ഭാവിയിലേക്ക് ഞാൻ കത്തുകളയക്കുന്നു,
ഭാവിയിലെ ചില നിമിഷങ്ങളിലൂടെ
ദിവസങ്ങളിലൂടെ യാത്ര ചെയ്തവ
നിന്നിലെത്തുന്നു,
വർത്തമാന കാലത്തു തന്നെ
നീയതു വായിക്കുന്നു.
അതിൽ നമ്മൾ കണ്ടു മുട്ടുന്നു,
പ്രണയിക്കുന്നു,
വിവാഹിതരാകുന്നു,
ചോറും കറികളും വെയ്ക്കുന്നു,
കുട്ടികളുണ്ടാകുന്നു,
അവരും വലുതാകുന്നു..
നമ്മൾ ചെറുതാകുന്നു.
നാൽപ്പത്തെട്ടു വയസ്സിനപ്പുറത്തെ
ജാതകമെഴുതാതെ
വെള്ളം കുടിക്കാൻ പോയ ജ്യോതിഷി
ഫ്രിഡ്ജിനരികിൽ ഹൃദയം പൊട്ടി മരിക്കുന്നു,
അൻപതു കഴിഞ്ഞാൽ നിന്നിടം നാടെന്നു
പറഞ്ഞ കാക്കാലൻ
കാറിടിച്ചു കണ്മുന്നിൽ മരിക്കുന്നു..
വർത്തമാന കാലത്തു നിന്നും
ഭാവിയിലേക്ക് ഞാനയച്ച
കത്തുകളിൽ നീ ഭൂതമറിയുന്നു
എവിടെയോ മറന്നുവെച്ച ജാതകം
തപ്പി നീ മുറികൾ അടിച്ചു വാരുന്നു.
ജാതകമൊരെഴുത്തായി വർത്തമാനമാകുന്നു
നമ്മൾ മധുരമുള്ള അക്ഷരങ്ങളാകുന്നു..
വർത്തമാന കാലത്തു നിന്നും
ഭാവിയിലേക്ക് നീയുമൊരു കത്തയക്കുന്നു.
നമ്മൾ വീണ്ടും ചെറുതാകുന്നു..