Trending Books

Thursday, 24 September 2009

മടുപ്പ്‌

എനിക്ക് മടുത്തിരിക്കുന്നു..
എന്നെ തുറിച്ചു നോക്കുന്ന
ഈ ലോകത്ത് നിന്നും
ഞാനെന്നെ രക്ഷിക്കട്ടെ..
ഓർമ്മകൾ പേറുന്നതും
ഭാവി ചമയ്ക്കുന്നതുമായ
ഉള്ളറയിലേക്ക്,
എന്റെ മുറിയിലേക്ക്‌..

ഇവിടെ സത്യവും കള്ളവും
കല്ലുകളെ പോലെയാണ്,
ജനനവും രൂപമാറ്റവും
നമ്മളറിയുന്നില്ലല്ലോ,പക്ഷെ
സംഭവിച്ചു കൊണ്ടേയിരിക്കുന്നു

ഏറ്റവും കഠിനമായത് ഈ
അകന്നു കഴിയലാണ്,
ഈ മടുപ്പിനോടും
ഇപ്പോള്‍ വല്ലാത്ത മടുപ്പ്‌..
മെരുക്കാനാവാത്ത തീ നാളമേ,
നിന്നെ ഒരു തുള്ളി വെള്ളമിറ്റിച്ച്
പുകച്ചുരുളായ് അയക്കട്ടെ
അവസാനമെന്നത്
തുടക്കം മുതലേ കൂടുള്ളതല്ലോ..

Tuesday, 15 September 2009

ആലപ്പുഴയിലേക്ക് പോങ്ങുവിനോപ്പം

പശു ചത്തു, മോരിലെ പുളിയും പോയി എന്നുപറഞ്ഞപോലെ ചെറായി മീറ്റും കഴിഞ്ഞു വിവാദങ്ങളുമടങ്ങി. ഇനിയും മറ്റൊരു ചെറായി പോസ്റ്റോ എന്നാവും നിങ്ങളുടെ ചിന്ത. നേരത്തെ എഴുതിവച്ചതാണ്. എന്നാല്‍ പല പലകാരണങ്ങള്‍ കൊണ്ട് സമയത്ത് പോസ്റ്റാനായില്ല.


ചെറായിയില്‍ നിന്നും തിരിച്ചപ്പോള്‍ പോങ്ങുവും തോന്ന്യാസിയും കൂടെ കൂടി. തോന്ന്യനെ പറവൂറ് സ്റ്റാന്റില്‍ ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനാണെങ്കില്‍ തന്നെ എറണാകുളം സൌത്തില്‍ ഇറക്കിയേക്കൂവെന്ന് പൊങ്ങ്സും. ഒറ്റയ്ക്ക് പൊകാനുള്ള മടി കൊണ്ടാവും പൊങ്ങു തോന്ന്യനെ വിളിച്ചു

“എടാ നീ എന്റെ കൂടെ എറണാകുളം വരെ വാ,നമ്മുക്ക് മിണ്ടിയും പറഞ്ഞും പോകാം,അവിടുന്ന് നിനക്ക് ബസ്‌ കിട്ടുമല്ലോ.. “

തോന്ന്യന്‍ രൂക്ഷമായ്‌ പോങ്ങുനെ ഒന്ന് നോക്കി.

“എനിക്ക് സാമ്പത്തിക ലാഭം ഇവിടുന്നു പോകുന്നതാ പൊങ്ങേട്ടാ.. “

തോന്ന്യന്‍ ചാടി ഇറങ്ങി. സഹതാപത്തോടെ എന്നെയൊന്നു നോക്കി.

“അപ്പോള്‍ എല്ലാം പറഞ്ഞ പോലെ.. പിന്നെ കാണാം..ബായ്‌..“

ആ സഹതാപ നോട്ടത്തിന്റെ അര്‍ഥം എനിക്ക് മനസ്സിലായില്ലയെന്നു പറയട്ടെ. ഞാന്‍ പശ്ചാത്തപിക്കുന്നു.

“അതേ പൊങ്ങ്സേ, 'ല' പോയത് കൊണ്ട് വിഷമമുണ്ടോ? “ - ഞാന്‍ ചോദിച്ചു.

'ല'തിരിച്ചു വന്നല്ലോ ജുനൈദേ. ഇന്നലെ. 28 ആം പക്കം.“

“ഒരു ദിവസം“ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല. 28 ന്റെ അന്ന് തന്നെ വന്നു അല്ലേ“ ?!

''വന്നത് 'ല' തന്നെയല്ലേ?''
.......

“ഇതേതാ ജുനൈദെ സിഡി“.

