Wednesday, 25 March 2015

വളർച്ച

















അമ്മ മരിച്ച ഒരു കുഞ്ഞിനോട്
സെമിത്തേരിയിൽ നിന്നയൊരുവൻ
അമ്മയുടൻ തന്നെ വരുമെന്ന്
സ്നേഹത്തിൽ (?) കള്ളം പറയുന്നു

ഒറ്റയ്ക്ക് പോറ്റണമല്ലോയെന്ന്
വേവലാതിപ്പെടുന്ന അച്ഛനാവാം
ഇനി ഇവനേയും കൂട്ടണമല്ലോയെന്ന്
ഈർഷ്യപ്പെടുന്ന അമ്മാവനാവാം
ഇവനിനിയെങ്ങനെ വളരുമെന്ന്
സന്ദേഹിക്കുന്ന അയൽക്കാരനാവാം

അമ്പിളിമാമനെ നോക്കി മാമമുണ്ടിരുന്ന,
ഉമ്പാക്കി വരുമെന്ന് പേടിച്ചിരുന്ന കുഞ്ഞ്,
അമ്മ മരിച്ചതോടെ, പെട്ടന്ന് വളരുന്നു
ഒന്നിനേം പേടിയില്ലാതാവുന്നു

അച്ഛനും, അമ്മാവനും, അയൽക്കാരനും 
കാണാതെകാണാതെ പെട്ടന്ന് വളരുന്നു
ഒരുപാട് കള്ളങ്ങളുടെ 
കൈപിടിച്ച് പിന്നെയും വളരുന്നു

എങ്കിലും, അമ്മയുടനെ വരുമെന്ന
കള്ളം മാത്രം സത്യമായ് തോന്നുകിൽ,
ഇടയ്ക്കിടെ പഴയ കുഞ്ഞായി മാറുന്നു
സെമിത്തേരിയിൽ പോയിനോക്കുന്നു


6 comments:

  1. ആ കള്ളം പറച്ചിലോടെ അവര്‍ കൈകഴുകിയല്ലോ!
    ചിന്താര്‍ഹം!!
    ആശംസകള്‍

    ReplyDelete
  2. ജുനൈദ്, ടച്ചിംഗ്!

    ReplyDelete
  3. അമ്പിളിമാമനെ നോക്കി മാമമുണ്ടിരുന്ന,
    ഉമ്പാക്കി വരുമെന്ന് പേടിച്ചിരുന്ന കുഞ്ഞ്,
    അമ്മ മരിച്ചതോടെ, പെട്ടന്ന് വളരുന്നു
    ഒന്നിനേം പേടിയില്ലാതാവുന്നു...


    നല്ല അഴകുള്ള വരികളാൽ തനി പരമാർത്ഥങ്ങൾ വ്യക്തമാക്കുന്ന ഒരു കവിത

    ReplyDelete
  4. ഹൃദ്യം. നൊമ്പരദായകം.

    ReplyDelete

ajunaith@gmail.com