‍ said...

പുസ്തക പരിചയം അസ്സലായി...