“നമ്മുടെ ഈണം സിഡിയാ “

“നന്നായി.. അതിടണ്ട. വേറെയൊന്നുമില്ലെ?.. നല്ല തട്ട് പൊളിപ്പന്‍ പാട്ടുകള്‍..ഒരു മൂട് വരട്ടെ.. “

“പിന്നെന്താ കന്തസ്വാമിയിലെ പാട്ടുണ്ട്.. “

“എന്നാല്‍ പിന്നെ അത് മതി “

പാട്ട് തുടങ്ങി. അത് പോങ്ങുന്റെ മൊബൈലില്‍ നിന്നാണ്...

"എന്റെ പെണ്ണേ ഞങ്ങള്‍ ദേ ഇറങ്ങി, ഒരു സുഹൃത്തിന്റെ കാറില്‍.. അവനെന്നെ റയില്‍് വേ സ്റ്റേഷനില്‍് വിടും. ട്രെയിന്‍ അഞ്ചു മണിക്കല്ലേ..പിന്നെ ബൈക്ക് എടുത്തിട്ട് എങ്ങനെ ആയാലും പത്തര പതിനൊന്നാകുമ്പോള്‍ എത്തും.. എന്റെ മോളൂ നിന്നെ എത്രയും പെട്ടന്ന് കാണണമെന്നല്ലെ എന്റെയും ആഗ്രഹം. സത്യമായും ഒരു തുള്ളി കുടിച്ചിട്ടില്ല..നിന്റെ അമ്മയാണേ സത്യം"

“ആരോടാ പൊങ്ങ്സേ ഇത്ര പ്രണയത്തോടെ.."

“നമ്മുടെ വാമഭാഗമ ചേട്ടാ.."

“ അല്ല ചേട്ടാന്നോ,എന്നെയോ..പൊന്നു മച്ചാ 1977 അല്ലെ..ഞാനും ആ മേയ്ടാ.. ഈ എന്നെ ചേട്ടാന്നു വിളിച്ചാലൊന്നും പ്രായം കുറയത്തില്ല മോനെ.. അല്ല പൊങ്ങ്സേ എറണാകുളത്തു നിന്നും ട്രെയിന്‍ കേറി തിരുവനന്തപുരത്ത് എപ്പോള്‍ ചെല്ലാനാ ..ഒരു കാര്യം ചെയ്യ്‌ ഞങ്ങള്‍ ആലപ്പുഴ വഴിയാ.. അവിടുന്ന് ബസ്സില്‍ പോയാല്‍ മൂന്നു മണിക്കൂറു കൊണ്ട് തിരുവനന്തപുരത്തെത്തും. ഇപ്പോള്‍ നാലര,എങ്ങനായാലും അഞ്ചര ആകുമ്പോള്‍ നമ്മള്‍ ആലപ്പുഴയെത്തും. ആറു മണിക്ക് ബസ്‌ കിട്ടിയാലും ഒന്‍പതു കഴിയുമ്പോള്‍ തിരുവനന്തപുരം."

“അത് ശരിയാകത്തില്ല ജുനൈദെ,എന്റെ കൂടെ ധനേഷും വരാമെന്ന് പറഞ്ഞിട്ടുണ്ട്, അവന്‍ ആരെയോ കാണാന്‍ പോയിരിക്കുവാ,നേരെ സ്റ്റേഷനില്‍് ഏത്താമെന്നാ പറഞ്ഞത്.. “

“അത് ധനേഷിനെ വിളിച്ചു പറഞ്ഞാല്‍ പോരെ.. പ്രിയതമയെ നേരത്തെ കാണണമെങ്കില്‍ മതി.."

“അതല്ല ജുനൈദെ.. ‘

“എന്നതാ പോങ്ങൂസെ ഒരു ഉരുണ്ടു കളി വേറെയെന്തെങ്കിലും ചുറ്റിക്കളി പ്ലാന്‍ ചെയ്തിട്ടുണ്ടോ? അങ്ങനാണെങ്കില്‍ ഇപ്പോള്‍ ഇറങ്ങിക്കോ..ദേ സൌത്ത് ഇപ്പോള്‍ എത്തും.. “

പിന്നെയും പാട്ട്..പോങ്ങുവിന്റെ ഫോണ്‍

"പറയെടീ തങ്കക്കുടമേ.. സത്യമായും ഇന്നൊരു തുള്ളി തൊട്ടിട്ടില്ലാ.. നീയാണേ സത്യം.. ഇന്നലെ കുറച്ച്.. അതെയതെ കുറച്ച് ഓവര്‍.. പരിപാടി ഗംഭീരമാരുന്നു.. എല്ലാരും ഉണ്ടാരുന്നു.. രാവിലെയായിട്ടും തലയ്ക്കകത്തെ പിരുപിരുപ്പ് മാറിയിരുന്നില്ല. പരിചയപ്പെടുത്തി തുടങ്ങി.. എനിക്കറിയത്തില്ല മൈക്ക് പിടിച്ചു നിന്നതെ ഓര്‍മ്മയുള്ളൂ . വായില്‍ വന്നതെന്തോക്കെയോ പറഞ്ഞു.. അതിനുശേഷം ഒറ്റ പെണ്ണുങ്ങളെന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല... “

