Trending Books

Monday, 22 August 2011

ലൈവ് ടെലികാസ്റ്റ്







വൃദ്ധസദനത്തില്‍ നിന്നും
മരിക്കുന്നതിനു വേണ്ടി മാത്രം
വീട്ടില്‍ കൊണ്ടുവന്നൊരപ്പന്റെ
പ്രി-മരണ - മരണ 
ടെലിക്കാസ്റ്റ് ലൈവ്..

ഇത്ര ചേർച്ചയുള്ളോരുടുപ്പ് 
മുന്‍പെപ്പോളാണിട്ടത്
ഓർമ്മയുണ്ടോ അപ്പാ..?
ഒരു മരുമകൾ മൊഴി..
ദേ നോക്കിയേ,
അപ്പനെ കാണുന്നുവോ ടി.വിയിൽ 
നമ്മളാണ് ആദ്യം 
ഈ ലൈവ് ഷോയിൽ
അപ്പാ, നമ്മളാണാദ്യം..
ഒരു പുത്ര സന്തോഷം..

പ്രാർത്ഥനക്കാരെ ടച്ചപ്പ് 
ചെയ്തൊരു മേയ്ക്കപ്‍മാൻ 
ഫീൽഡ് ക്ലിയർ ചെയ്തൊരു 
ക്യാമറാമാൻ
എന്ത് ഭാഗ്യം, എത്ര സുതാര്യം
അപ്പാ..അപ്പന്റെ അന്ത്യയാത്ര..

കേൾക്കുന്നുണ്ടോ..കേൾക്കുന്നുണ്ടോ..
എപ്പോഴാണ്..?
ഇപ്പോഴാണോ മരിച്ചത്..
എന്നൊരവതാരകയലർച്ചയിലേക്ക് 
ഒരു വിദേശ പുത്രീകരച്ചിൽ   
എം.പി.4 വീഡിയോ ഫോർമാറ്റിൽ 
ഡൌൺലോഡ് ചെയ്യപ്പെടുന്നുണ്ട്
പിൻ നിരയിൽ ആരുംകാണാതെ 
കരച്ചിലടക്കാന്‍ പാടുപെടുന്നൊരു-
കുപ്പി ഗ്ലിസറിനും..

എത്ര ചിലവേറിയാലും
ഇത്രയാഘോഷത്തോടെ..
മരണം ലൈവായിക്കണ്ട്
മരിക്കാന്‍ പറ്റിയല്ലോ 
അപ്പനെന്നൊരു സന്തോഷം 
പങ്കു വെച്ച് നിർത്താം
നമ്മുക്കീ ലൈവ് മരണം..
നന്ദി ചാനലേ..നന്ദി..