Trending Books

Tuesday 29 July 2014

കൊച്ചുചെറുക്കൻ















ചില മനുഷ്യരെക്കുറിച്ചുള്ള കവിതകൾ - 2

കൊച്ചുചെറുക്കൻ

കൊച്ചുചെറുക്കന് ഒരു കുഴപ്പമുണ്ട്
കക്കും
ചില കള്ളന്മാരെപ്പോലെ
കിട്ടിയതെല്ലാമൊന്നും കക്കില്ല

നാട്ടുകാർ അരുമയോടെ വളർത്തുന്ന
പ്രാവുകൾ
ലൌ ബേഡ്സുകൾ
അലങ്കാരക്കോഴികൾ
മുയലുകൾ
തത്തകൾ
മൈനകൾ
ഇവയെമാത്രം കക്കും

എത്രായിരം രൂപയുടെ മുതലാണെങ്കിലും
കൊച്ചുചെറുക്കനൊരു വിലയേയുള്ളൂ
അമ്പതു രൂപ, 
അമ്പതു രൂപയ്ക്കും കുടിക്കും

ഇങ്ങനെയുള്ളവയെ കാണാതായാൽ
അതു പറന്നു പോയതായാലും ശരി
പൂച്ച പിടിച്ചതായാലും ശരി
നാട്ടുകാരാദ്യം കൊച്ചുചെറുക്കനെ പിടിക്കും

താൻ മോഷ്ടിച്ചതല്ലെങ്കിലും താനാണെന്ന്
കൊച്ചുചെറുക്കൻ സമ്മതിക്കും
കാശില്ല ഇടിച്ചോളാൻ പറയും
നാട്ടുകാർ ഇടിക്കും, കൊച്ചുചെറുക്കൻ കൊള്ളും

എന്നും കൊച്ചുചെറുക്കൻ കക്കും
എന്നും അമ്പതു രൂപയ്ക്ക് വിക്കും
എന്നും അമ്പതു രൂപയ്ക്കും കുടിക്കും
എന്നും നാട്ടുകാര് ഇടിക്കും..

Saturday 19 July 2014

ഇന്റലക്ച്വൽ














എന്റെ കവിതകൾ
ശരിക്കും ഇന്റലക്ച്വൽ കവിതകളാണ്
സന്ധ്യാ പരമ്പര ചിന്തകളുള്ള 
നിനക്കൊക്കെ മനസ്സിലാക്കാനാണീ
പൈങ്കിളി ആവരണങ്ങൾ

ഉദാഹരണത്തിന് എന്റെ
കാണാതെപോയ രണ്ട് കവിതകളിലെ 
ഒന്നിനെ നോക്കാം

“ നിന്നെക്കുറിച്ചായിരുന്നു
പകർത്തിയെഴുതും മുന്നേ കാണാതായിരിക്കുന്നു
നിന്റെ കയ്യിലുണ്ടോ?
നീയല്ലാതെയാർക്കാണ് മറ്റാരും കാണാതെ
എന്റെ മനസ്സിലിങ്ങനെ കയറിയിറങ്ങാൻ പറ്റുന്നത്? “

നീ കരുതുന്ന നീയല്ലിതിൽ
ഈ പ്രകൃതിയുടെ നശിച്ചുകൊണ്ടിരിക്കുന്ന
ജീവത്തുടിപ്പുകളാണ് നീ
പകർത്തിയെഴുതും മുന്നേ കാണാതെപോയത്
നമ്മുക്ക് പുനരുജ്ജീവിപ്പിക്കാൻ കഴിയാതെ പോകുന്ന
പ്രകൃതിയുടെ അമൂല്യതയാണ്
നിന്റെ കയ്യിലുണ്ടോ, നിന്റെ കയ്യിലുണ്ടോയെന്നത്
കവിയുടെ വിലാപമാണ്
ഈ ലോകത്തോടും, സമാനമായ കോടാനുകോടി
അന്യഗ്രഹങ്ങളോടുമുള്ള വിലാപം

“അപ്പോൾ അവസാനത്തെ രണ്ട് വരികളോ?”

അതാണാദ്യം പറഞ്ഞത്,
നിന്നെപ്പോലുള്ള ലോല മനസ്സുകൾക്ക്
ചുമ്മാ എന്തെങ്കിലും മനസ്സിലാക്കാനുള്ള
കല്പിത വൃത്താന്തങ്ങളാണവ

ആക്ച്വലി എന്റെ കവിതകൾ
ഭയങ്കര ഇന്റലക്ച്വലാണ്.

Thursday 17 July 2014

അപ്പച്ചൻ














ചില മനുഷ്യരെക്കുറിച്ചുള്ള കവിതകൾ-1

അപ്പച്ചൻ 

അപ്പച്ചൻ 
പണക്കാരനാണ്
സത്യകൃസ്ത്യാനിയാണ്
അബ്‌കാരി മുതലാളിയാണ്

അപ്പച്ചന്റെ ഷാപ്പ് നടത്തിപ്പിൽ
ഒരു റിയൽ എസ്റ്റേറ്റ് കണ്ണുണ്ട്
മുറിച്ച് വിൽക്കുന്ന പറമ്പിൽ
പത്ത് സെന്റ് സ്ഥലം 
പറഞ്ഞതിലും ഇരട്ടി വിലയ്ക്ക് വാങ്ങും
കുറച്ച് നാൾ വെറുതെയിടും
പിന്നെ ഷാപ്പ് പണിയും
ഷാപ്പിന് ചുറ്റുമുള്ള സ്ഥലം
പറഞ്ഞതിലും പകുതിവിലയ്ക്ക്
അപ്പച്ചൻ തന്നെ വാങ്ങും