പോങ്ങു തലചെരിച്ചെന്നോട് ചോദിച്ചു

“ജുനൈദെ കുഴപ്പമായാരുന്നോ? പെണ്ണുങ്ങളൊന്നും വേണ്ടത്ര ശുഷ്കാന്തി കാണിക്കാത്തതെന്ത്? “

“ മച്ചാ ഒരു കുഴപ്പവുമില്ലാരുന്നു.. അല്ലെങ്കില്‍ തന്നെ പട്ടാപ്പകല്‍ ഒരുവിധപ്പെട്ട പെണ്ണുങ്ങളൊന്നും അത്ര ശുഷ്കാന്തിയൊന്നും കാണിക്കില്ലെന്നേ” ഞാന്‍ മറുപടി കൊടുത്തു സമാധാനിപ്പിച്ചു

“ദേ... ജുനൈദ് പറഞ്ഞു കുഴപ്പമില്ലാരുന്നെന്ന്.. എന്നാലും പറയാതെ വയ്യെന്റെ പാല്‍ക്കട്ടി..നിന്റെ ശുഷ്കാന്തിയാ..ശുഷ്കാന്തി. വാക്ക്. ഇനിമേല്‍ ശുഷ്കിച്ച കാന്തിയുള്ളവളുമാര്‍ പങ്കെടുക്കുന്ന ഒരു മീറ്റിനും പോങ്ങുവില്ല. എനിക്ക് നിന്റെ മീറ്റ് മതി..ച്ചെ.. ശുഷ്കാന്തി മതി. എന്താ? മനു ഉണ്ടായിരുന്നോന്നോ? നീ എന്തിനാ മനൂന്റെ കാര്യം മാത്രം ചോദിക്കുന്നത്? ഞാന്‍ പരദൂഷണം പറയില്ലെന്ന് നിനക്കറിയാമല്ലോ.. നീ കരുതുന്ന പോലൊന്നുമല്ലെടീ.. അയാള്‍ 52 വയസ്സുകഴിഞ്ഞ ഒരു കിളവനാ. ആ ഫോട്ടോയില്‍ കാണുന്ന പോലൊന്നുമല്ല മൊത്തം ഡൈയ്യാ... സത്യം..നിനക്കെന്നെ വിശ്വാസമില്ലേ..സത്യമായിട്ടും അയാള് റേഡിയോ 'മാങ്ങ'യില്‍ കിട്ടി തലേന്നേ പോയി''

പോങ്ങു തുടരുകയാണ്. ഞാന്‍ ചോദിച്ചു.

“മച്ചാ സൌത്തിലിറങ്ങുന്നൊ?അതോ ഞങ്ങടെ കൂടെ വരുന്നോ? ഇപ്പോള്‍ പറയണം.. “

പോങ്ങു പിന്നേം തുടരുകയാണ്. !!

“ എന്റെ കരിമ്പിന്‍ കഷണമേ നീ പിന്നെ വിളിക്കൂ... ഇല്ല. ഞാന്‍ ഓഫ് ചെയ്യില്ല.“

“ പൊങ്ങൂ സത്യം പറഞ്ഞോ അതാരാരുന്നു.. പെണ്ണുമ്പിള്ളയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.. “

“ എന്റെ ചന്ദനക്കുടമേ.. സോറി ജുനൈദേ, എന്നെ ആലപ്പുഴയില്‍ വിട്ടാല്‍ മതി പെട്ടെന്ന് വീട്ടിലെത്താമല്ലോ”

“ അതവിടെ നിക്കട്ടെ ഫോണിലാരായിരുന്നു? വല്ല ആരാധികയും മറ്റും? “

“ ആരാധിക തന്നെ. നമ്മുടെ മനുജിയുടെ ആരാധികയാണെന്നുമാത്രം. അയാളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചുവിളിച്ചു തുടങ്ങിയതാ..ഇപ്പോള്‍ ഇവിടെ വരെയെത്തി.”

