Tuesday, 5 February 2013

വർത്തമാന കാലത്തു നിന്നും ഭാവിയിലേക്കയച്ച ചില കത്തുകൾ.




വർത്തമാന കാലത്തു നിന്നും 
ഭാവിയിലേക്ക് ഞാൻ കത്തുകളയക്കുന്നു, 
ഭാവിയിലെ ചില നിമിഷങ്ങളിലൂടെ 
ദിവസങ്ങളിലൂടെ യാത്ര ചെയ്തവ
നിന്നിലെത്തുന്നു, 
വർത്തമാന കാലത്തു തന്നെ 
നീയതു വായിക്കുന്നു. 
അതിൽ നമ്മൾ കണ്ടു മുട്ടുന്നു, 
പ്രണയിക്കുന്നു, 
വിവാഹിതരാകുന്നു, 
ചോറും കറികളും വെയ്ക്കുന്നു, 
കുട്ടികളുണ്ടാകുന്നു, 
അവരും വലുതാകുന്നു..
നമ്മൾ ചെറുതാകുന്നു. 

നാൽപ്പത്തെട്ടു വയസ്സിനപ്പുറത്തെ
ജാതകമെഴുതാതെ 
വെള്ളം കുടിക്കാൻ പോയ ജ്യോതിഷി 
ഫ്രിഡ്ജിനരികിൽ ഹൃദയം പൊട്ടി മരിക്കുന്നു, 
അൻപതു കഴിഞ്ഞാൽ നിന്നിടം നാടെന്നു 
പറഞ്ഞ കാക്കാലൻ 
കാറിടിച്ചു കണ്മുന്നിൽ മരിക്കുന്നു..
വർത്തമാന കാലത്തു നിന്നും
ഭാവിയിലേക്ക് ഞാനയച്ച 
കത്തുകളിൽ നീ ഭൂതമറിയുന്നു
എവിടെയോ മറന്നുവെച്ച ജാതകം 
തപ്പി നീ മുറികൾ അടിച്ചു വാരുന്നു.

ജാതകമൊരെഴുത്തായി വർത്തമാനമാകുന്നു 
നമ്മൾ മധുരമുള്ള അക്ഷരങ്ങളാകുന്നു..
വർത്തമാന കാലത്തു നിന്നും 
ഭാവിയിലേക്ക് നീയുമൊരു കത്തയക്കുന്നു.
നമ്മൾ വീണ്ടും ചെറുതാകുന്നു..

11 comments:

  1. രാവിലെ തന്നെ വന്നു കുടുങ്ങിയോ ഞാന്‍ :)
    ഏതാണ്ടൊക്കെ പിടി കിട്ടി . :)
    എന്‍റെ കവിതേ .. നീ എന്നേം കൊണ്ടേ പോകൂ :)
    എന്‍റെ പരിമിതി

    ReplyDelete
  2. ഞാനിനി വര്‍ത്തമാനത്തില്‍ നിന്നും ഭൂതകാലത്തിലേക്ക് ഒരു എഴുത്ത് അയക്കാം :) .
    കവിത നല്ല രസമുണ്ട് . അത് പകരുന്ന ചിന്തകള്‍ അതിനേക്കാള്‍ ഇഷ്ടമായി .

    ReplyDelete
  3. ഭാവിയിലേക്ക് അയക്കുന്ന പ്രതീക്ഷയുടെ കത്തുകള്‍ തന്നെ യാണ് ജീവിക്കാന്‍ ഉള്ള പ്രചോദനം

    ReplyDelete
  4. വസന്തത്തിൻ മണിച്ചെപ്പ് തുറക്കുന്നു
    വർത്തമാന കാലം....

    കവിത ഏറെ ഇഷ്ടമായി.

    ശുഭാശംസകൾ......

    ReplyDelete
  5. വര്‍ത്തമാനം പറയാന്‍ പോലും നേരമിലാത്ത്ത ഈ നേരത്ത് ഭാവിയിലേക്ക് കത്തെഴുതിയാല്‍ കുറെ കാലം കഴിയുമ്പോള്‍ ഭൂതകാല വര്ത്തമാനങ്ങലോര്‍ത്തു രസിക്കാം അല്ലെ!

    ReplyDelete
  6. വർത്തമാന കാലത്ത് നിന്നുകൊണ്ട്
    ഭൂത കാലത്തെ കുറിച്ച്
    ഭാവി കാലത്തേക്ക് ഞാൻ കത്തുകളയക്കുന്നു,
    അവര്‍ വളര്‍ന്നു
    നമ്മൾ വളയുന്നു ...


    ഞാന്‍ എപ്പോഴോ എഴുത്തും ഒരു കത്ത് .

    ReplyDelete
  7. ഈ ചിന്തകൾ തന്നെയാണ് കവിതയിലെ കവ്യാത്മകതയും
    ആശംസകൾ

    ReplyDelete

  8. "നമ്മൾ മധുരമുള്ള അക്ഷരങ്ങളാകുന്നു.. വർത്തമാന കാലത്തു നിന്നും ഭാവിയിലേക്ക് നീയുമൊരു കത്തയക്കുന്നു. നമ്മൾ വീണ്ടും ചെറുതാകുന്നു.."

    കവിത നന്നായിട്ടുണ്ട്..

    ReplyDelete
  9. ജാതകമൊരെഴുത്തായി വർത്തമാനമാകുന്നു
    നമ്മൾ മധുരമുള്ള അക്ഷരങ്ങളാകുന്നു..
    വർത്തമാന കാലത്തു നിന്നും
    ഭാവിയിലേക്ക് നീയുമൊരു കത്തയക്കുന്നു.
    നമ്മൾ വീണ്ടും ചെറുതാകുന്നു..

    ശേഷം..ചിന്ത്യം..!

    ReplyDelete
  10. എങ്ങിനെ ഒക്കെ എഴുതിയാലും എഴുതിയ ആള്‍ക്ക് മാത്രമേ സത്യം അറിയൂ അന്നതാണ് അവസ്ഥ.
    കവിത രസായി.

    ReplyDelete
  11. ഭൂതത്തിനൊരു കത്തയയ്ക്കൂ

    ReplyDelete

ajunaith@gmail.com