Trending Books

Sunday, 30 November 2014

സൂര്യകാന്തി















ഒരു സൂര്യകാന്തിത്തോട്ടത്തിലെ
ഏറ്റവും വലിയ പൂവായിരിക്കുന്നു ഞാൻ
അതിനുള്ളിൽ നീയെന്ന സൂര്യനെ 
ആരും കാണാതെ ഒളിപ്പിച്ചു വയ്ക്കണം
പകൽ പെട്ടന്ന് രാത്രിയാകും

എന്റെ മെയ്യോട് ചേർന്ന്, നിന്റെ 
ചൂടൻ മഞ്ഞവെളിച്ചം തണുത്ത് നിറം മാറും
ഇതളുകൾക്കിടയിലൂടെ പച്ചയും നീലയും
മിന്നാമിനുങ്ങുകളായ് പുറത്തുകടക്കും

വെളിച്ചമില്ലാത്തതിനാൽ മറ്റെല്ലാ 
സൂര്യകാന്തികളും കണ്ണടച്ചു തന്നെയിരിക്കും
ഞാൻ മാത്രം രാത്രിയിലും വിരിയും
എല്ലാ മിന്നാമിന്നികളും
എന്റെയുടൽ ചേർന്നു പുൽകും

Saturday, 15 November 2014

ഇലകൾ














മരങ്ങളേ നിങ്ങളെ മറന്നിട്ടല്ല,
കാറ്റിന്റെ കൈപിടിച്ച്
കറങ്ങാനുള്ള കൊതികൊണ്ടുമല്ല
ഇലകൾ നിങ്ങളുടെ ഉടലിൽ നിന്ന്
വേർപെട്ട് പോകുന്നത്...
ഓരോ ഇലകളിലും 
ഭൂമിയെന്ന് എഴുതിയിട്ടുണ്ട്
അതുകൊണ്ടാണ്
എത്ര ഭാരപ്പെട്ടാലും

എത്ര നനഞ്ഞാലും
എത്ര തണുത്താലും
എത്ര വെയിലുകൊണ്ടാലും
നിനക്ക് തണുക്കരുതേ
പൊള്ളരുതേയെന്ന് സ്നേഹിച്ച്
ഭൂമിയെ പൊതിഞ്ഞു പിടിക്കുന്നത്