“ എന്നിട്ടാണോ മനുഷ്യാ.. ആ പാവം മനുവിനിട്ട് പണി കൊടുത്തത്.. ആ നല്ല മനുഷ്യന്‍ എന്ത് പാപം ചെയ്തു.. “

“ഇതൊന്നും പാപമല്ല ജുനൈദെ, അങ്ങേരുടെ കഞ്ഞിയില്‍ ഞാന്‍ പൂഴി വിതറിയോ? പുള്ളിക്കാരന്റെ നിലനില്പിനെ ബാധിക്കുന്നവിധമൊരു നുണയും ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെ,അദ്ദേഹത്തിന്റെ ധാരാളം ആരാധികപ്പെണ്‍കൊടികളിലൊന്നിനെ ഞാന്‍ അടിച്ചു മാറ്റുന്നു. അത് തെറ്റല്ല.. എഴുതിയും മറ്റും എനിക്കാരാധികമാരെ ഉണ്ടാക്കാനാവുമോ? ഈ ജന്മത്തിലേതായാലും മനുജിയുടെ നമ്പര്‍ ഞാനവള്‍ക്ക് കൊടുക്കില്ല.“

"അപ്പോള്‍ ആലപ്പുഴയിലോട്ടു ചലോ അല്ലെ. എങ്കില്‍ ഒരു കാപ്പി കുടിച്ചിട്ടിനി പ്രയാണ്‍്സ്..."
ഞങ്ങള്‍ കാപ്പികുടിച്ചു.

"ഒരു മിനിറ്റ്‌..."

പൊങ്ങു കടക്കാരനോടെന്തോ ചോദിച്ചു..

കടക്കാരന്‍ 'S' കത്തി കണ്ട കൊല്ലനെ പോലെ ദേഷ്യത്തോടെ പൊങ്ങ്സിനെ നോക്കുന്നത് കണ്ടു,ദൈവമേ തല്ലു കിട്ടുമോ?

''പൊങ്ങ്സേ ഓടിപ്പോരെ''

ഞാന്‍ വിളിച്ചോണ്ട് പോരുന്നു..

''എന്നതാ മച്ചാ അയാളോട് ചോദിച്ചത്,അയാളിപ്പോള്‍ തല്ലി കൊന്നേനെയല്ലോ''..

''അതെ ജുനൈദെ, ഒരു കൂതറ സ്വഭാവം എനിക്കുണ്ട്''..

അപ്പോള്‍ ഇത്രയും നേരം കണ്ടതൊന്നുമല്ലാത്ത വേറെന്തു കൂതറ സ്വഭാവമാ മച്ചമ്പി..

''ആരോടും പറയാന്‍ കൊള്ളത്തില്ല.''

അപ്പോള്‍ അയാളോട് എന്തോ വൃത്തികേടാ ചോദിച്ചതല്ലേ..

''അല്ല ഒരു സാധനം,അത് ഈ സ്റ്റാന്‍്ടേര്‍്ട് കടയിലൊന്നും കിട്ടത്തില്ലായെന്നു ഞാന്‍ഓര്‍ക്കേണ്ടാതാരുന്നു..വാ നമ്മുക്ക് പോയേക്കാം.''

''അപ്പോള്‍ സാധനം?''

''അത് കിട്ടുന്ന കട കാണുമ്പോള്‍ ഞാന്‍ പറയാം''

ഓക്കേ പോയേക്കാം.

“ജുനൈദേ,താനൊരു പാട്ടിട്ടെ.. “

പാട്ട് തുടങ്ങി.. പൊങ്ങ്സ് ഒന്നും മിണ്ടുന്നില്ലാ.. വളരെ ഭക്തിയോടെ സിഡി പ്ലെയറും നോക്കി ഇരിക്കുന്നു.പിന്നെയും ഫോണ്‍ ബെല്‍. പൊങ്ങ്സ് ഫോണ്‍ കട്ട് ചെയ്തു!!

“ എന്നാ മച്ചാ ഫോണ്‍ എടുക്കാഞ്ഞത്.." - ഞാന്‍ ചോദിച്ചു.

