അരുത്, ഇട്ടു പോകരുത്
നിൻ തലയിലീ കീറത്തുണിയിനിമേൽ
സമത്വമാണഖിലം
ഒരേ നിറം
നിന്റെ ഉടുപ്പും പാവാടയും
എല്ലാം മറ്റുള്ളവരുടേതു പോല്‍
ഒരേ നിറം..
ഷൂസും സോക്സും ഒരേനിറം
ഒരേ ബ്രാന്റില്‍ ഞങ്ങള്‍ തരുന്നത്..
തരാത്തതൊന്നു തലയിലണിഞ്ഞു
സമത്വമില്ലാതാക്കരുതൊരിക്കലും
ഞങ്ങൾ മുതിർന്നവർ,ബുദ്ധിയുറച്ചവർ
ചൊല്ലിത്തരുന്നത് കേട്ടു കൊൾക..
കാട്ടിത്തരുന്നത് കണ്ടു കൊൾക
ഞങ്ങൾ, എത്ര സമത്വപ്പൊതികൾ നൽകിയോർ
വിതുരയിൽ, മധുരയിൽ
ഐസ്ക്രീം തണുപ്പിച്ച ചുവരുകൾക്കുള്ളിൽ
എത്ര സമത്വ പൊതികൾ വിളമ്പിയോർ
എത്രമീൽ ചൊല്ലിത്തന്നതാണ്..
അസമത്വമാണ് നിൻ തട്ടമെന്ന്
ഇനിയാര് കേൾക്കുവാൻ..
എങ്ങിനെ കേൾക്കുവാൻ
ഉടലും തലയും വേറ്തിരിച്ചറിയാതെ
ഒന്നായി നീ കരിഞ്ഞിരിക്കുന്നു
എങ്കിലും,
എങ്കിലും നിന്നോട് അസമത്വമോതി
തരി പോലും കരിയാതെ തട്ടമരികിൽ,
നിൻ തട്ടമരികിൽ
ഞങ്ങൾ മുതിർന്നവർ,ബുദ്ധിയുറച്ചവർ
ചൊല്ലിത്തരുന്നത് കേട്ടു കൊൾക..
കാട്ടിത്തരുന്നത് കണ്ടു കൊൾക...