Trending Books

Tuesday 20 January 2015

നിന്റെ എഴുത്തുകൾ















ഏറ്റവും പ്രിയപ്പെട്ടവരെ ശ്മശാനത്തിലേ-
ക്കെടുക്കും മുൻപ് കൊടുക്കുന്നതുപോലെ,
അത്രമേൽ വേദനയോടെ അന്ത്യ ചുംബനങ്ങൾ നൽകി
നിന്റെയെഴുത്തുകളെ ഞാൻ കീറിക്കളയുന്നു, ചുട്ടെരിക്കുന്നു

അതിനു തൊട്ടുമുൻപായ്, അവസാനമായ്
അവയേയെല്ലാം ഒന്നുകൂടി വായിക്കുന്നു
നിന്നെ തൊട്ടതുപോലെ അക്ഷരങ്ങൾ, ഭാവങ്ങളുടെ
വേലിയേറ്റങ്ങളോടെ എന്നെ നോക്കുന്നു..
ഞാനവയോടൊപ്പം ഊരുചുറ്റുന്നു
ഒരുമിച്ച് സിനിമ കാണുന്നു, 
ചായ കുടിക്കുന്നു,
പാചകം ചെയ്യുന്നു, 
കെട്ടിപ്പിടിക്കുന്നു,
മഴ നനഞ്ഞ് നനഞ്ഞ് 
പുഴ നീന്തിക്കടക്കുന്നു,
നമ്മുക്ക് വായിക്കാനുള്ള പുസ്തകങ്ങളെഴുതുന്നു
ചിരിക്കുന്നു, 
കരയുന്നു, 
ദേഷ്യപ്പെടുന്നു
പോടീയെന്ന് തെറിയിൽ കുതിരുന്നു
എടിയേ, എടിയേയെന്ന് കാമിക്കുന്നു

നോക്കിനോക്കിയിരിക്കേ
അക്ഷരങ്ങളെല്ലാം രൂപം മാറുന്നു
പലപല ചിത്രങ്ങളായ്
ഞാനോ, നീയോയെന്നില്ലാതെ, നമ്മളെന്നില്ലാതെ
വരിതെറ്റാതെ പോകുന്ന ഉറുമ്പിൻ കൂട്ടമാകുന്നു
അഗ്നിശുദ്ധി വരിച്ച്
നരച്ച വാക്കുകളുടെ വാൽനക്ഷത്രങ്ങളായി
ഇമചിമ്മും മുന്നേ കാണാതാവുന്നു..