“അല്ല പ്രാര്‍ത്ഥന കഴിയട്ടെ“

“പ്രാര്‍ത്ഥനയോ?!!!“

“അല്ല...അറബിയിലെന്തോ പറയുന്നു.. “

“എവിടെ?“

“എടാ ഉവ്വേ... ഈ കേക്കുന്നത്‌.. “

ഞാനും ശ്രദ്ധിച്ചു

‘മയില്‍സ്വാമി,കുയില്‍സ്വാമി,കൂ ഴെ,സുണ്ടലെ,വെര്‍ക്കടലെ,വത്തക്കറി,വടുമാങ്ങ,സുട്ടവാഴ,സുട്ടകഞ്ഞി,മക്കാചോളം,നീര്‍്മോര്,ബാറ്ററിതണ്ണി,ഇളനീര്‍,എരാതോക്ക്‌,ഉപ്പുകണ്ടം,പഴേസോര്‍,ഡിഗ്രികാപ്പി,ഇഞ്ചിമര്‍പ്പ,കടലമുട്ടായി,കമരുകട്ടെ,വെള്ളരിക്ക,എളന്തപ്പളം,കുച്ചിഐസ്,ഗോളിസോഡ,മുറുക്ക്‌,പഞ്ചിമുട്ടായി,കരുമ്പ്സാര്‍,മുളകാബജി,എള്ളുവടൈ,പോരിയുരുണ്ടൈ,ജിഗ്രിതണ്ട്,ജീരാത്തണ്ണി,ജഫ്മുട്ടായി,കീരവടൈ,കിര്ണ്ണിപ്പഴം,അവിച്ചുമുട്ടൈ,ഹാഫ്‌ബോയില്‍,പൊത്തപാപഴം,പള്ളിമുട്ടായ്‌,പുണ്ണാക്ക്.... ഇതെല്ലാം ഡ്യൂപ്പ്,പിസ്സാ താന്‍ ടോപ്‌.. ‘

“ഹ ഹ ഹ പൊന്നെ പൊങ്ങ്സേ ഇത് പ്രാര്‍ത്ഥനയൊന്നുമല്ല കന്തസ്വാമിയിലെ പാട്ടല്ലേ.. “

“ജുനൈദെ ശരിക്കും ഞാന്‍ കരുതി നിങ്ങടെ എന്തോ പ്രാര്‍ത്ഥനയാണെന്ന്.. ഞാന്‍ സ്വല്‍പ്പം ചമ്മി കേട്ടോ.. “

പൊടുന്നനെ പൊങ്ങു ഒരലര്‍ച്ച..

"അയ്യോ കട കഴിഞ്ഞു പോയ്‌"

"അടുത്ത കടയില്‍ നിര്‍ത്താം"

"നിര്‍ത്ത്‌,നിര്‍ത്ത്‌"

പൊങ്ങ്സ് ചാടിയിറങ്ങി..

അവിടെ കടപോലെന്തോ..

പക്ഷെ പോയതിനേക്കാള്‍ വേഗത്തില്‍ പൊങ്ങ്സ് തിരിച്ചെത്തി..

"എന്നതാ മച്ചാ കിട്ടിയില്ലേ കൂതറ സാധനം,എന്നതാ അതിന്റെ പേര്?"

"അത് ചൈ"£%^"

"എന്നത് ചൈനയോ?"

അതാ ഞാന്‍ പറഞ്ഞത് പുറത്തു പറയാന്‍ കൊള്ളത്തില്ലെന്നു...

എനിക്ക് മനസ്സിലായില്ല ഭായ്..

ചെവിയിങ്ങു താ "കൈന്‍%£$%^"

എനിക്കൊന്നും മനസ്സിലായില്ല

"എന്നതാ പൊങ്ങ്സേ കെന്യയോ?നിങ്ങള് ചുമ്മാ രാജ്യത്തിന്റെ പേര് പറഞ്ഞു കളിക്കാതെ കാര്യം പറ എന്നാലെ അടുത്ത കടയില്‍ നിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കൂ"

"ഇതുവരെ മനസ്സിലായില്ലേ ജുനൈദെ നിങ്ങള്ക്ക്,നാണമില്ലല്ലോ കേരളത്തില്‍ ജീവിക്കാന്‍,അതാണ് ചൈനീ കൈനീ ...അത് ചുമ്മാ ഇങ്ങനെ ചിറീടെ ഇടയിലൊക്കെ വെച്ച് തുളയിടുന്ന ഒരു സാധനം"

"ഓക്കേ അടുത്ത കടയിലുണ്ടോന്നു നോക്കാം"

(കോപ്പ് നോക്കും,ഇനി ആലപ്പുഴയിലെ സ്റ്റോപ്പുള്ളൂ)

* * *
പോങ്ങുവിന്റെ ഫോണ്‍ മണി പിന്നെയും... മുഖത്ത് കടുത്ത നീരസവും സ്വരത്തില്‍ മുടിഞ്ഞ പഞ്ചാരയും കലര്‍ത്തി പോങ്ങു പറഞ്ഞു -

"അതെ ഞാന്‍ സുഹൃത്തിന്റെ കൂടെ, ആലപ്പുഴ വരെ അവരുണ്ട്, അവിടുന്ന് ബസ്സിലങ്ങു വരാം,അതാകുമ്പോള്‍ പെട്ടന്നങ്ങ് എത്താമല്ലോ.. സത്യാടാ..നിന്നെ കാണാഞ്ഞിട്ടു മനസ്സമാധാനമില്ല.. എന്റെ പൊന്നെ..ഒരു തുള്ളി തൊട്ടിട്ടില്ല... വെക്കട്ടെ..ഇടയ്ക്കു ഞാന്‍ വിളിക്കാം..അതെ ഒന്‍പതരയോടെ എത്തും.. നീ പരിഭ്രമിക്കണ്ട..കമ്പനികള്‍ ആരുമില്ല..ഒറ്റയ്ക്ക്, ഒറ്റക്കാ വരുന്നത്..ശരി വെക്കട്ടെ.."

