Trending Books

Friday, 15 August 2014

തുടക്കവും ഒടുക്കവുമില്ലാതെ....

















ഇതെന്താണിങ്ങനെ, ഒന്നുമറിയാത്ത പോലെ ഞാൻ ഒഴുകിയൊഴുകി നടക്കുന്നത്, ഉള്ള് പൊള്ളയായ മരത്തടി പോലെ, പൊങ്ങ് പോലെ, അപ്പൂപ്പൻ താടി പോലെ, മഴമേഘം പോലെ ഒഴുകിയൊഴുകി പോകുന്നു. എങ്ങോട്ടാണെന്റെയൊഴുക്ക്, നീയെന്താണൊന്നും മിണ്ടാത്തത്. ഈ ഒഴുക്ക് തടഞ്ഞ് ആരാണെന്നെ കരപറ്റിക്കുന്നത്, എന്നാണ് ഞാൻ പെയ്തുതോരുന്നത്, എന്നാണ് ഞാൻ നനഞ്ഞ മണ്ണിൽ തൊടുന്നത്, എന്നാണ് ഞാനെന്റെ കടലിൽ ചെന്ന് ചേരുന്നത്?

എനിക്കെന്താണ് സംഭവിക്കുന്നത്. ഈ രാസമാറ്റം എന്തിനാണ്? ആരാണെന്റെ രാസകമായിരിക്കുന്നത്.എന്റെ മനസ്സിൽ എന്ത് മാറ്റങ്ങളാണ് സംഭവിക്കുന്നത്.ഈ ലോകം മുഴുവൻ മാറിയതാണോ? അതോ ഞാനാണോ മാറുന്നത് ? എന്റെ കവിതകളുടെയെല്ലാം ഉറവകൾ നിന്റെയുള്ളിൽ ആരാണ് കുടിവച്ചത്. എന്തിനാണ് നീയിങ്ങനെ എന്റെയുള്ളിൽ ഒഴുകി നിറയുന്നത്. 

നിന്റെ മഴയെല്ലാം പെയ്തൊഴിയുന്നത് എന്റെ മനസ്സിലാണോ? നിന്റെ ഓർമ്മകളുടെ അണക്കെട്ടായിരിക്കുകയാണെന്റെ മനസ്സ്. നീ പെയ്തുകൊണ്ടേയിരിക്കണം. എനിക്ക് നിറഞ്ഞ് കവിയണം, കരകവിഞ്ഞൊഴുകണം.ചുറ്റുമുള്ള മണ്ണെല്ലാം നനച്ച്നനച്ച് തണുപ്പിക്കണം. സ്വപ്നത്തിന്റെ വിത്തുകളവയിൽ പാകണം.ഓരോ ഇലയും എണ്ണിയെണ്ണി വിരിയിക്കണം. കടും പച്ച നിറത്തിലെ ഇലകളിൽ തൊട്ട് ആ നിറങ്ങൾ മുഴുവനും എന്റെ കയ്യിൽ പതിക്കണം, പതിയെപ്പതിയെ ആ ചെടികളിൽ പൂക്കൾ നിറയുന്നത് കാണണം, ആ പൂക്കളുടെ സൌരഭ്യം എന്റെ നാസാരന്ധ്രങ്ങളിൽ നിറയണം, എന്റെ ശരീരം മുഴുവൻ പടരണം. ഞാൻ പൂത്ത് പൂത്തൊരു പൂക്കാലമാകണം.ഒരിക്കലും പൊഴിയാത്ത അനേകം പൂക്കളുടെ പുതപ്പിനടിയിൽ എനിക്ക് നിന്റെ ഓർമ്മകളുമായ് ചുരുണ്ട് കൂടണം.

നീ മഴകൊണ്ട് നടക്കുന്നത് എന്റെ മനസ്സിന്റെ താഴ്‍വരകളിലാണ്.നീ കാണാത്ത കാഴ്ചകളാണ് ഞാനവിടെ നിറച്ചിരിക്കുന്നത്. നിനക്ക് മഴയോട് സംസാരിക്കാം, വെള്ളത്തുള്ളികൾ നിനക്ക് മറുപടി തരും.പലപല ശബ്ദങ്ങളിൽ അവ നിനക്കായ് പാട്ടുകൾ പാടും. നിന്റെ ഉറക്കറയിലെന്ന പോലെ ഗസലുകളുടെ ഇളം നാദത്തിൽ അവ നിന്നെ തഴുകിക്കൊണ്ടേയിരിക്കും. നീ ഉള്ളം മറന്നുറങ്ങും. 

നിന്റെയുറക്കത്തെ ഞാനെന്റെ കൈക്കുമ്പിളിൽ കോരിയെടുക്കും, നിന്റെ ശ്വാസോച്ചാസങ്ങൾ എന്റെ കൈവെള്ളയിൽ ഇക്കിളിയാക്കും. എന്റെ ചുംബനങ്ങളെ നിന്റെ മുടിയിഴകളിൽ ഞാനൊളിപ്പിച്ചു വയ്ക്കും. നിന്റെ ഗന്ധത്തിലുന്മാദരായാവർ പിരിഞ്ഞുപോകാനാവാതെ നിന്റെ കൂന്തലിൽ തന്നെ അന്ത്യവിശ്രമം കൊള്ളും. 

5 comments:

പട്ടേപ്പാടം റാംജി said...

മഴകള്‍ പെയ്തുകൊണ്ടേ ഇരിക്കട്ടെ

ajith said...

ഇതെന്താണിങ്ങനെ, ഒന്നുമറിയാത്ത പോലെ ഞാൻ ഒഴുകിയൊഴുകി നടക്കുന്നത്, ഉള്ള് പൊള്ളയായ മരത്തടി പോലെ, പൊങ്ങ് പോലെ, അപ്പൂപ്പൻ താടി പോലെ, മഴമേഘം പോലെ ഒഴുകിയൊഴുകി പോകുന്നു. എങ്ങോട്ടാണെന്റെയൊഴുക്ക്, നീയെന്താണൊന്നും മിണ്ടാത്തത്. ഈ ഒഴുക്ക് തടഞ്ഞ് ആരാണെന്നെ കരപറ്റിക്കുന്നത്, എന്നാണ് ഞാൻ പെയ്തുതോരുന്നത്, എന്നാണ് ഞാൻ നനഞ്ഞ മണ്ണിൽ തൊടുന്നത്, എന്നാണ് ഞാനെന്റെ കടലിൽ ചെന്ന് ചേരുന്നത്?>>>>>>>>>> പണ്ട് കഞ്ചാവ് ഒരിക്കല്‍ വലിച്ചപ്പോള്‍ ഈ ഫീലിംഗ്സ് ഒക്കെ വന്നാരുന്നു.

മൊത്തത്തില്‍ ഒരു ലഹരിയൊക്കെയുണ്ട് ഈ കവിതക്കും!

ശിഖണ്ഡി said...

ഒഴുകട്ടെ...ആശംസകള്‍

lekshmi. lachu said...

കുറെ കാലങ്ങൾക്കുശേഷമാണ് ഞാൻ വീണ്ടും ബ്ളോഗിൽ തിരിച്ചെത്തുന്നത്..വായിച്ചു..ഇഷ്ടമായി.നല്ല സാഹിത്യം..തുടര്ന്നും എഴുതുക..ആശംസകൾ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒടുക്കമില്ലാത്ത തുടക്കം....