ദൈവമെന്നൊരു ചിത്രകാരൻ
വരച്ച ജീവിതമെന്ന റോഡിലൂടെ
കാറിൽ, നൂറേനൂറേൽ പോകുമ്പോൾ
ഒരു പട്ടി കുറുകേചാടുന്നു
ഹസാർഡ് ലൈറ്റിടാതെ
സഡൻ ബ്രേക്കിട്ട് നിർത്തുമ്പോൾ
പുറകിലൊരു ലാൻഡ് റോവർ
അലറിക്കരഞ്ഞു മുഖം തിരിച്ചു നിന്നു
മാന്യതയുടെ പുറംതോടിട്ടൊരു ചിത്രം
അതിൽ നിന്ന് ചാടിപ്പുറത്തിറങ്ങുന്നു
ഞങ്ങൾ രണ്ടാളും ഒരുമിച്ച് നായിന്റെ മോനേയെന്ന്
സ്നേഹം പങ്കിടുന്ന തക്കത്തിന്
മുഖം കറുപ്പിക്കാതെ പട്ടിയോടി രക്ഷപെടുന്നു
ഞങ്ങൾ പുറകേ പായുന്നു
അരികിൽ തവിട്ട് പുല്ലുകൾ കാവൽ നിൽക്കുന്ന
ആരോ കുടഞ്ഞ കറുത്തവെൽവെറ്റ് തുണിയായ്
റോഡ് അറ്റം കാണാതെ വളഞ്ഞുപുളയുമ്പോൾ
അറിയുന്നതും, അറിയാത്തതൂം, അറിഞ്ഞാലും
അറിയാത്തതെന്ന് നടിക്കുന്നതുമായ ചില ബന്ധങ്ങൾ
പൂവുകൾ, വീടുകൾ, കടകൾ, പള്ളികൾ, കൊടികൾ,
പക്ഷികൾ, മുട്ടകൾ, മത്സ്യങ്ങൾ, പച്ചക്കറികൾ,
മാംസങ്ങൾ, കായലുകൾ, പുഴകൾ, കടലുകൾ..
വരുന്നു പോകുന്നു..വരുന്നു പോകുന്നു..
വരുന്നു പോകുന്നു, പോയിക്കൊണ്ടേയിരിക്കുന്നു
മുന്നിലും പിന്നിലുമായ്, പിന്നിലും മുന്നിലുമായ്
ഒറ്റവണ്ടിവഴിയിലൂടെ ചുവന്ന സിഗ്നൽ കടന്ന്
കുതികുതിക്കുമ്പോൾ, ഭാഗ്യവാന്റെ ജീവനെന്ന്
ഞങ്ങളപ്പോൾ പേരിട്ട പട്ടിയെ കാണാതാവുന്നു..
ഇതിന്നിടയിൽ പകൽ രാത്രിയെ അധിവേശിക്കുന്നു
ഒരു ബസ് അവസാന സ്റ്റോപ്പിലേക്കെത്തുന്നു
ഞങ്ങൾ മത്സരിച്ച് മത്സരിച്ച് മാന്യരാകുന്നു
റോഡിലും ഭിത്തിയിലും കറുപ്പിലും വെളുപ്പിലും
പലനിറങ്ങളിലും ചിത്രങ്ങൾ വരയ്ക്കുന്നു,
വരച്ചുകൊണ്ടേയിരിക്കുന്നു, രാത്രി ചുവപ്പിക്കുന്നു