പോങ്ങു എന്നോടായി പറഞ്ഞു.

“ ശ്രീമതിയാ.. “

“മനസ്സിലായ്‌ പൊങ്ങ്സേ,മനസ്സിലായ്‌.. “

“അതെന്താ ജുനൈദെ.. ?!!! “

“അല്ല പെട്ടന്ന് ഫോണ്‍ വെച്ചപ്പോള്‍ മനസ്സിലായ്‌..“

“ ജുനൈദെ,എനിക്കാണെങ്കില്‍ ഈ സ്ത്രീ ജനങ്ങളോട് കമ്പനി അടിക്കാനൊക്കെ ഭയങ്കര ആഗ്രഹവും അവേശവുമൊക്കെയാ.. പക്ഷെ എന്താണോ,നമ്മളീ കുളപ്പുറത്ത് ഭീമന്‍ കണക്കെ ഇരിക്കുന്നതുകൊണ്ടാവും ഒറ്റയെണ്ണം പോലും യാതൊരു താല്പര്യവും കാണിക്കുന്നില്ല,ഇടയ്ക്കു എനിക്ക് ഭയങ്കര വൈക്ലബ്യവും ”

“അതെന്തിനാ ഭായ്,ചുമ്മാ മുട്ടണ്ടേ.. “

“ മുട്ടലിനൊന്നും കുറവില്ല. പക്ഷേ ഒരുത്തിയും തുറക്കുന്നില്ല. പിന്നെ കുറേ നുണകള്‍ അടിച്ചുവിട്ട് ഒന്നിനെ വളച്ചെടുത്തപ്പോള്‍ അതിന്റെ പിന്നാലെ ആ മാലോത്തുമുണ്ട്. നമ്മുടെ മുരളീകൃഷ്ണയേ.. ഫുള്‍ ടൈം അവന്‍ ഓര്‍ക്കൂട്ടില്‍ അവള്‍ക്കിട്ട് സ്ക്രാപ്പുന്നു. നമുക്ക് സഹിക്കുമോ? ഈ മീറ്റില്‍ അവന്‍ പങ്കെടുക്കുന്നുവെന്നറിഞ്ഞതുകൊണ്ടാണ് ഞാനും ഇവിടെ വരാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി അവനെകണ്ടപാടെ അവന്റെ കഴുത്തിനുപിടിച്ച് ഞാനങ്ങ് പരിചയപ്പെട്ടു. മാലോത്തിന്റെ തുറിച്ച കണ്ണുകളില്‍ നോക്കി അവളുടെ ഓര്‍ക്കൂട്ട് ഐ.ഡി അവന്റെ ചെവിയില്‍ ഞാന്‍ പറഞ്ഞു. കാര്യം മനസ്സിലായ അവന്‍ മേലില്‍ അവളെ പെങ്ങളായേ കാണുവെന്ന് പറഞ്ഞു. പാവം. വിരണ്ടുപോയി.”

വീണ്ടും പോങ്ങുവിന്റെ ഫോണ്‍ ചിലച്ചു. ആട്ടിന്‍ ചോര കണ്ട ചെന്നായെ പോലെ പോങ്ങു ഫോണ്‍ ചാടിയെടുത്തു..

