Trending Books

Friday, 26 February 2010

നാം..

നാം നമ്മുടെ പേരുകളേക്കാൾ
സങ്കീർണ്ണമായവർ
അർത്ഥമില്ലാതെയൊക്കെയും ചെയ്-
തതിലെല്ലാം അർത്ഥം തേടുവോർ,

ആറൊഴുക്കിന്‍ അടിവയർ കലക്കി
മണൽ കോരി പുഴയെ തിന്നവർ
യൂക്കാലി വേരാൽ അതിർത്തി വര-
ച്ചതിൽ തൻ പേരെഴുതി വാങ്ങുന്നവർ

പച്ചയെ അടിവേരറത്ത് നിറം മാറ്റി 
താപത്തിന്‍ മാപിനി രസ-
മളവുയർത്തുവാൻ പാടുപെടുന്നവർ 
യന്ത്രത്തണുപ്പിൻ കുളിരിൽ ചുരുണ്ട് 
ചൂടിനെ പഴിക്കുന്നവർ 

നാം നമ്മുടെ പേരുകളേക്കാൾ
സങ്കീർണ്ണമായവർ
യുക്തിയില്ലാതൊക്കെയും ചെയ്-
തതിലെല്ലാം മുക്തി തേടുന്നവര്‍ 

അറുപതാണ്ടിൻ പരിചയം പിഴിഞ്ഞ
കുരുന്നു ജീവന്റെ കഥയിൽ രസിച്ച്
കഷ്ടം പറയുന്നവർ 
തരം കിട്ടിയാൽ തിരക്കിൽ 
ഒരു മുലയും വെറുതെ വിടാത്തവർ

എല്ലാ നിറവും ഒന്നെന്നു ചൊല്ലി
കൈകോർത്ത് വെളുക്കെ ചിരിച്ച്
സ്വവർണ്ണം വിവേചിച്ചു നല്‍കുവോർ 
നിറം നോക്കി തല്ലിച്ചതക്കുവോർ

എണ്ണ തേടി കടലിന്റെ മെയ്യിൽ
കോടികൾ കുഴിച്ചു മൂടുന്നവർ
കിട്ടിയ കക്കയും കണവയും അമൂല്യ-
മെന്നു പാടി പുകഴ്ത്തുന്നവർ 

ഒരു തുണ്ട് കയറിൽ തൂങ്ങി നില്‍ക്കുന്ന;
മുദ്രാവാക്യം വരളിച്ച തൊണ്ടയെ
കൊടി കുത്തി സ്വന്തമാക്കുന്നവർ 
പട്ടിണിക്കോലം പ്രദർശന വസ്തുവായ്‌ 
ചങ്ങല തീർത്തു വമ്പു കാട്ടുന്നവർ 
വിശപ്പേറ്റു ചാകുന്ന വയറിന്റെ രോദനം 
കേൾക്കാതെയുണ്ടു നിറയുന്നവർ

എല്ലാം വിധിയെന്ന് ചൊല്ലി 
പഴിച്ചു പിഴക്കുന്നവർ
സ്വയം സമാധാനിക്കുന്നവർ
നാം നമ്മുടെ പേരുകളേക്കാൾ
സങ്കീർണ്ണമായവർ..

Monday, 8 February 2010

ജാനിസ്..









ഓ! ജാനിസ്,
നമ്മുടെ മുറികൾ തമ്മിൽ
ഒരു ടെലിസ്കോപ്പിന്റെ അകലം

ഒറ്റയ്ക്ക് താമസിക്കും നിനക്ക്
എന്നും എത്രയാണഥിതികൾ ?
ഞാനെന്തെല്ലാം കാണണമെന്നും?
കണ്ണുകളടച്ചു നീ വിവസ്ത്രയാകുന്നു
അനന്തരം
അവനെയും നന്ഗ്നനാക്കുന്നു..
കെട്ടിപ്പിടിച്ച്, 
കിടക്കയിൽ,തറയിൽ
ചിലപ്പോൾ അടുക്കളയിൽ..
തലയുടെ പിന്നിൽ കൈകൾ പിണച്ച്
ചുണ്ടുകളിൽ അമർത്തിച്ചുംബിച്ച്..

ഛെ! എന്ത് വൃത്തികേടാണ് 
നീ കാണിക്കുന്നത്...

ഒന്നുമില്ലെങ്കിലും എത്രയോ
മാന്യന്മാരുടെ വാസസ്ഥലമാണിത്

ഓ!ജാനിസ്,
പകൽ നിന്നെ അറിയുന്ന 
ആരുമില്ലെങ്കിലെന്ത്?
അന്തിയാകുമ്പോൾ,
നീ അധികം സുന്ദരിയും
എല്ലാവർക്കും വേണ്ടപെട്ടവളും തന്നെ ..
* * *
എനിക്ക് ടെലിസ്കോപ്പില്ലെന്നും,
എന്റെ മുറിയില്‍ നിന്നും
നിന്നെ കാണില്ലെന്നും 
ആരറിയുന്നു..
എനിക്ക് നിഷേധിച്ച 
നിന്റെ സൌന്ദര്യം 
എന്നില്‍ നിറച്ച വിഷവും 
ആരറിയുന്നു...

അന്തികൂട്ടത്തില്‍ 
നുരഞ്ഞ ലഹരിയില്‍,
കൊച്ചമ്മ ക്ലബ്ബുകളിൽ
നിന്റെയീ കഥകൾ
വായുവിൽ നിറയും,
കണ്ണുകൾ തള്ളി,
ചുണ്ടിൽ നാവു തടവി 
"അവളല്ലേലും അങ്ങനെയാ"-
ണെന്നവർ സന്തോഷത്തോടെ പറയും

ഓ! ജാനിസ്,ഇത്-
ഒരു രാത്രിയുടെ അവഗണനയ്ക്ക്
നീ നൽകുന്ന വില..