Trending Books

Friday, 8 March 2013

ഞാൻ മരിച്ചു പോയാൽ


മാർച്ച് 2-8 ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വന്നത് 



ഞാൻ മരിച്ചു പോയാൽ 
നീ താഹിർ ഷഫീഖിനെ വിളിക്കണം 
ബാലിഹോണിസിലെ പള്ളിപ്പറമ്പിൽ 
എനിക്കായ് ഒരു സ്ഥലം അയാളൊരുക്കും, 
അയാൾ നല്ലവനാണ്, 

ജീവിച്ചിരിക്കുന്ന എന്നെ 
നാട്ടിലെത്തിക്കുന്നതിനേക്കാളും 
ചിലവാണ് മരിച്ച എന്നെ 
നാട്ടിലെത്തിക്കുവാൻ, 
അല്ലെങ്കിലും അവിടെന്തിന് ? 
അതിനാൽ ഞാൻ മരിച്ചാൽ
നീ അയാളെ  
പെട്ടന്നു തന്നെ വിളിക്കണം.. 

നാട്ടിലെ ഒറ്റ ഭാഷ 
സംസാരിക്കുന്ന കബറിനേക്കാൾ 
ഇവിടുത്തെ 
പലഭാഷകൾ സംസാരിക്കുന്ന 
കബറാണ് നല്ലത്.. 
കരയുമ്പോൾ മലയാളത്തിലായാൽ 
ആർക്കും മനസ്സിലാവില്ല..
പരിഭാഷകളില്ലാത്ത ഒറ്റക്കരച്ചിൽ
മലയാളിയായ് ഞാൻ മാത്രമേ 
കാണുവെന്നുറപ്പാണ്..

പെരുന്നാളുകൾക്ക്, 
മക്കളുടെ കല്യാണങ്ങൾക്ക്, 
ഇറാക്കിൽ, പാകിസ്ഥാനിൽ 
പൊട്ടിയ ബോംബുകളെ കുറിച്ച്, 
ജീവനെക്കുറിച്ച്, 
സദ്ദാമിനെ, ബഷറിനെ, സദറിനെ,
ഷാവേസിനെ, നെജാദിനെ, ഒബാമയെ...
സകല ജീവനേയും, ഞങ്ങൾ 
ഞങ്ങളുടെ ഫോസ്ഫറസ് വെളിച്ചത്തിൽ പറയും...
പേർഷ്യനിൽ, അറബിയിൽ, ഉറുദുവിൽ, 
ഹിന്ദിയിൽ, ബംഗാളിയിൽ, മലയാളത്തിൽ.. 

സത്യമായും ഞാനൊറ്റക്കാവില്ല.. 
പാകിസ്ഥാനിലേക്കുള്ള ഫ്ളൈറ്റ് നോക്കി 
കണ്ണടയ്ക്കാതെ മരിച്ച പച്ചയുണ്ട്, 
ആരുമറിയാതെ വാപ്പ അടക്കിയിട്ടു പോയ 
രണ്ടു വയസ്സുള്ള സിറിയക്കാരൻ സെയ്ദുണ്ട്..
സത്യമായും ഞാനൊറ്റയ്ക്കാവില്ല.. 

മക്കളെയോർത്ത് നീ പേടിക്കണ്ട..
മൂത്തവളെ എന്റെ പെങ്ങളെ ഏൽപ്പിക്കൂ, 
അവൾക്ക് രണ്ടാമ്പിള്ളാരല്ലെ, 
കെട്ടിക്കാൻ നേരം 
അളിയൻ മുഖം കറുത്താലും 
സ്നേഹിക്കുമെന്നുറപ്പാണ്, 
രണ്ടാമത്തവളെ നിന്റെ 
അനിയത്തിയെ ഏൽപ്പിക്കൂ, 
അവൾക്കും രണ്ടാമ്പിള്ളാരല്ലെ.. 
അവളെയും കൂടവർ നോക്കുമെന്നുറപ്പ് തന്നെ.. 

ഞാൻ മരിക്കുമെന്നുറപ്പായാൽ 
നീ എന്നെ മറക്കാൻ പഠിക്കൂ, 
മരിച്ചു കഴിഞ്ഞാൽ എന്നെ 
താഹിർ ഷഫീഖിനെ ഏൽപ്പിച്ചു 
പൂർണ്ണമായും മറക്കൂ..