“മോളേ പറഞ്ഞോളൂ / ഇല്ല കുഴപ്പമില്ല. /എന്താ ഇത്രയും നേരം ഫോണ്‍ ഓഫ്‌ ആരുന്നല്ലോ?/ ഓര്‍ക്കുട്ട് അക്കൗണ്ട്‌ കളയാന്‍ പോകുവാണെന്നോ?! / പാട്ടുപുരയ്ക്കലമ്മേ... കണവന്‍ പിടികൂടിയോ? !!! / അതെന്തിനാ? / ഭര്‍ത്താവ് പോവും വരെ ഈ നമ്പര്‍ ഓഫ് ആയിരിക്കുമെന്നോ? ഓര്‍ക്കൂട്ടും ഫോ‍ണുമില്ലാതെ എങ്ങനെ നമ്മുടെ പ്രണയം പുഷ്പിക്കും പെണ്ണേ?/ ആയിക്കൊട്ടെ / ഇപ്പോള്‍ പറ്റില്ല. അടുത്ത് സ്നേഹിതരുണ്ട് / മനുജി അല്ല. ഇത് ജുനൈദ്. നിനക്കറിയില്ല. / മാലോത്തോ?ആ.. അവനും ഉണ്ടായിരുന്നു. ഒരു പീക്കിരിപ്പയ്യന്‍. നമ്മള്‍ ഓര്‍ക്കൂട്ടില്‍ കാണുന്ന ഫോട്ടോ പോലെയൊന്നുമല്ല. നേരില്‍ കണ്ടാല്‍ ആറുബോറാ. ഉയരവുമില്ല. വണ്ണവുമില്ല. നിനക്ക് വിശ്വാസമില്ലേ ജുനൈദിനോട് ചോദിയ്ക്ക് .. അല്ലെങ്കില്‍ അത് വേണ്ട. സത്യത്തില്‍ രണ്ട് പയറുമണി ചേരുന്ന വലിപ്പമേ മാലോത്തിനുള്ളു. ഒരു പയറു മണിയുടെ പുറത്തു തല വെച്ചാല്‍ എങ്ങനിരിക്കും,അതാണവന്‍്.പോരാന്‍ നേരം അവനെന്നെ ഒന്നാശ്ലേഷിച്ചു. കുറ്റം പറയുകയല്ല. ഒരു ഗുമ്മും കിട്ടില്ല. അശ്ലേഷിച്ചൂന്ന തോന്നല്‍ പോലുമുണ്ടാവില്ല. ഒരുമാതിരി ഉണക്കച്ചോറ് വാരിയെടുത്തപോലെ ഒരു മൊരിമൊരിപ്പ്. പിന്നെ, ഒരു ഗുണമുള്ളത് അവന് അമ്മേം പെങ്ങളേം തിരിച്ചറിയാമെന്നുള്ളതാ... നിന്നെ സ്വന്തം സഹോദരിയെപ്പോലെയാ അവന്‍ കാണുന്നതെന്ന്. / സത്യം / ഇപ്പോള്‍ എന്റെ കൂടെ ജുനൈദ് ഉള്ളതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. നാളെ അവന്‍ ഇതുവല്ലതും പോസ്റ്റാക്കിയാലോ. വിശ്വസിക്കാന്‍ പറ്റില്ലേ. ശരി / ഇനി കണവന്‍ തിരിച്ചു പോയിട്ട് വിളിക്കൂ.. /


വൈകിട്ട് 5.45-ന് ആലപ്പുഴയില്‍ ഞാന്‍ പോങ്ങുവിനെ ഇറക്കി.

“ഇടയ്ക്കു ഫോണ്‍ ശല്യം കാരണം നമുക്ക്‌ ശരിക്കും സംസാരിക്കാന്‍ പറ്റിയില്ല,സാരമില്ല സമയം കിട്ടുമ്പോള്‍ തിരുവനന്തപുരത്തേക്ക് ഇറങ്ങണം.. “

“ശരിക്കെന്നല്ല , നമുക്ക് സംസാരിക്കാനേ അവസരം കിട്ടിയില്ലല്ലോ പൊങ്ങൂ . തീര്‍ച്ചയായിട്ടും അങ്ങോട്ട് വരാം പൊങ്ങ്സേ.. അവിടെ വച്ച് നമുക്ക് സംസാരിക്കാം. ചെന്നാലുടനെ വിളിക്കണം.. ഓക്കേ..“

“ ഓക്കെ”

"മച്ചാ ചൈനയും കെന്യയും ഒക്കെ സ്റ്റാന്റില്‍ കാണും,മറ്റു പലരും..
വൈക്ലബ്യം കുറച്ച് കയ്യിലിരുന്നോട്ടെ"

"അപ്പോള്‍ ശരി ജുനൈദെ വളരെ സന്തോഷം"

****************************** **************

ആറു മണിക്ക് ബസ്‌ കയറിയ ശ്രീ പൊങ്ങ്സിന്റെ, “ഇപ്പോള്‍ വീട്ടിലെത്തിയതെയുള്ളൂ ജുനൈദെ,സമയം ഇത്രയും വൈകിയ സ്ഥിതിക്ക്‌ നാളെ വിളിക്കാം,എന്നുള്ള മെസ്സേജ് എനിക്ക് കിട്ടിയത്‌ രാത്രി 12.30 നു..!!! “

സര്‍.പൊങ്ങ്സ്..ഒന്‍പതു മണിക്ക് അല്ലെങ്കില്‍ മാക്സിമം പത്തു മണിക്ക് എത്തേണ്ട താങ്കള്‍ ഇടക്കുള്ള രണ്ടര മണിക്കൂര്‍ എവിടെയായിരുന്നു? സത്യം പറയുന്നതാണ് താങ്കള്‍ക്കു നല്ലത്.. അല്ലെങ്കില്‍ കൂതറ തിരുമേനിയെ കൊണ്ട് തിരുത്തി എഴുതിക്കുന്നതാണ്.. ജാഗ്രതൈ..

