വിശന്ന് വിശന്ന് എന്ത് ചെയ്യണമെന്നോർത്ത്
ഫ്രിഡ്ജ് തുറന്നപ്പോളാണ്
ഒരു ശകലം ചോറുമില്ല
ഒരൊറ്റക്കറി പോലുമില്ലെന്ന് കണ്ടത്
എന്നാൽ അരികഴുകാമെന്ന് കരുതുമ്പോൾ
കറിയൊന്നുമില്ലാതെ എങ്ങനെകഴിക്കുമെന്നൊ-
രാധി കഴുത്തിന് കുത്തിപ്പിടിക്കുന്നു
ഫ്രീസറിൽ കഴുകി വൃത്തിയാക്കിയ
അയലയിരിക്കുന്നു, പൊരിക്കാനാണെങ്കിൽ
അതിലിനി മസാല പുരട്ടണം
കയ്യിലൊക്കെ മസാലയാകും, എരിയും
പോരാത്തതിന് മീൻ നാറ്റവും, വേണ്ട
അതിന്റെ കൂടെ മരവിച്ചൊരു കോഴിയിരിക്കുന്നു
എന്നോ മരിച്ച്, പുനർജ്ജനിച്ച്
പിന്നെയും മരിച്ച് പിന്നെയും പുനർജ്ജനിച്ച
ആ ആത്മാവിനെയോർത്തിരുന്നപ്പോളാണ്
ഇതിനെ ഡീഫ്രോസ്റ്റ് ചെയ്തെടുക്കാൻ
എത്ര നേരമാകുമെന്നൊരു ബോധോദയമുണ്ടായത്
അങ്ങനെയതും ഒഴിവാക്കാമെന്നങ്ങ് വച്ചു
അന്നേരമാണ് കിഴങ്ങും, ചേമ്പും, വെണ്ടയ്ക്കയും
മുരിങ്ങയ്ക്കയുമൊക്കെയിരിക്കുന് നത് കണ്ടത്
എന്നാൽപ്പിന്നെ ഒരു സാമ്പാറോ, അവിയലോ
ഉണ്ടാക്കി പച്ചക്കറിയനാവാമെന്ന് കരുതുന്നത്
അല്ല, ചോറില്ലാതെയെന്തിനാണീ
കോപ്പിലെ അവിയലും സാമ്പാറും
കോഴിക്കറിയും, മീൻ പൊരിച്ചതും ?
ഇന്നും പുറത്തൂന്ന് കഴിക്കാമെന്ന് കരുതി
ബിരിയാണിക്കടയുടെ മുന്നിലെത്തിയപ്പോൾ
എന്റെ മടിയൻ നെഞ്ച് പൊളിച്ചുകൊണ്ട്
ചടച്ചമുടിയും മൂർച്ചയേറിയ നോട്ടവുമുള്ളൊരു
വിശപ്പ്, കടയുടെ മുന്നിലെ വേയ്സ്റ്റ് കുപ്പ തിരയുന്നു