ഒത്തിരിപ്പേരുടെ മണ്ണ്
തിന്നത് കൊണ്ടാവും
അപ്പച്ചനെ മണ്ണിലോട്ടെടുത്തപ്പോൾ
ഒരു പിടി മണ്ണ് വാരിയിടാൻ
മക്കള് പോലുമില്ലായിരുന്നു

Sunday 13 July 2014

പ്രണയവ്യാകരണം








ഭൂതവും ഭാവിയുമില്ലാത്ത 
വർത്തമാനങ്ങളാണ്
പ്രണയമെന്നറിയുമ്പൊഴേക്കും
തമ്മിൽ കാണാത്ത, കേൾക്കാത്ത 
പരസ്പരമറിയാത്ത നാളുകളെത്തും

നീ പ്രണയങ്ങളെയോർത്ത് പശ്ചാത്തപിക്കുകയും
ഞാൻ വ്യാകുലപ്പെടുകയും ചെയ്യും

പിന്നീട് നാം നമ്മളെത്തന്നെ പ്രണയിക്കുകയും
നമ്മോട് തന്നെ കലഹിക്കുകയും ചെയ്യും


Wednesday 9 July 2014

എന്തുചെയ്യുകയാവും?













നീ എന്തുചെയ്യുകയാവും?
മുകളിലെ മുറിയിൽ 
പുസ്തകം വായിക്കുകയാവും
കുട്ടികളുമൊത്ത് കളിക്കുകയാവും
അവർക്ക് മാലയുണ്ടാക്കുകയോ
കഥ പറഞ്ഞുകൊടുക്കുകയോ
അവരുടെ തർക്കങ്ങൾക്ക് മുൻപിൽ
മുഖത്ത് ദേഷ്യം വരുത്തി
തലകുനിച്ച് ചിരിക്കുകയോ ആവാം

അതുമല്ലെങ്കിൽ മീൻ‍കറി വെയ്ക്കുകയോ
തുണിയലക്കുകയോ, വിരിക്കുകയോ
സീരിയൽ കാണുകയോ, കുളിക്കുകയോ
ജോലിക്ക് പോകാൻ ഒരുങ്ങുകയോ ആവും

ഞാനോ?
ഞാനെന്തുചെയ്യുകയാവും?
നീയെന്തു ചെയ്യുകയാവും എന്നോർത്ത് 
വെറുതെയിരിക്കുകയാവും...

അതോ ഞാനെന്ത് ചെയ്യുകയാവും
എന്നാലോചിച്ച് നീയും 
വെറുതെയിരിക്കുകയാണോ?

Friday 4 July 2014

ഉറ്റസുഹൃത്ത്














എന്റെ ഉറ്റ സുഹൃത്ത്
എന്നെപ്പോലെ തന്നെയാണ്
അതേ പൊക്കം, 
അതേ നിറം,
അതേ സംസാരം, 
അതേ പെരുമാറ്റം,
എന്റെയതേ കണ്ണട
അതേ പുള്ളികളുള്ള വെള്ളുത്തയുടുപ്പ്
വരകളുള്ള കറുത്ത പാന്റ്സ്
ഇടതുകഴുത്തിലെ മറുകുപോലും
എന്റെപോലെ തന്നെ
എന്തിന് പേരു പോലും അതുതന്നെ

Tuesday 1 July 2014

വേനലിലെ മഞ്ഞുമനുഷ്യൻ










എത്ര ചൂടാക്കിയാലും ഉരുകാത്തൊരു
തണുതണുത്ത മനസ്സിൽ നിന്ന്
ജീവിതമെന്നും, ഞാനെന്നും നീയെന്നും 
പേരുകളുള്ള മൂന്ന് കട്ട മഞ്ഞ് കടമെടുക്കണം

ജീവിതത്തേയും, എന്നെയും, നിന്നെയും
ചേർത്തുചേർത്തുവച്ച് മൂന്നുനിലകളുള്ള
വെളുവെളുത്ത മഞ്ഞുമനുഷ്യനെ ഉണ്ടാക്കണം
ചെറിപ്പഴങ്ങൾ കൊണ്ട് ചുവന്നകണ്ണുകൾ വേണം
കോപം കൊണ്ടോ, വ്യസനം കൊണ്ടോയെന്നാരുമറിയരുത്
കാരറ്റ് കൊണ്ടൊരു കൂർത്ത മൂക്ക് വേണം
നിന്റെയോ എന്റെയോയെന്ന് തിരിച്ചറിയരുത്
പ്രതീക്ഷയെന്ന് പേരിട്ടൊരു കറുത്ത-
ഷോൾ ചുറ്റി വേനലിലേക്കിറക്കിവിടണം

ജീവിതവും, ഞാനും, നീയും
ഉരുകിയുരുകി തീരുമ്പോൾ
കോപം കൊണ്ടോ, വ്യസനം കൊണ്ടോ
ചുവന്നു പോയതെന്നാരുമറിയാത്ത രണ്ട് കണ്ണുകൾ
നിന്റെയോ, എന്റെയോ എന്ന് 
തിരിച്ചറിയാത്തൊരു മൂക്ക്
കറുത്തുപോയ പ്രതീക്ഷകളുടെ
ഉരുകാത്തൊരു ഷോൾ 
ഇത്രയെങ്കിലും ബാക്കിയായാൽ
ആരുടേതെന്നറിയാതെ ആരെങ്കിലും
പ്രതീക്ഷയോടെ കൊണ്ടുപോകുമായിരിക്കും