പരിചയം

പൊടുന്നനെ നിന്റെ
മുഖവും,ഹൃദയവും
എനിക്ക് പ്രിയപ്പെട്ടതാവുന്നു,

നമ്മുക്ക് നഗരഗോപുരങ്ങളുടെ
മുകളിലൂടെ
സുരതാനന്ദത്തിൽ പറക്കാം
പ്രണയത്തിന്റെ നീർപ്പോളകൾ
പൊട്ടിച്ച് പാനം ചെയ്യാം

പിന്നീട് നിനക്കൊരു
ജീവിതം ബാക്കിയുണ്ടെങ്കിൽ
എന്നെ പരിചയപ്പെടാം.

Saturday, 5 September 2009

പ്രണയവർണ്ണങ്ങൾ

ഐസ്ക്രീമും,ചുരിദാറും
മാംഗല്യ തിരുവസ്ത്രവും 
'നീയില്ലാതാവില്ലെന്ന'വാക്കും
കണ്ണീരും ചേർത്തൊരു 
വെളുത്ത പ്രണയം 

തുണിയകലമില്ലാതെ-
ചേർന്നിരുന്ന്
ത്രസിച്ച ഞരമ്പുകൾ
കണ്ടു രസിച്ചൊരു 
നീല പ്രണയം.

കാമിച്ചു,കൈപിടിച്ച്
കരളരിഞ്ഞു,
വഞ്ചന ചാലിച്ച്
കറുപ്പിച്ച പ്രണയം

ഞരമ്പറുത്ത്,
ഒരു ബക്കറ്റ് വെള്ളം
നിറം മാറ്റിയ
ചുവന്ന പ്രണയം

കണ്ണുകൾ തിരുമിയടച്ച്‌ 
കുളുപ്പിച്ച്,
വെള്ളപുതപ്പിച്ചുറക്കിയ
വിളറി വെളുത്ത് മറ്റൊരു പ്രണയം

Friday, 4 September 2009

മറുപുറം

ബ്ലോത്രം ഓണപ്പതിപ്പില്‍ വന്നത്



ആളി കത്തുന്ന
തീയുടെ പുറകില്‍
ഒരു കാറ്റുണ്ട്;
ആര്‍ത്തിരമ്പുന്ന
തിരയുടെ പിന്നില്‍
ഒരു കടലും;
അലച്ചു പെയ്യും
മഴയ്ക്ക് പിന്നി-
ലൊരു മേഘം;

തലപൊക്കി നില്‍ക്കും
കുന്നിനോട്
കാറ്റ് തോല്‍ക്കുന്നു;
നെഞ്ചേറ്റി പുല്‍കുന്ന
കരയോട്
കടല് തോല്‍ക്കുന്നു;
കത്തുന്ന വെയിലില്‍
കണ്ണ് കാണാതെ
മേഘമകലുന്നു;

മൂന്നടിയളക്കുന്ന
കാലിന്നടിയില്‍
കുന്നു കരയാകുന്നു,
കര കടലാകുന്നു
കടലോ ആവിയും
കണ്ണീരുമാകുന്നു

വാമനാ,
മറുപുറത്തില്‍്
കര പതാളമാകും
കാലടിയിലെ
കര കടല്‍ കവരും
കടലില്‍
നീ മാത്രമാകും

Tuesday, 1 September 2009

പറഞ്ഞതും പറയാഞ്ഞതും

പറഞ്ഞത് 

ഇന്നലെ വരെ
ഓരോ ശ്വാസത്തിലും,
ഹൃദയതാളത്തിലും,
നാഡിമിടിപ്പിലും
നീ ഉണ്ടായിരുന്നു..

അതി ദുർഘടവും,
സുദീർഘവുമായ 
ഈ വരമ്പിൽ
മുന്നിൽ നിന്റെ കൈ
പിടിച്ചു നടന്ന ഞാൻ
നീ വഴി പിരിഞ്ഞതും 
കൈ മറിഞ്ഞതുമറിഞ്ഞില്ല 

വഴിയുടെ അവസാനം
കയ്യില്‍ ഒരു മരത്തണ്ട് 
മരവിച്ച ഹൃദയം
ഓർമ്മകൾ കത്തുന്ന മനസ്സ്...

പറയാഞ്ഞത്‌

അതി ദുർഘടവും,
സുദീർഘവുമായ 
ഈ വരമ്പിൽ
മുന്നിൽ നിന്റെ കൈ
പിടിച്ചു നടന്ന ഞാൻ
നിന്നെ വഴി പിരിച്ചതും 
വിറ്റു കുടിച്ചതും സത്യം

വഴിയുടെ അവസാനം
കയ്യിലൊരു കുത്ത് കാശ്‌
എല്ലാം മറക്കുന്ന മനസ്സ്...