ഉറക്കത്തിനും ഉണർവ്വിനുമിടയിൽ
ശ്വേത വസ്ത്രധാരിയായ
ഒരുവന്റെ ഇറങ്ങിപ്പോക്കുണ്ട്
പുറത്തെ കണ്ണഞ്ചിക്കുന്ന വെയിലിലേക്ക്
വെയിൽ തിളച്ചു മറിയുന്ന കറുത്ത റോഡിലൂടെ
സ്വയം മറന്നൊരു കുഞ്ഞിന്നരികിലൂടെ
തണൽകായുമൊരു കുടുംബത്തിലേക്ക്
ഒരു വെയിൽകായപ്രവേശം
ഇതവന്റെയൊരു വേലയാണ് ഈ മുതുപാതിരയ്ക്കും പുറത്ത് കൊടുംവെയിലാണെന്ന് തോന്നിപ്പിക്കുന്ന അവന്റെ കള്ളക്കളി, എന്റെ ഇരട്ടി ഉയരത്തിൽ നിൽക്കുന്ന അവന്റെ നിഴലിൽ എനിക്ക് കാണാം അവൻ ചെയ്യുന്ന അഭ്യാസങ്ങൾ, ആ കുഞ്ഞിനെ അവൻ കരയിക്കും...എനിക്കറിയാം, കുഞ്ഞുങ്ങൾക്കെന്നെ ഇഷ്ടമാണ്, പക്ഷെ ഇവൻ അങ്ങനല്ല, ചിരിക്കുന്ന കുഞ്ഞുങ്ങളെ കരയിക്കും,ഈ കണ്ണുകാണാത്ത വെയിലിൽ തണൽ കൊള്ളുന്ന കുടുംബത്തെ നിങ്ങൾ കണ്ടില്ലേ, കുടുംബ ബന്ധങ്ങളുടെ വില അവനറിയില്ല, അവൻ അവരെ അവിടുന്ന് ഓടിക്കും, അവരുടെ ഇടയിലേക്ക് അവൻ കല്ലു വലിച്ചെറിയും. വെയിലിന്റെ മറവിൽ നിൽക്കുന്ന ഇവനെ അവർക്ക് കണികാണാൻ പോലും പറ്റില്ല. ഞാൻ ഉണർന്നാൽ ഇവന്റെ ഈ വേലകളൊന്നും നടക്കില്ല.
ഞാൻ കാണുന്നുണ്ടോയെന്ന്
ഇടയ്ക്കിടെ അവന്റെ തിരിഞ്ഞുനോട്ടമുണ്ട്
ഇരുട്ടുനിറഞ്ഞയെന്റെ കിടപ്പറയിലേക്ക്...
അറിയാത്ത ഭാവത്തിൽ ഞാൻ കണ്ണടയ്ക്കും
കുഞ്ഞുന്നാളിലെ എന്റെ കളിക്കോപ്പും,
ഇപ്പോഴുള്ള എന്നേയും
അവൻ കൊണ്ടുപോകുന്നത്
ഞാനറിയില്ലായെന്നാണവന്റെ ധാരണ,
എന്റെ എല്ലാ കളിക്കോപ്പുകളും അവനിങ്ങനെ കൊണ്ടുപോയിട്ടുണ്ട്, പലപല പ്രായത്തിലുള്ള എന്നെത്തന്നെ കൈകളിൽ കോരിക്കൊണ്ട് പോകും, വേണ്ടായെന്ന് പറയാൻ ഒരുങ്ങുമ്പോഴേക്കും അവൻ മുഖം പകുതി ചരിച്ച് ഒരു കോടിയ ചിരിചിരിക്കും, വെയിലിലേക്ക് നടക്കും, അവന് ഇരുട്ടിനെ വെയിലാക്കാനറിയുന്നവനാണ് വെയിൽകായപ്രവേശം ചെയ്യുന്നവനാണ്.അവൻ ഒന്നുമറിയണ്ട, എവിടം വരെ പോകുമെന്ന് നോക്കാമെന്ന് ഞാൻ.
അതെ, അവനറിയാതിരിക്കാനാണ്
മൂത്രമൊഴിക്കാൻ മുട്ടിയിട്ടു പോലും
ഞാൻ ഉറക്കം നടിച്ചു കിടക്കുന്നത്.